പാചകവാതകം ഇന്ത്യയിൽ സുലഭമായ വസ്തുവല്ല; വൈദ്യുതിയിലേക്ക് മാറുന്നതും അപകടകരമായ അവസ്ഥ
പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത പാചകവാതകക്ഷാമത്തിലൂടെ കടന്നുപോവുകയാണ് സംസ്ഥാനം. ക്ഷാമംമൂലം ഹോട്ടലുകളിൽ ഒരു വിഭാഗം ഇതിനകം അടച്ചു കഴിഞ്ഞു. വീടുകളിലും സിലിണ്ടർ ലഭിക്കാൻ ബുക്ക് ചെയ്ത് ആഴ്ചകൾ തന്നെ കാത്തിരിക്കേണ്ട അവസ്ഥയാണ്. പാചകവാതകം കുറഞ്ഞയളവിൽ ഉപയോഗിക്കുക എന്നതാണ് നിലവിലെ സാഹചര്യത്തിൽ നമുക്ക് ചെയ്യാൻ കഴിയുകയെന്ന് പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷന്റെ കേരളത്തിലെ ആദ്യത്തെ കോർഡിനേറ്ററായ ഡോ. ജയരാമൻ പറയുന്നു. നാല് ദശാബ്ദക്കാലമായി ഊർജ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന ഡോ. ജയരാമൻ അതിനുള്ള വഴികളും വിശദമാക്കുന്നു.
? വലിയൊരു പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. പാചകവാതകം കിട്ടാക്കനിയായി മാറുന്നു, ഹോട്ടലുകൾ അടച്ചുപൂട്ടുന്ന സാഹചര്യമാണ്
ആദ്യം തന്നെ പറയട്ടെ, ഇത്തരം പ്രതിസന്ധികൾ വരുമ്പോൾ മാത്രം നമ്മൾ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുക എന്നുള്ളതിൽനിന്ന് മാറി ഇതിനെ കുറച്ചുകൂടി ഒരു വിശാലമായിട്ടുള്ള രീതിയിൽ കാണേണ്ടതുണ്ടെന്ന് തോന്നുന്നു. പാചകവാതകം എന്ന് പറയുന്നത് നമ്മുടെ വീട്ടിലുള്ള ഒരു ഊർജ സ്രോതസ്സ് മാത്രമാണ്. അതുപോലെ വ്യത്യസ്തമായിട്ടുള്ള വിവിധ സ്രോതസ്സുകൾ നമ്മൾ ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ പലരും ചെയ്യാൻ പോകുന്ന കാര്യം പാചകവാതകം കിട്ടാതാവുമ്പോൾ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇൻഡക്ഷൻ കുക്കർ, മൈക്രോവേവ് ഓവൻ, എയർ ഫ്രൈയറുകൾ തുടങ്ങിയവ വാങ്ങുക എന്നതാണ്. അത് കഴിയുമ്പോഴായിരിക്കും അടുത്ത പ്രതിസന്ധിയെ നമ്മൾ അഭിമുഖീകരിക്കാൻ പോകുന്നതെന്നതാണ് യാഥാർഥ്യം. മഴ കുറയുന്നതോടെ വൈദ്യുതി ക്ഷാമമാണ് കാത്തിരിക്കുന്നത്. ഇത്തരത്തിലൊരു സാഹചര്യത്തിൽ പെട്ടെന്ന് ഈ പ്രതിസന്ധി എങ്ങനെ പരിഹരിക്കാം എന്നതിലുപരി ദീർഘകാലത്തേക്കുള്ള ചിന്താഗതികൾ എങ്ങനെ വളർത്തി എടുക്കാം എന്നുള്ളതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്.
