വേനലിൽ പഴശ്ശി വരളുന്നു

Share our post

ഇരിട്ടി : സംസ്ഥാനത്ത് ചൂട് ഏറ്റവും കൂടുതലുള്ള ജില്ലയായി കണ്ണൂർ മാറിയതിന്റെ നേർക്കാഴ്ചയാണ് പഴശ്ശി ജലസംഭരണി. ഒരോ ദിവസവും സംഭരണിയിലെ വെള്ളം മൂന്നും നാലും സെന്റിമീറ്റർ എന്ന തോതിലാണ് വറ്റുന്നത്. ഒരുമാസത്തിനിടയിൽ സംഭരണിയിൽനിന്ന്‌ രണ്ടരമീറ്റർ വെള്ളമാണ് കുറഞ്ഞത്. ജലനിരപ്പ് ക്രമാതീതമായി കുറയാൻ തുടങ്ങിയതോടെ പഴശ്ശി കനാൽ വഴിയുള്ള ജലവിതരണവും നിലച്ചു.

ഫെബ്രുവരി ആദ്യവാരം 26.52 മീറ്റർ സംഭരണശേഷിയുണ്ടായിരുന്ന പഴശ്ശിയിൽ ഇപ്പോൾ 24.04 മീറ്റർ വെള്ളമാണ് ഉള്ളത്. ഒരുമാസത്തിനിടയിൽ രണ്ടരമീറ്റർ വെള്ളമാണ് കുറഞ്ഞത്. തുലാമഴ ഗണ്യമായി കുറയുകയും വേനൽമഴ പ്രതീക്ഷിച്ചതുപോലെ ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് പദ്ധതിയിലേക്കുള്ള നീരൊഴുക്കിൽ വൻ കുറവുണ്ടായിരിക്കുന്നത്. തുലാവർഷം കുറഞ്ഞാലും മുൻ കാലങ്ങളിൽ വേനൽമഴ പദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളിൽ പല സമയങ്ങളിലായി ലഭിക്കാറുണ്ടായിരുന്നു. ഇക്കുറി കുടക് ജില്ലയിൽ മഴകുറഞ്ഞതും പഴശ്ശിക്ക് തിരിച്ചടിയായി. ബ്രഹ്മഗിരി വന്യജീവിസങ്കേത്തതിനുള്ളിലെ പല നീരുറവകളും വറ്റിയതോടെ ബാരാപോൾ പുഴയിലേക്കുള്ള നീരൊഴുക്കിൽ വലിയ കുറവുണ്ടായി. ആറളം, കൊട്ടിയൂർ വന്യജീവിസങ്കേതങ്ങളുടെ ഭാഗമായി വരുന്ന ബാവലി പുഴയിലും നീരൊഴുക്കിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്.

വനത്തിൽ നിന്നും ഉദ്‌ഭവിക്കുന്ന, കക്കുവ, ചീങ്കണി പുഴകളിൽ ഒഴുക്ക് പൂർണമായും നിലച്ചു. മലയോര മേഖലയിൽനിന്ന്‌ ബാവലി, ബാരാപോൾ പുഴകളിലേക്ക് എത്തുന്ന ചെറുനീരുറവകളും വറ്റി. കുടിവെളള വിതരണത്തിനുള്ള പമ്പിങ് സ്റ്റേഷനുകളുടെ സുഗമമായ പ്രവർത്തനത്തിന് 18 മീറ്ററിലധികം വെള്ളം സംഭരണയിൽ ഉണ്ടായിരിക്കണം. പഴശ്ശിയിൽ ആറ് മീറ്ററിലധികം വെള്ളം താഴുന്ന സാഹചര്യം ഉണ്ടായാൽ ജില്ല വലിയ കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങും. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളിലായി വെള്ളത്തിന്റെ അളവിൽ വലിയ തോതിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്. ജില്ലയിലെ മൂന്നിൽ രണ്ട് പ്രദേശങ്ങളിലും കുടിവെള്ളം എത്തുന്നത് പഴശ്ശി പദ്ധതിയിൽനിന്നാണ്. ഇപ്പോൾ കുടിവെള്ളത്തിനുള്ള പമ്പിങ് സ്റ്റേഷനുകളിൽ ആവശ്യത്തിൽ കൂടുതൽ വെള്ളം ഉണ്ടെങ്കിലും ഏപ്രിൽ അവസാനംവരെ ഇതേ ചൂടും വരൾച്ചയും തുടർന്നാൽ കുടിവെള്ള വിതരണത്തേയും ബാധിക്കും.

50-ൽ അധികം ദശലക്ഷം ലിറ്റർ വെള്ളമാണ് പഴശ്ശി പദ്ധതിയിൽനിന്ന്‌ ദിനംപ്രതി കുടിവെള്ളത്തിനായി പമ്പ് ചെയ്യുന്നത്. ഒരു കോർപ്പറേഷൻ, ഏഴ് നഗരസഭ, 36 പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ കുടിവെള്ളം എത്തിക്കുന്നത് പഴശ്ശിയിൽ നിന്നാണ്. ഇതിനായി ആറ് വലിയ കുടിവെള്ള പദ്ധതികളാണ് പ്രവർത്തിക്കുന്നത്. കൂടാതെ മറ്റ് അഞ്ചോളം ചെറുകിട പദ്ധതികളും പദ്ധതിയിൽ പ്രവർത്തിക്കുന്നുണ്ട്. 250 ദശലക്ഷം ലിറ്റർ കുടിവെള്ളത്തിനായി ദിനംപ്രതി പദ്ധതിയിൽനിന്നും പമ്പ് ചെയ്യുന്നതും ക്രമാതീതമായി സംഭരണ ശേഷിയിൽ കുറവുണ്ടാക്കുന്നു. പദ്ധതിയിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് ഇപ്പോൾ നീരുറവകളായി പദ്ധതിയിലേക്ക് എത്തുന്നുള്ളു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!