പ്രവാസികേരളീയര്‍ക്ക് ഇനി ഒരു കോടി രൂപയുടെ സമഗ്ര ആരോഗ്യ – അപകട ഇന്‍ഷുറന്‍സ്

Share our post

തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്ക് ഇനി ഒരു കോടി രൂപയുടെ സമഗ്ര ആരോഗ്യ – അപകട ഇന്‍ഷുറന്‍സ്. നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എന്‍റോള്‍മെന്റിനും പരിഷ്കരിച്ച നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിക്കും കഴിഞ്ഞ ദിവസം തുടക്കമായി. അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സുമടക്കം ഒരു കോടി രൂപ വരെ ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണിത്.
5 ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, ഒരു കോടി എന്നിങ്ങനെയുളള 07 വിവിധ സ്ലാബുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകുന്നതാണ് നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതി. 18 മുതല്‍ 70 വയസ്സുവരെയുളള സാധുവായ നോര്‍ക്ക പ്രവാസി ഐഡിയോ, സ്റ്റുഡന്റ് ഐഡിയോ, എന്‍ആര്‍കെ ഐഡിയോ ഉളള പ്രവാസികേരളീയര്‍ക്കാണ് എന്‍റോള്‍ ചെയ്യാനാകുക.  കൂടുതല്‍ സ്ലാബുകള്‍ ഉള്‍പ്പെടുത്തി നോര്‍ക്ക കെയര്‍ വിപുലീകരിക്കണമെന്ന പ്രവാസി സമൂഹത്തിന്‍റെ ആവശ്യപ്രകാരമാണ് നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതി ആരംഭിച്ചത്. നോര്‍ക്ക കെയര്‍ നിലവില്‍ വന്ന് നാല് മാസങ്ങള്‍ക്കകം പതിനായിരത്തോളം പോളിസി ഉടമകള്‍ക്കായി ഇതുവരെ 88 കോടി രൂപയിലധികം രൂപയാണ് ക്ലെയിമിനത്തില്‍ നല്‍കാനായത്. ലോകത്ത് പ്രവാസിസമൂഹത്തിനായുളള ഏറ്റവും വലിയ സാമൂഹിക സുരക്ഷാ പദ്ധതിയാണ് നോര്‍ക്ക കെയറെന്ന് ചടങ്ങില്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ച നോര്‍ക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അഭിപ്രായപ്പെട്ടു.

10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള പോളിസികളില്‍ പോളിസിഉടമയുടെ ഭാര്യയുടെയോ ഭർത്താവിന്റെയോ 80 വയസ്സുവരെയുളള മാതാപിതാക്കളേയും ഉള്‍പ്പെടുത്താനാകും. നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റ് സന്ദര്‍ശിച്ചോ (www.norkaroots.kerala.gov.in) നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ (ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍) വഴിയോ 2026 ഏപ്രില്‍ 12 വരെ എന്‍റോള്‍ ചെയ്യാവുന്നതാണ്. ഈ കാലയളവില്‍ എന്‍റോള്‍ ചെയ്യുന്നവര്‍ക്ക് 2026 ഏപ്രിൽ 15 മുതല്‍ ഒരു വര്‍ഷത്തേയ്ക്കാണ് പോളിസി കാലയളവ്.

നിലവില്‍ നോര്‍ക്ക കെയറില്‍ അംഗമായവര്‍ക്കും നോര്‍ക്ക കെയര്‍ പ്ലസ്സില്‍ (10 ലക്ഷമോ അതിന് മുകളിലോ) ചേരാനാകും. കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18,000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. 2025 സെപ്റ്റംബർ 22 മുതല്‍ നവംബര്‍ 30 വരെ സംഘടിപ്പിച്ച നോര്‍ക്ക കെയര്‍ ആദ്യഘട്ട എന്‍റോള്‍മെന്റില്‍ 1,32,000 പ്രവാസികേരളീയ കുടുംബങ്ങളാണ് എന്‍റോള്‍ ചെയ്തത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2025 സെപ്റ്റംബര്‍ 22 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വ്വഹിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!