പാചകവാതകത്തിന്റെ കാര്യം മാത്രം പറയുകയാണെങ്കിൽ ഒട്ടേറെ കാര്യങ്ങളിലൂടെ ഇതിന്റെ ഉപയോഗം കുറയ്ക്കാനും കുറേ കൂടി കാര്യക്ഷമമാക്കാനും പറ്റും. ഞാൻ പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷന്റെ സ്റ്റേറ്റ് കോഡിനേറ്റർ എന്ന നിലയിൽ കേരളം മുഴുവൻ ഇത്തരം ഗാർഹിക മേഖലയിലുള്ള ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിൽ ചർച്ചകളും മറ്റും നടത്തിയിട്ടുണ്ട്. അതിൽ നിർദേശമായി വന്നിരിക്കുന്ന പലതും എല്ലാവർക്കും അറിയുന്ന കാര്യങ്ങളൊക്കെ തന്നെയാണ്. ഭക്ഷണ പാകം ചെയ്യുന്നതിന് മുമ്പ് കൃത്യമായി എല്ലാം ഒരുക്കി വെച്ചിട്ട് പാചകം ചെയ്യുക, ഫ്രിഡ്ജിൽനിന്ന് നേരെ എടുത്ത് പാചകം ചെയ്യാതിരിക്കുക, ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കുക, പ്രഷർ കുക്കർ ഉപയോഗിക്കുക, പരന്ന പാത്രങ്ങൾ ഉപയോഗിക്കുക, ഗ്യാസ് അടുപ്പ് സിമ്മിലിട്ട് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ അറിയാവുന്നതാണ്. പക്ഷേ, ഇതെല്ലാം നമ്മൾ പ്രാവർത്തികമാക്കുന്നുണ്ടോ എന്നാണ് ചോദ്യം. അതിന് കാരണം, പലപ്പോഴും നമ്മൾ ഊർജ്ജത്തെ ഒരു പൊതുസ്വത്തായിട്ട് കാണുന്നില്ല എന്നതാണ്. വെള്ളത്തിന്റെ കാര്യം പറയുകയാണെങ്കിൽ, ജലക്ഷാമം ഇല്ലെങ്കിലും ലീക്ക് ആയി കിടക്കുന്ന ടാപ്പ് കണ്ടാൽ നമ്മളടയ്ക്കും. പക്ഷേ വീട്ടിലോ ഓഫീസിലോ സ്കൂളിലോ വെറുതെ കത്തിക്കിടക്കുന്ന ഒരു ലൈറ്റോ ഫാനോ കണ്ടാൽ അത് ഓഫാക്കാൻ നമ്മൾ മെനക്കെടാറില്ല. കാരണം, അത് മറ്റാരുടെയോ ആവശ്യമാണ് എന്ന തോന്നലാണ്. ഇതൊരു പൊതുസ്വത്താണെന്നുള്ള ധാരണയിൽ നമ്മുടെ വീടുകളിൽനിന്നോ ജോലി ചെയ്യുന്ന സ്ഥലങ്ങളിലോ ഇതിൽ ഒരു മാറ്റം കൊണ്ടുവരുമ്പോഴാണ് ഇത്തരം പ്രതിസന്ധികൾ വരുമ്പോൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പകരം അതൊരു ജീവിത രീതിയായി മാറ്റാൻ സാധിക്കുക.
