കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണം മോഷണം പോയി
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച. രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് മോഷണം പോയെന്നാണ് പരാതി. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി ആണ് പേരൂർക്കട പൊലീസിൽ പരാതി നൽകിയത്.
ഗൗരി ലക്ഷ്മി ഭായിയുടെ കൈവശമുണ്ടായിരുന്ന അമൂല്യമായ രത്നങ്ങൾ പതിച്ച സ്വർണാഭരണങ്ങളാണ് മോഷണം പോയതെന്നാണ് വിവരം. പാരമ്പര്യമായി കൈമാറി വന്നതും അത്യപൂർവ്വവുമായ നിരവധി ആഭരണങ്ങളാണ് നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നത്. പത്മനാഭ സ്വാമിയുടെ ചിത്രം കൊത്തിയ ആഭരണങ്ങളും വിദേശത്തുനിന്ന് കൊണ്ടുവന്ന ആഭരണങ്ങളും മോഷണം പോയവയിലുണ്ട്.
പവിഴവും സ്വർണ്ണമുത്തും ഇടകലർന്ന സ്വർണ്ണ ചെയിൻ – അര പവൻ, പിച്ചിപ്പുമൊട്ട് ഡിസൈനിലുള്ള സ്വർണ്ണ പാദസരം – 3 പവൻ, കറുത്ത മുത്തും സ്വർണ്ണ മുത്തും ഇടകലർന്ന പാദസരം – 2 പവൻ, വീതിയുള്ള ഇല ഡിസൈൻ 2 വളകൾ – 4 പവൻ ഇവയാണ് മോഷണം പോയ ആഭരണങ്ങളിലുള്ളത്.
