കേരളത്തിൽ ആദ്യം, മരണാനന്തര അവയവദാതാക്കൾക്കായി സ്മാരകം വരുന്നു
കൊച്ചി: മരണാനന്തര അവയവദാനത്തിന് പുതിയ മാനങ്ങൾ നൽകി കേരളത്തിലെ അവയവ ദാതാക്കളെ ആദരിക്കുന്നതിനായി കൊച്ചിയിൽ സ്മാരകം വരുന്നു. വേവ് ഓഫ് ലൈഫ്’ എന്ന് പേരിട്ടിരിക്കുന്ന സ്മാരകം കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ), ഹാർട്ട് കെയർ ഫൗണ്ടേഷൻ, ജി.സി.ഡി.എ. എന്നിവയുടെ നേതൃത്വത്തിലാണ് ഒരുക്കുന്നത്. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് സ്മാരകം ഉയരുന്നത്. തിങ്കളാഴ്ച ഒരുമണിക്ക് നടക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാജോർജ് സ്മാരകത്തിന് തറക്കല്ലിടും.
സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ അവയവം ദാനംചെയ്തവരുടെ സ്മരണയ്ക്കായി നിർമിക്കുന്ന ഈ സ്മാരകം, കേരളത്തിലെ ആദ്യത്തേതും രാജ്യത്തെ രണ്ടാമത്തേതുമാണ്. ഇതുവരെ മൃതസഞ്ജീവനി പദ്ധതി വഴി അവയവദാനം നടത്തിയ എല്ലാവരുടെയും പേരുകൾ സ്മാരകത്തിൽ രേഖപ്പെടുത്തും.
അവയവമാറ്റത്തിലൂടെ രണ്ടാം ജന്മം ലഭിച്ചവരുടെ ജീവിതകഥകൾ, അവയവദാനത്തെക്കുറിച്ചും അവയവമാറ്റ ശസ്ത്രക്രിയകളെക്കുറിച്ചുമുള്ള ശാസ്ത്രീയ വിവരങ്ങൾ, അവയവദാനത്തിനുള്ള സമ്മതപത്രം നൽകാനുള്ള സംവിധാനങ്ങൾ എന്നിവയെല്ലാം ഈ സ്മാരകത്തിലുണ്ടാകും.
കൂടുതൽ ആളുകളെ അവയവദാനത്തിന് പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്മാരകം നിർമിക്കുന്നതെന്ന് ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.