? പ്രഷർ കുക്കർ പാചകത്തിൽ ഉപയോഗിക്കേണ്ട ആവശ്യകതയെക്കുറിച്ച് പറഞ്ഞല്ലോ, പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ധൃതിയുള്ള സമയമാണെങ്കിൽ പെട്ടെന്ന് വിസിൽ വരാൻ തീ കൂട്ടിവച്ച് പെട്ടെന്ന് വിസിൽ വരുത്താനാണ് ശ്രമിക്കാറുള്ളത്
പ്രഷർ കുക്കർ വളരെയധികം ഊർജ്ജ കാര്യക്ഷമതയുള്ള ഒരു വസ്തുവാണ്. പ്രഷർ കുക്കറിൽ എത്ര വിസിൽ ഉണ്ടെന്ന് എണ്ണിയിട്ടാണ് പാചകം ചെയ്യാറുള്ളത് എല്ലാവരും. അത് തീർത്തും തെറ്റായിട്ടുള്ള ഒരു രീതിയാണ്. കാരണം പ്രഷർ കുക്കർ കാര്യക്ഷമമാകുന്നത് അതിലെ പ്രഷർ അവിടെ നിലനിൽക്കുമ്പോഴാണ്. വിസിൽ അടിക്കുമ്പോൾ അതിന്റെ പ്രഷർ ഇല്ലാതാകുകയാണ് ചെയ്യുന്നത്. അപ്പോൾ അത് സാധാരണ പാത്രം പോലെയാകും. അങ്ങനെ മൂന്നും നാലും അഞ്ചും തവണ വിസിൽ അടിക്കാൻ അനുവദിച്ചു കൊണ്ടല്ല പ്രഷർ കുക്കർ ഉപയോഗിക്കേണ്ടത്. പ്രഷർ കുക്കറിൽ ഉണ്ടായ പ്രഷർ അവിടെ തന്നെ നിലനിർത്തിക്കൊണ്ട് ആ ചൂട് കുറച്ച്, തീനാളം കുറച്ച്, നമുക്ക് അത്രയും സമയം പാചകം ചെയ്യാൻ പറ്റിക്കഴിഞ്ഞാൽ ഏറ്റവും നല്ല രീതിയിൽ അതിനെ ഉപയോഗിക്കാൻ പറ്റും.
ഇപ്പോൾ ആറ് വിസിൽ വേണമെങ്കിൽ, ചെറിയ തീനാളത്തിൽ വിസിൽ അടിക്കാതെ പ്രഷർ കുക്കറിനെ ഉപയോഗിച്ചാൽ നിങ്ങൾക്ക് കുറച്ചു കൂടി കാര്യക്ഷമമായി ഉപയോഗിക്കാം. എന്റെ കൈയിൽ ചൂടാറാപ്പെട്ടി എന്ന് പറഞ്ഞ പണ്ടുകാലത്തുള്ള ഒരു തെർമോകോൾ ബോക്സ് ഉണ്ട്. പ്രഷർ വരുന്ന സമയമാകുമ്പോൾ ആ പ്രഷർ കുക്കർ ചൂടാറപ്പെട്ടിക്കകത്ത് അടച്ച് വച്ചു കഴിഞ്ഞാൽ ആ പ്രഷർ പോവാതിരിക്കും. അത്രയും നേരം കൊണ്ട് തീ ഇല്ലാതെ തന്നെ നമുക്ക് പാചകം ചെയ്യാനും പറ്റും. ഇപ്പോൾ നേരിടുന്ന കാലാവസ്ഥാ മാറ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ശ്രദ്ധയില്ലാത്ത ഊർജോപയോഗം തന്നെയാണ്. എഴുപത്തിമൂന്ന് ശതമാനം ഹരിതഗൃഹ വാതകങ്ങൾ ഉണ്ടാകുന്നത് മനുഷ്യന്റെ ഊർജ്ജ ആവശ്യങ്ങൾക്ക് വേണ്ടിയാണ്. അത് ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ ജീവിതരീതികളിൽ മാറ്റം കൊണ്ടുവന്നാലേ പ്രതിസന്ധികൾ നേരിടാനാവൂ.
