കണ്ണൂരിൻ്റെ അങ്കത്തട്ടിലേക്ക് ഇവരും
കണ്ണൂർ- കോൺഗ്രസ് ടി.ഒ. മോഹനൻ
കണ്ണൂർ കോർപറേഷൻ മുൻ മേയർ. സ്കൂൾ കാലഘട്ടത്തിൽ കെഎസ്യുവിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.1988ൽ കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റായും പിന്നീട് സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. സംഘടനാ തെരഞ്ഞെടുപ്പിലൂടെ കെഎസ്യു ജില്ലാ പ്രസിഡന്റായി. കാലിക്കട്ട് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, സെനറ്റ് മെംബർ എന്നീ നിലകളിലും പ്രവർത്തിച്ചു. മട്ടന്നൂർ പഴശിരാജ എൻഎസ്എസ് കോളജ്, കണ്ണൂർ ശ്രീ നാരായണ കോളജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ്, കോഴിക്കോട് ഗവ. ലോ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. കണ്ണൂർ, തലശേരി കോടതികളിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. 2002 മുതൽ 2013 വരെ കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയായും 2013 മുതൽ കെപിസിസി അംഗമായും പ്രവർത്തിക്കുന്നു. കണ്ണൂർ നഗരസഭാ വൈസ് ചെയർമാനായിരുന്നു.
കണ്ണൂർ കോർപറേഷന്റെ ആദ്യ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് 2015-2020 കാലഘട്ടത്തിൽ പൊതുമരാമത്ത് കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. കണ്ണൂർ ജവഹർ ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ വർക്കിംഗ് ചെയർമാനായും, അഭയ നികേതൻ’ വൃദ്ധസദനത്തിന്റെ വൈസ് ചെയർമാനായും പ്രവർത്തിച്ചു. മട്ടന്നൂർ എച്ച്എസ്എസിലെ അധ്യാപിക വി.ആർ. പ്രീതയാണ് ഭാര്യ. മക്കൾ: അമൽ മോഹൻ (പൂനെ), അനഘ മോഹൻ (ഡിജിറ്റൽ ക്രീയേറ്റീവ് ഡയറക്ടർ, ബംഗളൂരു).
മട്ടന്നൂർ -കോൺഗ്രസ് ചന്ദ്രൻ തില്ലങ്കേരി (57)
കെപിസിസി ജനറൽ സെക്രട്ടറി. മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്ന് കെഎസ്യുവിലൂടെ രാഷ്ട്രീയ പ്രവേശം. മട്ടന്നൂർ പഴശിരാജ പിആർഎൻഎസ്എസ് കോളജിലും സംഘടനാരംഗത്ത് സജീവം. പതിനെട്ടാം വയസിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റായും പിന്നീട് സേവാദൾ തില്ലങ്കേരി മണ്ഡലം ചെയർമാനുമായി. കണ്ണൂർ എസ്എൻ കോളജ് കെഎസ്യു യൂണിറ്റ് പ്രസിഡന്റ്, കെഎസ്യു കണ്ണൂർ ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, കണ്ണൂർ ഡിസിസി സെക്രട്ടറി, ഡിസിസി വൈസ് പ്രസിഡന്റ്, കെപിസിസി സെക്രട്ടറി ചുമതലകൾ വഹിച്ചു. ഇപ്പോൾ ജനശ്രീ മിഷന്റെ കണ്ണൂർ ജില്ലാ ചെയർമാനും ഇരിട്ടി മഹാത്മ കോളജിന്റെ മാനേജരുമാണ്. രണ്ട് തവണ തില്ലങ്കേരി പഞ്ചായത്ത് മെംബറായിരുന്നു. 2006ൽ തളിപ്പറമ്പ് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു. ഉളിയിൽ പടിക്കച്ചാൽ സ്വദേശിയാണ്. ഭാര്യ: രശ്മി ജി. കുറുപ്പ് മട്ടന്നൂർ ബാങ്ക് ശാഖാ മാനേജർ. മക്കൾ: ചാന്ദിനി ചന്ദ്രൻ, ഗൗരി കൃഷ്ണ, ഗൗതം കൃഷ്ണ.
ധർമടം-ബിജെപി കെ. രഞ്ജിത്ത് (57)
ബിജെപി സംസ്ഥാന സെക്രട്ടറിയായ കെ. രഞ്ജിത്ത് പത്താം വയസിൽ ആർഎസ്എസ് ശിക്ഷകായാണ് പൊതുപ്രവർത്തനം ആരംഭിക്കുന്നത്. ബിരുദധാരിയാണ്. യുവമോർച്ചയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ബിജെപി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1992 ലെ അയോധ്യാ പ്രസ്ഥാനത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച് ജയിലിലായിരുന്നു. ശബരിമല ആചാരലംഘനത്തിനെതിരെ നടന്ന പ്രക്ഷോഭത്തിലും സജീവമായിരുന്നു. കണ്ണൂർ പള്ളിയാംമൂലയിലെ പരേതനായ ലക്ഷ്മണൻ- ഭാർഗവി ദന്പതികളുടെ മകനാണ്. ഭാര്യ: അഡ്വ. കെ. ഷീമ. മകൻ: ശിവരഞ്ജിത്ത്.
