മലയാള സിനിമയിലും സിലിൻഡർ പ്രതിസന്ധി; 18 ചിത്രങ്ങളെ ബാധിക്കും, നഷ്ടം അഞ്ചുകോടിയോളം

Share our post

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള പാചകവാതക പ്രതിസന്ധി മലയാള സിനിമാ മേഖലയേയും ബാധിക്കുന്നു. എൽപിജി സിലിൻഡർ ലഭ്യതയുമായി ബന്ധപ്പെട്ട പ്രതിസന്ധി തുടർന്നാൽ 18 ഓളം മലയാള ചിത്രങ്ങളുടെ ഷൂട്ടിങ് അവതാളത്തിലാവും. ഓരോ സെറ്റിലും നൂറിലേറെ ആളുകൾക്കാണ് ദിനംപ്രതി ഭക്ഷണം ഒരുക്കേണ്ടത്.

രണ്ടുദിവസം കൂടെ ഉപയോഗിക്കാനുള്ള എൽപിജി സിലിൻഡറുകളേ പല ഷൂട്ടിങ് സെറ്റുകളിലും ഉള്ളൂവെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. രാകേഷ് പറഞ്ഞു. പ്രതിസന്ധി തുടർന്നാൽ ഷൂട്ടിങ് നിർത്തിവെക്കേണ്ടിവരും. ഷെഡ്യൂളുകൾ അവതാളത്തിലായാൽ അഞ്ചുകോടിയുടെ നഷ്ടംവരെ സംഭവിക്കാമെന്നും രാകേഷ് പറയുന്നു.

എൽപിജി പ്രതിസന്ധിയെത്തുടർന്ന് ഷൂട്ടിങ് നിർത്തിവെച്ചാൽ, നടന്മാരുടെ ഡേറ്റിനെയടക്കം ബാധിക്കും. നിർത്തിവെക്കുന്നത് കുറഞ്ഞകാലത്തേക്ക് ആണെങ്കിലും പോലും അത് വലിയ സാമ്പത്തികബാധ്യതയാവും. പിന്നീട് റീ- ഷെഡ്യൂളിങ് ഉൾപ്പെടെ അവതാളത്തിലാവും.

അഞ്ച് എൽപിജി സിലിൻഡർ വരെ ഒരുദിവസം ഒരു സെറ്റിൽ ഭക്ഷണമുണ്ടാക്കാൻ ആവശ്യമായി വരാറുണ്ടെന്നാണ് കണക്ക്. രാവിലെ മൂന്നുമണിമുതൽ ഭക്ഷണം പാകംചെയ്യാൻ തുടങ്ങും. 7.30 ആണ് സാധാരണയായി സെറ്റിലെ പ്രാതൽ സമയം. സിലിൻഡർ പ്രതിസന്ധിയെത്തുടർന്ന് വിറകടുപ്പുകളും ഇൻഡക്ഷൻ കുക്കറും ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങളും നിർമാതാക്കൾ തേടുന്നുണ്ട്.

മലയാളം സിനിമകൾക്ക് പുറമേ, കേരളത്തിൽ ഷൂട്ടിങ് നടക്കുന്ന മറ്റ് ഭാഷാ ചിത്രങ്ങളേയും പ്രതിസന്ധി ബാധിക്കും. തിരുവനന്തപുരത്ത് ഷൂട്ടിങ് നടക്കുന്ന ഒരു ഹിന്ദി ചിത്രവും ഇടക്കൊച്ചിയിൽ പുരോഗമിക്കുന്ന തമിഴ് ചിത്രവും സമാനപ്രതിസന്ധി നേരിടുന്നുണ്ട്.

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് മലയാള സിനിമകളുടെ ഗൾഫ് റിലീസും അനിശ്ചിതത്വത്തിലാണ്. മലയാള സിനിമയുടെ വിദേശവരുമാനത്തിന്റെ സുപ്രധാന പങ്ക് ഗൾഫ് മേഖലയ്ക്കാണ്. പ്രഖ്യാപിച്ച തീയതികളിൽ അവിടെ സിനിമകൾ റിലീസ് ചെയ്യാൻ പറ്റുമോയെന്ന ആശങ്കയിലാണ് നിർമാതാക്കൾ.

യു.എ.ഇ.യിൽ സിനിമാപ്രദർശനത്തിന് പ്രതിസന്ധിയില്ല. ഖത്തറിലും സൗദിയിലുമാണ് പ്രതിസന്ധി. അതിനാൽ യു.എ.ഇ. റിലീസുമായി മുന്നോട്ടുപോകാമെന്ന് നിർമാതാക്കൾ കരുതുന്നു. അവിടെയും പ്രതിസന്ധി നേരിടുകയാണെങ്കിൽ റിലീസിങ് മാറ്റിവയ്ക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങേണ്ടിവരും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!