? പാചകവാതകത്തിലെ പ്രതിസന്ധി വലിയ രീതിയിൽ എല്ലാവരെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. നമുക്ക് ഏറ്റവും സുലഭമായിട്ട് കിട്ടിക്കൊണ്ടിരുന്ന ഒരു സാധനം ഇപ്പോൾ കിട്ടാതെ ആവുകയാണ്
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊട്ടും സുലഭമായിട്ടുള്ള വസ്തുവല്ല എന്നത് ആദ്യം മനസിലാക്കണം. എൺപത് ശതമാനത്തിലധികം അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ഒരു രാഷ്ട്രമാണ് ഇന്ത്യ. ഇതൊരിക്കലും നമുക്ക് ശാശ്വതമായി കിട്ടുന്ന കാര്യമല്ല. ഇനിയും ഒരു പതിനഞ്ച് വർഷത്തേക്ക് പാചകവാതകം ഉണ്ടാകും എന്നൊക്കെ പറയുന്നത് പോലും വിദേശരാജ്യങ്ങൾ തടസ്സമില്ലാതെ നമുക്കിത് തരുമെന്ന ധാരണയിലാണ് എന്നതോർക്കണം. ഇന്ത്യയുടെ ആകെയുള്ള പെട്രോളിയം റിസോഴ്സ് എന്ന് പറയുന്നത് ഏകദേശം എഴുന്നൂറ്റമ്പത് മില്യൺ മെട്രിക് ടൺ ആണ്. എന്നിട്ടും നമ്മൾ പറയുന്നത് അടുത്ത പത്ത് പതിനഞ്ച് വർഷത്തേക്ക് നമുക്ക് പ്രശ്നമില്ലെന്നാണ്. കാരണം നമ്മൾ വിശ്വസിക്കുന്നത് ബാക്കി എല്ലാ രാഷ്ട്രങ്ങളിൽനിന്നും നമുക്ക് വേണ്ട സംസ്കൃത വാതകങ്ങൾ വരും എന്നുള്ള ധാരണയിലാണ്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഇത് സുലഭമാണ് എന്നുള്ള ധാരണ തന്നെ തെറ്റാണെന്ന്.
നേരത്തെ പറഞ്ഞ പോലെ വൈദ്യുതി ഉപയോഗിച്ചുള്ള പാചകത്തിലേക്ക് മാറുക എന്നുള്ളതാണ് അടുത്ത സാധ്യത. പക്ഷേ, ഇന്നത്തെ അവസ്ഥയിൽ അത് ഇപ്പോഴുള്ളതിനേക്കാൾ അപകടകരമായ അവസ്ഥയാണ്. സംസ്ഥാനത്ത് എഴുപത്തഞ്ച് മുതൽ എൺപത് ശതമാനത്തോളം വൈദ്യുതി പുറംസംസ്ഥാനങ്ങളിൽനിന്ന് വരുന്നതാണ്. അത് മിക്കവാറും കൽക്കരിയോ പ്രകൃതിവാതകമോ ഉപയോഗിച്ചിട്ടുള്ളതാണ്. അവിടെ കൽക്കരി ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് വൈദ്യുതി ഉണ്ടാക്കി തിരിച്ച് ഇവിടേക്ക് ആ വൈദ്യുതി എത്തുമ്പോൾ ഊർജ്ജത്തിന്റെ നാലിലൊരു അംശം മാത്രമേ ഇവിടെ ഉപയോഗപ്പെടുന്നുള്ളൂ. ആ വൈദ്യുതി ഉപയോഗിച്ച് ഇവിടെ വെള്ളം ചൂടാക്കുന്നത് തികച്ചും തെറ്റായിട്ടുള്ള ഒരു രീതിയായി മാറും. നേരെമറിച്ച് നമ്മുടെ വീട്ടിൽ ഒരു സോളാർ റൂഫ് ടോപ്പ് ഉണ്ടെങ്കിൽ ഈ പറയുന്ന പ്രശ്നങ്ങളൊന്നുമില്ല. ഇൻഡക്ഷൻ കുക്കറോ മൈക്രോവേവ് ഓവനോ എയർ ഫ്രെെയറോ ഉപയോഗിക്കുന്നത് കുറേ കൂടി നീതിയുക്തമായിട്ടുള്ള ഊർജോപയോഗമായി മാറും. കാരണം നമ്മൾ തന്നെ ഉത്പാദിപ്പിക്കുന്ന ഊർജ്ജമാണ് നമ്മൾ ഉപയോഗിക്കുന്നത്. നേരെമറിച്ച് നമ്മൾ ഗ്രിഡിലുള്ള വൈദ്യുതി ഉപയോഗിച്ചിട്ടാണ് ഇൻഡക്ഷൻ കുക്കർ ഒക്കെ ഉപയോഗിക്കുന്നതെന്ന് വെച്ചാൽ തികച്ചും തെറ്റായിട്ടുള്ള ഒരു രീതിയാണെന്നും പറയേണ്ടിവരും.
