മൂന്നുതവണ എം.എൽഎയായി, നാലാമത് ഭാര്യയെയാക്കണം, യോജിക്കാനാവില്ല; എം.വി. ഗോവിന്ദനെതിരെ ടി.കെ. ഗോവിന്ദൻ

Share our post

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പാർട്ടി സെക്രട്ടറിയും ശ്യാമളയുടെ ഭർത്താവുമായ എം.വി. ഗോവിന്ദനെ രൂക്ഷമായി വിമർശിച്ച് ടി.കെ. ഗോവിന്ദൻ. മൂന്നുതവണ എംഎൽഎ ആയിരുന്നിട്ട് നാലാമത്തെ തവണ ആ കസേരയിലേക്ക് ഭാര്യയെ പിടിച്ചിരുത്തുന്ന നയത്തോട് തനിക്ക് യോജിക്കാനാവില്ലെന്ന് യോഗത്തിൽ പങ്കെടുക്കവേ എം.വി. ഗോവിന്ദനോട് തന്നെ താൻ നേരിട്ടു പറഞ്ഞിരുന്നെന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. രണ്ട് ടേം ആയാൽ പിന്നെ മത്സരിക്കാൻ പാടില്ലെന്നാണ് പാർട്ടി നയം. മൂന്ന് ടേം എംഎൽഎ ആയിട്ട് നാലാം ടേം എന്റെ ഭാര്യക്ക് കൊടുക്കണം. അതിന്റെ അർഥമെന്താണ്, നാലാമതും താൻ ആയിരിക്കണം. പക്ഷേ ഇപ്പോൾ സെക്രട്ടറി ആയതിനാൽ അത് നടക്കില്ല എന്നതുകൊണ്ട് ഭാര്യയെ അവിടെ എംഎൽഎ ആക്കാൻ ശ്രമം നടക്കുന്നു. താൻ അതിനെ എതിർത്തു- എം.വി. ഗോവിന്ദനെ ഉന്നമിട്ട് ടി.കെ. ഗോവിന്ദൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ അതിരൂക്ഷ വിമർശനമാണ് ടി.കെ. ഗോവിന്ദൻ ഉന്നയിച്ചത്.

വാർത്താസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങൾ.

പാർട്ടിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ചില പ്രവണതകൾ ഇപ്പോൾ കാണുകയാണ്. അതിനെ ശക്തമായി എതിർത്തിട്ടുണ്ട്. ചില കാര്യങ്ങളിൽ ശക്തമായി വിമർശനം നടത്തിയിട്ടുണ്ട്. അതിന്റെ ദോഷവുമുണ്ടായിട്ടുണ്ട്. ദോഷവും ഗുണവുമൊന്നും നോക്കിയിട്ടല്ല ചെയ്യുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയം വന്നപ്പോൾ, പാർട്ടിയുടെ ഒരു സംഘടനാരീതിക്കും നിരക്കാത്ത ഒരു മൊറാലിറ്റിക്കും ചേരാത്ത തീരുമാനമാണ് വന്നത്.

സംഘടനാരീതി പ്രകാരം സ്ഥാനാർഥി ലിസ്റ്റ് ആദ്യം ചർച്ച ചെയ്യുന്നത് ജില്ലാ സെക്രട്ടേറിയറ്റാണ്. കണ്ണൂരിൽ ഒരു സ്ത്രീയെ മത്സരിപ്പിക്കണം, അത് തളിപ്പറമ്പിലായിരിക്കണം, അത് പി.കെ. ശ്യാമള ആയിരിക്കണം- ഇത് ജില്ലാ സെക്രട്ടറി വെച്ച നിർദേശമാണ്. പയ്യന്നൂരിലെത്തിയപ്പോൾ അവിടെ മത്സരിക്കേണ്ടത് മധുസൂദനനായിരിക്കണം എന്നും നിർദേശം വെച്ചു. ഈ രണ്ട് നിർദേശത്തോടും കടുത്ത എതിർപ്പ് സെക്രട്ടേറിയറ്റിന് അകത്തുവന്നു. മധുസൂദനൻ മോശക്കാരൻ ആയതുകൊണ്ടല്ല. അദ്ദേഹത്തെക്കുറിച്ച് ധാരാളം ആരോപണം ഉയരുകയും പാർട്ടി അത് അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷിച്ച സമയത്ത് അതിൽ എന്തെങ്കിലും കാതലുണ്ടെന്ന് പാർട്ടി കണ്ടെത്തിയിട്ടില്ല. പക്ഷേ ആരോപണം ഉന്നയിച്ച കുഞ്ഞികൃഷ്ണൻ പറയുന്നു, പാർട്ടിയുടെ കണ്ടെത്തൽ ശരിയല്ലെന്ന്. ഈ തർക്കം പൊതുവേ നോക്കിയാൽ പയ്യന്നൂരിലെ പാർട്ടിയിലും ആളുകൾക്കിടയിലും കുഞ്ഞികൃഷ്ണൻ പറയുന്ന കണക്കിലാണ് വിശ്വാസം. പാർട്ടിവെച്ച കണക്കിലല്ല. ആ ബോധ്യക്കുറവ് ജനങ്ങളിലും പാർട്ടിയിലുമുണ്ട്. ഈ സാഹചര്യത്തിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ജനങ്ങളെ പൂർണമായും വിശ്വസിപ്പിക്കാൻ പറ്റാത്ത ഒരാൾ സ്ഥാനാർഥിയാക്കുന്നത് ശരിയല്ലെന്ന അഭിപ്രായം ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്നുവന്നു.