തലശേരി-ബിജെപി ഒ. നിധീഷ് (42)
ബിജെപി സംസ്ഥാന സമിതിയംഗമായ ഒ. നിധീഷ് ഇരിട്ടി വട്ട്യറ സ്വദേശിയും ബിഎ പൊളിറ്റിക്സ് ബിരുദധാരിയുമാണ്. എബിവിപി പ്രവർത്തകനായി സംഘടനാ പ്രവർത്തനമാരംഭിച്ച് കീഴ്ഘടകം ഭാരവാഹി മുതൽ ദേശീയ സെക്രട്ടറി വരെയായി പ്രവർത്തിച്ചു. കേരളത്തിലും മധ്യപ്രദേശിലും എബിവിപി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയായിരുന്നു. യുവമോർച്ച സംസ്ഥാന സഹപ്രഭാരി, ബിജെപി കോഴിക്കോട് നോർത്ത് ജില്ല പ്രഭാരി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ സമരപരിപാടികളുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞിട്ടുണ്ട്. നിലവിൽ “ഒരൊറ്റ രാജ്യം, ഒരൊറ്റ തെരഞ്ഞെടുപ്പ്’ എന്ന ദൗത്യത്തിന്റെ ദേശീയ സമിതിയംഗം, കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിന്റെ ഹിന്ദി ഉപദേശക സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. കെ. നരേന്ദ്രന്റെ മകനാണ്.
മട്ടന്നൂർ-ബിജെപി ബിജു ഏളക്കുഴി (47)
ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റായ ബിജു മട്ടന്നൂർ ഏളക്കുഴി സ്വദേശിയാണ്. ബി.എ. ബിരുദധാരിയാണ്. ചെറുപ്പം മുതലേ സംഘപരിവാർ സംഘടനയിൽ സജീവമാണ്. എട്ടാം വയസിൽ ഘടനായക് ചുമതലയും തുടർന്ന് വിസ്താരകനായും പ്രവർത്തിച്ചു. യുവമോർച്ച കണ്ണൂർ ജില്ലാ സെക്രട്ടറി, ജനറൽ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, ബിജെപി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. രാഷ്ട്രീയ എതിരാളികളുടെ അക്രമത്തിന് ഇരയായിട്ടുണ്ട്. വിവിധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. വി. ഗംഗാധരൻ-പദ്മിനി ദന്പതികളുടെ മകനാണ്. സയനയാണ് ഭാര്യ. സഹസ്പപാദ്, ശ്രീനിക എന്നിവർ മക്കളാണ്.
കല്യാശേരി-ബിജെപി എ.വി. സനിൽകുമാർ (47)
ബിജെപി കണ്ണൂർ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റാണ്. കോൺഗ്രസ് പ്രവർത്തകനായിട്ടായിരുന്നു പൊതുപ്രവർത്തനം ആരംഭിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. നടുവിൽ സ്വദേശിയാണ്. പി.ഒ.വി. പദ്മനാഭൻ-എം.വി. ശാന്ത ദന്പതികളുടെ മകനാണ്. ഭാര്യ: അഡ്വ. കെ. ബിന്ദു, മകൻ: ആഷിൻ സനിൽ കുമാർ.
തളിപ്പറന്പ്-ബിജെപി എൻ. ഹരിദാസ് (57)
ബിജെപി സംസ്ഥാന സമിതിയംഗവും തലശേരി തിരുവങ്ങാട് സ്വദേശിയും. 2005ൽ തദ്ദേശതെരഞ്ഞെടുപ്പിൽ തലശേരി മുനിസിപ്പൽ കൗൺസിലറായിരുന്നു. ബിഎ. ബിരുദധാരിയാണ്. യുവമോർച്ച തലശേരി മണ്ഡലം സെക്രട്ടറി, ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, വയനാട് ജില്ലാ പ്രഭാരി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തലശേരിയിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ചെങ്കിലും അപാകത മൂലം തള്ളിപ്പോയി. അച്യുതൻ നായർ-തങ്കമ്മ ദന്പതികളുട മകനാണ്. ഭാര്യ: വന്ദന. മകൾ: ശിഖ ഹരിദാസ്.
കൂത്തുപറന്പ്-ബിജെപി ഷിജിലാൽ (49)
കണ്ണൂർ സൗത്ത് ജില്ലാ ജനറൽ സെക്രട്ടറിയും പാനൂർ പുത്തൂർ സ്വദേശിയുമാണ്. തലശേരി ജില്ലാ കോടതിയിൽ 26 വർഷമായി പ്രാക്ടീസ് ചെയ്തുവരുന്നു. ബിജെപി പാനൂർ മണ്ഡലം പ്രസിഡന്റ്, അഭിഭാഷക പരിഷത്ത് സംസ്ഥാന സമിതിയംഗം, കൂത്തുപറമ്പ് നിയമസഭാ മണ്ഡലം പ്രസിഡന്റ്, ബിജെപി കണ്ണൂർ ജില്ലാ ലീഗൽ സെൽ കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. നിരവധി തവണ രാഷ്ട്രീയ എതിരാളികളുടെ അക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്. പി.ഗോപാലൻ-ഷൈലജ ദമ്പതികളുടെ മകനാണ്. അധ്യാപികയായ സീബയാണ് ഭാര്യ: മക്കൾ: മാനവ്, രഹൻ.
