വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി; അപ്പീൽ തള്ളി ഹൈക്കോടതി
കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തെ അയോഗ്യതയില്‍ വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. അപ്പീല്‍ അടിയന്തരമായി പരിഗണിക്കണം എന്ന വെള്ളാപ്പള്ളിയുടെ ആവശ്യം ഹൈക്കോടതി തള്ളി. അപ്പീല്‍ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിലപാട്. സ്ഥാനത്തുനിന്ന് നീക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു വെള്ളാപ്പള്ളി നടേശൻ അപ്പീല്‍ നല്‍കിയത്.
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നീക്കിയിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തുഷാര്‍ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ എം എന്‍ സ്വാമിയെയും ഹൈക്കോടതി നീക്കിയിരുന്നു. ജസ്റ്റിസ് ടി ആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്എന്‍ഡിപി യോഗം തുടര്‍ച്ചയായി മൂന്ന് വര്‍ഷം റെജിസ്ട്രര്‍ ഓഫ് കമ്പനിക്ക് തങ്ങളുടെ കണക്കുകള്‍ ഹാജരാക്കിയില്ല. ഇങ്ങനെ നല്‍കിയില്ലെങ്കില്‍ അയോഗ്യതയ്ക്ക് കാരണമാകും. ഇത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വെള്ളാപ്പള്ളിയെ സ്ഥാനത്തുനിന്ന് നീക്കാന്‍ ഉത്തരവിട്ടത്.
അന്തരിച്ച പ്രൊഫസര്‍ എം കെ സാനു മാഷാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനയാണ് എസ്എന്‍ഡിപി യോഗം. 2006ന് ശേഷം സംഘടന ഓഡിറ്റ് കണക്കുകള്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടില്ലെന്നും അതിനാല്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് തുടരാന്‍ അര്‍ഹതയില്ല എന്നുമായിരുന്നു ഹര്‍ജി. സുഗമമായ ഭരണത്തിനായി അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നു.
