യുദ്ധം ഫോണിനെയും ബാധിക്കും, ഇന്റർനെറ്റ് ഇല്ലാതെയാകും?

Share our post

ലോകത്തിന്റെ ഊർജ നാഡിയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതോടെ സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധിയിലാണ്. എന്നാൽ അതിനേക്കാൾ ഭയാനകമായ മറ്റൊരു ഭീഷണി കടലിനടിയിൽ പതിയിരിപ്പുണ്ട്. ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സമുദ്രത്തിനടിയിലെ ഇന്റർനെറ്റ് കേബിളുകൾ (Subsea Cables) യുദ്ധത്തിന്റെ അടുത്ത ലക്ഷ്യമായി മാറുമോ എന്നതാണ് ആഗോള തലത്തിൽ ഉയരുന്ന ആശങ്ക.

എന്തുകൊണ്ട് ഹോർമുസും ചെങ്കടലും നിർണ്ണായകം?

ലോകത്തെ ഇന്റർനെറ്റ് ഡാറ്റയുടെ 90 ശതമാനത്തിലധികം കൈമാറുന്നത് ഈ കടലിടുക്കുകളിലൂടെ കടന്നുപോകുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിലൂടെയാണ്.

ചെങ്കടൽ: ഇവിടെ മാത്രം 17 ഓളം പ്രധാന കേബിളുകളുണ്ട്. യൂറോപ്പിനെയും ഏഷ്യയെയും ആഫ്രിക്കയെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണിത്.

ഹോർമുസ് കടലിടുക്ക്: ഗൾഫ് മേഖലയിലെ വൻകിട ഡാറ്റാ സെന്ററുകളെയും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന AAE-1, FALCON തുടങ്ങിയ കേബിളുകൾ ഇതിലൂടെയാണ് കടന്നുപോകുന്നത്.

ഇന്ത്യയെ എങ്ങനെ ബാധിക്കും?

ടാറ്റാ-TGN ഗൾഫ് പോലുള്ള കേബിളുകൾ ഇന്ത്യയുടെ വിദേശ ഡാറ്റാ വിനിമയത്തിൽ നിർണായകമാണ്. ഇറാൻ ഈ മേഖലയിൽ മൈനുകൾ വിതറിയിരിക്കുന്നതിനാൽ കേബിളുകൾക്ക് തകരാർ സംഭവിച്ചാൽ അവ അറ്റകുറ്റപ്പണി നടത്താൻ കപ്പലുകൾക്ക് എത്താനാവില്ല. കേബിൾ മുറിക്കപ്പെടുകയോ മൈൻ സ്ഫോടനത്തിൽ തകരുകയോ ചെയ്താൽ ഇന്ത്യയിലെ ബാങ്കിങ്, ഐടി മേഖലകൾ നിശ്ചലമാകും.

ആമസോണും ഗൂഗിളും പ്രതിസന്ധിയിൽ

യുഎഇയിലും സൗദി അറേബ്യയിലും ഗൂഗിളും മൈക്രോസോഫ്റ്റും ആമസോണും കോടിക്കണക്കിന് ഡോളർ മുടക്കി ഡാറ്റാ സെന്ററുകൾ നിർമ്മിച്ചിട്ടുണ്ട്. ഈ മേഖലയെ ആഗോള എഐ ഹബ്ബാക്കി മാറ്റാനായിരുന്നു ലക്ഷ്യം. എന്നാൽ യുദ്ധം മൂർച്ഛിക്കുകയും ഇന്റർനെറ്റ് കേബിളുകൾ ലക്ഷ്യം വെക്കപ്പെടുകയും ചെയ്താൽ ഈ നിക്ഷേപങ്ങളെല്ലാം ജലരേഖയാകും.

യുദ്ധം രണ്ടാം ഘട്ടത്തിലേക്ക്

ഇറാന്റെ എണ്ണപ്പാടങ്ങൾ ഇസ്രയേൽ ലക്ഷ്യം വെക്കുമ്പോൾ, തിരിച്ചടിയായി ലോകത്തിന്റെ ഡിജിറ്റൽ ആശയവിനിമയം തകർക്കാൻ ഇറാൻ മുതിർന്നേക്കാമെന്ന നിരീക്ഷകർ കരുതുന്നു. ഹോർമുസ് കടലിടുക്കിലെ ആഴം കുറഞ്ഞ ഭാഗങ്ങളിലൂടെയാണ് കേബിളുകൾ കടന്നുപോകുന്നത് എന്നതിനാൽ ഇത് തകർക്കുക എളുപ്പമാണ്.

മുൻപ് ഹൂതികൾ നടത്തിയ ആക്രമണത്തിൽ ചെങ്കടലിലെ കേബിളുകൾ തകർന്നപ്പോൾ മാസങ്ങളോളമാണ് ഇന്റർനെറ്റ് വേഗത കുറഞ്ഞത്. ഇപ്പോൾ രണ്ട് പ്രധാന പാതകളും ഒരേസമയം അടയ്ക്കപ്പെട്ടാൽ അത് ആഗോളതലത്തിൽ ‘ഡിജിറ്റൽ ബ്ലാക്ക്ഔട്ടിന്’ കാരണമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!