തളിപ്പറമ്പിലെ സ്ഥാനാർഥിത്വത്തെക്കുറിച്ചും എതിർപ്പുയർന്നു. സ്ത്രീയെ മത്സരിപ്പിക്കണമെന്ന് തീരുമാനിച്ചല്ലോ. എന്നാൽ എന്തുകൊണ്ട് സുകന്യ ആയിക്കൂടാ?. സുകന്യ ആവട്ടേ എന്ന അഭിപ്രായവും ഉയർന്നു. തന്റെ നിലപാട് താനും പറഞ്ഞു. അഭിപ്രായം അതേപടി മേൽകമ്മിറ്റിയിൽ അറിയിക്കാമെന്നും വെവ്വേറെ രേഖപ്പെടുത്തേണ്ടതില്ലെന്ന് എംവി ജയരാജൻ പറഞ്ഞു. ഒരാളെ സ്ഥാനാർഥിയാക്കി കൊണ്ടുവരാൻ എത്രമാത്രം ആസൂത്രിതമായാണ് ശ്രമിച്ചിട്ടുള്ളത് എന്ന് ഇതിന് പിന്നിലെ മുഴുവൻ കഥയും പറയുമ്പോൾ മനസ്സിലാകും. തളിപ്പറമ്പ് മണ്ഡലത്തിൽ പികെ ശ്യാമളയുടെ പേര് മാത്രമാണ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പോയത്. ഒരു പേരുമാത്രം എത്തിയതോടെ അത് അംഗീകരിക്കപ്പെട്ടു. അത് തിരിച്ച് ജില്ലാ സെക്രട്ടേറിയറ്റിൽവന്നു. പിന്നീട് ജില്ലാ കമ്മിറ്റിയിൽ വന്നു. തളിപ്പറമ്പ് മണ്ഡലത്തിന്റെ ചുമതല പി. ജയരാജനെയും എം.വി. ജയരാജനെയും തന്നെയും ചുമതലക്കാരാക്കി. ചുമതലക്കാരെ തടഞ്ഞ് വഴി നടക്കാൻ സാധിക്കില്ല അതുകൊണ്ട് തന്റെ ആവശ്യമില്ലെന്ന് പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം തിരഞ്ഞെടുപ്പ് ചുമതല താൻ വഹിച്ചിരുന്നു. എം.വി. ഗോവിന്ദൻ ആ യോഗത്തിലുണ്ടായിരുന്നു. ഈ നയത്തോട് തനിക്ക് യോജിപ്പില്ലെന്ന് അദ്ദേഹത്തോട് തന്നെ പറഞ്ഞു.

