ഏപ്രിൽ – ഒൻപതിന് വോട്ടെടുപ്പ്, വോട്ടെണ്ണൽ മേയ് നാലിന്‌; കേരളം തിരഞ്ഞെടുപ്പിലേക്ക്‌

Share our post

ന്യൂഡൽഹി: കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രിൽ ഒൻപതാം തീയതി നടക്കും. മേയ് നാലിനാണ് വോട്ടെണ്ണൽ. മാർച്ച് 16-ന് ഗസറ്റ് വിജ്ഞാപനം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23-ാം തീയതിയാണ്. നാമനിർദേശപത്രികകളുടെ സൂക്ഷമപരിശോധന മാർച്ച് 24-ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാനതീയതി മാർച്ച് 26 ആണ്. കേരളത്തിൽ പ്രചാരണത്തിന് ഇനി 24 ദിവസം മാത്രമാണ് മുന്നിലുള്ളത്.

തിരഞ്ഞെടുപ്പിനായി സംസ്ഥാനത്തുടനീളം 30,471 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. വോട്ടർമാരുടെ കണക്കുകൾ പരിശോധിക്കുമ്പോൾ 1.38 കോടി സ്ത്രീ വോട്ടർമാരും 1.82 പുരുഷ വോട്ടർമാരും പട്ടികയിലുണ്ട്. ഇത്തവണ 4.24 ലക്ഷം കന്നി വോട്ടർമാരാണ് ആദ്യമായി സമ്മതിദാനാവകാശം വിനിയോഗിക്കാൻ ഒരുങ്ങുന്നത്. വോട്ടിങ് മെഷീനുകളിൽ ഇക്കുറി വോട്ടർമാർക്ക് സ്ഥാനാർഥികളെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി സ്ഥാനാർഥികളുടെ കളർ ഫോട്ടോ മെഷീനിൽ പതിപ്പിക്കുന്നതാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ  അറിയിച്ചു.

എട്ടു ദിവസത്തിനകം പത്രി സമർപ്പിക്കണമെന്നത് രാഷ്ട്രീയ കക്ഷികൾക്കു മുന്നിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കേരളം കൂടാതെ തമിഴ്നാട്, പശ്ചിമബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനം തുടരുകയാണ്‌. 

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കമ്മിഷൻ സന്ദർശനം നടത്തിയെന്നും മുന്നൊരുക്കങ്ങൾ വിലയിരുത്തിയെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു.

സന്ദർശനവേളയിൽ എല്ലാ രാഷ്ട്രീയപാർട്ടികളുമായും കൂടിക്കാഴ്ച നടത്തുകയും അവരുടെ നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. ജില്ലാ ഇലക്ടറൽ ഓഫീസർമാർ, എസ്പിമാർ, ഐജിമാർ, ഡിഐജിമാർ തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!