പലരീതിയിൽ ശ്രമിച്ചിട്ടും ചെലവു പിടിവിട്ടുപോകുന്ന അവസ്ഥ; പൊറോട്ടയും പൊരിച്ച കോഴിയും തൽക്കാലം ഔട്ട്
കണ്ണൂർ∙ 2150 രൂപയ്ക്കു ലഭിച്ചിരുന്ന സ്വകാര്യ ഏജൻസികളുടെ 21 കിലോഗ്രാം പാചകവാതക സിലിണ്ടർ 3650 രൂപയാക്കിയതോടെ ഹോട്ടലുകൾ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നോർത്ത് ആവിയിൽ പൊള്ളുകയാണ് ഉടമകൾ. പാചക വാതക പ്രതിസന്ധിയിൽ അടച്ചുപൂട്ടൽ ഒഴിവാക്കാൻ പലരീതിയിൽ ശ്രമിച്ചിട്ടും ചെലവു പിടിവിട്ടുപോകുന്ന അവസ്ഥയിലാണ് എല്ലാവരും. ഇരട്ടിയിലേറെ വില കൊടുത്ത് പാചകവാതകം വാങ്ങി എങ്ങനെ ചൂടുചായയും കടിയുമൊക്കെ കൊടുക്കുമെന്നാണ് ഉമടകൾ ചോദിക്കുന്നത്.
ഊണു നൽകുന്ന ഭൂരിഭാഗം ഹോട്ടലുകളും താൽക്കാലികമായി വിറകടുപ്പിലേക്കു മാറി. പലയിടത്തും താൽക്കാലികമായി വിറകടുപ്പ് നിർമിച്ചാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ചോറും കറിയും ബിരിയാണിയുമെല്ലാം വിറക് അടുപ്പിൽ ഉണ്ടാക്കാമെങ്കിലും പൊറോട്ട ഉണ്ടാക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ താൽക്കാലികമായി പല ഹോട്ടൽ മെനുവിൽനിന്നും പൊറോട്ട പുറത്തായി. അതുപോലെ ഫ്രൈഡ് ചിക്കൻ പോലെയുള്ളവയും താൽക്കാലികമായി നിർത്തിവച്ചതായി ഉടമകൾ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും ഹോട്ടൽ ഉടമകളുടെ ആധി വർധിപ്പിച്ചിട്ടുണ്ട്. ബംഗാളിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഹോട്ടൽ ജോലിക്കാരായ ബംഗാളികൾ വോട്ടുചെയ്യാൻ നാട്ടിലേക്കു പോകാൻ സാധ്യതയേറെയാണ്. പാചകവാതക ക്ഷാമം തീരുമ്പോഴേക്കും ജീവനക്കാർ ഉണ്ടാകില്ലേയെന്നാണ് ഉടമകളുടെ പേടി. ജില്ലയിലെ ഹോട്ടലുകളിൽ 75 ശതമാനവും ബംഗാളിത്തൊഴിലാളികളാണ്. ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികളുടെ യോഗമുണ്ട്. പാചകവാതകം ലഭ്യമാക്കാൻ സർക്കാർ ഇടപെടൽ നടത്തണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.