മൂന്നുതവണ എംഎൽഎ ആയിരുന്നിട്ട് നാലാമത്തെ തവണ ആ കസേരയിലേക്ക് ഭാര്യയെ പിടിച്ചിരുത്തുന്ന നയത്തോട് തനിക്ക് യോജിപ്പില്ലെന്ന് എം.വി. ഗോവിന്ദനോട് പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിക്കാൻ തനിക്ക് സാധിക്കില്ലെന്നും പറഞ്ഞു. രണ്ട് ടേം ആയാൽ മത്സരം പാടില്ലെന്നാണ് പാർട്ടി നയം. മൂന്ന് ടേം എംഎൽഎ ആയിട്ട് നാലാം ടേം എന്റെ ഭാര്യക്ക് കൊടുക്കണം. അതിന്റെ അർഥമെന്താണ്, നാലാമതും താൻ ആയിരിക്കണം. പക്ഷേ ഇപ്പോൾ സെക്രട്ടറി ആയതിനാൽ അത് നടക്കില്ല എന്നതുകൊണ്ട് ഭാര്യയെ അവിടെ എംഎൽഎ ആക്കാൻ ശ്രമം നടക്കുന്നു. അതിനെ എതിർത്തു.

തളിപ്പറമ്പ് സ്ഥാനാർഥിത്വത്തിൽ ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. താൻ ആയിരുന്നു അധ്യക്ഷൻ. മണ്ഡലം കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തപ്പോൾ മൂന്നുപേരൊഴികെ മുഴുവൻപേരും വിമർശനം ഉന്നയിച്ചു. ഇന്നുവരെ ഇത്രയും രൂക്ഷ വിമർശനം നേതാക്കളെ ഇരുത്തിയുണ്ടായിട്ടില്ല. അവസാനം ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം കേട്ടെങ്കിലും സ്ഥാനാർഥി മാറേണ്ടതായിരുന്നു. അങ്ങനെ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. കാരണം അപകടമാണ്. തളിപ്പറമ്പ് തോൽക്കുകയാണ്. അതൊന്നും അംഗീകരിച്ചില്ല. എന്നാൽ ഒരു പുനഃപരിശോധനയും ഉണ്ടായില്ല. അതോടെ ഇനി ഈ പാർട്ടിയിൽ നിൽക്കാൻ തനിക്ക് സാധിക്കില്ല എന്ന് പറഞ്ഞു. പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞെന്ന്, ടി.കെ. ഗോവിന്ദൻ പറഞ്ഞു.

രാഷ്ട്രീയത്തിലേക്ക് വന്നതിനെ കുറിച്ച് വിശദമായി പറഞ്ഞുകൊണ്ടായിരുന്നു ടി.കെ. ഗോവിന്ദന്റെ വാർത്താസമ്മേളനം ആരംഭിച്ചത്. താൻ അറുപതുവർഷമായി പാർട്ടി പ്രവർത്തനം തുടങ്ങിയിട്ട്. പലർക്കും തോന്നുന്നുണ്ടാവും താൻ ഇങ്ങനൊരു നിലപാട് സ്വീകരിക്കുമോ എന്ന്. കെഎസ്എഫിൽനിന്നാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. പികെ ശ്രീമതിക്കുമൊക്കെ ഒപ്പം ഒരേ കമ്മിറ്റിയിൽ പ്രവർത്തിച്ചതാണ്. പിന്നീട് അധ്യാപകനായി. 25-ാം വയസ്സിൽ കെഎസൈ്വഎഫിന്റെ തളിപ്പറമ്പ് താലൂക്ക് സെക്രട്ടറിയായി. രാഷ്ട്രീയപ്രവർത്തനം നടത്താൻ ആരും മുതിരാത്ത അടിയന്തരാവസ്ഥാകാലത്താണ് കെഎസ് വൈഎഫ് നേതൃത്വത്തിലെത്തിയത്. പിന്നീട് തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയിൽ എംവി ഗോവിന്ദനൊപ്പം അംഗമായി. ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റി രൂപവത്കരിച്ചപ്പോൾ അതിന്റെ സെക്രട്ടറിയായി. വീട്ടിൽനിന്ന് 8-9 കിലോമീറ്റർ നടന്നാണ് ശ്രീകണ്ഠാപുരത്ത് എത്തിയിരുന്നത്. പിൽക്കാലത്ത് പാർട്ടി ശക്തിപ്പെട്ടു. അധ്യാപകജോലിയിൽ തിരിച്ചുകയറിയപ്പോൾ വേറെ ആളുകൾ ഏരിയാ സെക്രട്ടറിമാരായി. പിന്നീട് വീണ്ടും ഏരിയാ കമ്മിറ്റി സെക്രട്ടറിയായി. 20 കൊല്ലം ഏരിയാ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. മയ്യിൽ ഏരിയാകമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു. 25 കൊല്ലം ഏരിയാ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!