നിലവിൽ ഈ പ്രതിസന്ധിയുടെ സമയത്ത് ഒരു നാലംഗ കുടുംബത്തിന് പെട്ടെന്ന് ചെയ്യാൻ സാധിക്കുന്നത് എന്താണ് ?
പാചകരീതികൾ മാറ്റുക. പലപ്പോഴും കുടുംബങ്ങളിൽ ഭക്ഷണം ഒന്നിച്ചിരുന്ന് കഴിക്കുന്ന ശീലം മാറിയിട്ടുണ്ട്. പലരും പല സമയത്ത് ഭക്ഷണം കഴിക്കുമ്പോൾ വീണ്ടും വീണ്ടും ഭക്ഷണം ചൂടാക്കുന്ന ഒരു സ്വഭാവം പല സ്ഥലത്തും ഉണ്ടാകുന്നുണ്ട്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന മറ്റു ഗുണങ്ങൾക്ക് ഉപരിയായി ഇത്തരത്തിൽ ഊർജ്ജ നഷ്ടവുമുണ്ടാകുന്നുണ്ട്. പാചകം ചെയ്യുമ്പോൾ പല തവണയായിട്ട് ചെയ്യുന്നതിന് പകരം ഒരുമിച്ച് പാചകം ചെയ്യാൻ പറ്റുന്ന രീതിയിൽ പാചകം ചെയ്യുന്നതിലേക്ക് മാറണം. നേരത്തെ പറഞ്ഞത് പോലെ പ്രഷർ കുക്കർ ശരിയായ രീതിയിൽ ഉപയോഗിക്കുക,. പുറത്ത് നിന്ന് ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നത് ഒഴിവാക്കുക. വലിയ ഊർജനഷ്ടം ഇത്തരത്തിൽ സംഭവിക്കുന്നുണ്ടെന്ന് എത്ര പേർ തിരിച്ചറിയുന്നുണ്ട്. അവിടെനിന്ന് ഇവിടം വരെ, ഓർഡർ ചെയ്ത ഭക്ഷണം വരാൻ പെട്രോളിയം ഉൽപ്പന്നങ്ങൾ തന്നെ വേണം. ഇപ്പോൾ നമ്മൾ എൽപിജി യുടെ ക്ഷാമം മാത്രമേ സംസാരിക്കുന്നുള്ളൂ. കുറച്ച് കഴിഞ്ഞാൽ അത് പെട്രോളും ഡീസലും ആയിട്ട് മാറും. അങ്ങനത്തെ വേസ്റ്റേജുകൾ കുറയ്ക്കാൻ കഴിയണം. അതിനുള്ള ശീലങ്ങൾ വീട്ടിൽനിന്ന് തുടങ്ങണം.
ബയോഗ്യാസ് പ്ലാന്റുകൾ ഒരു കുടുംബത്തിന് എത്ര പ്രധാനപ്പെട്ടതാണെന്ന് ഇന്നും ആരും മനസിലാക്കുന്നില്ല. എന്റെ വീടിന്റെ പുറകിൽ ഞാൻ ബയോഗ്യാസ് പ്ലാൻ ചെയ്തിട്ടുണ്ട്. ഞങ്ങൾ രണ്ട് പേരാണ് ഇവിടെ താമസിക്കുന്നത്. അടുക്കളയിലെ പാത്രം കഴുകിയ വെള്ളവും പച്ചക്കറി വേസ്റ്റും മാത്രം ഉപയോഗിച്ച് ഏതാണ്ട് മുക്കാൽ മണിക്കൂർ പാചകം ചെയ്യാനുള്ള പാചകവാതകം ഈ പ്ലാന്റിൽനിന്ന് ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. അതിന് രണ്ട് ഗുണങ്ങളുണ്ട്, ഒന്ന് എനിക്ക് കളയാൻ വേസ്റ്റ് ഒന്നുമില്ല എന്നതാണ്, രണ്ട് ആ മാലിന്യത്തിനെ തിരിച്ച് ഊർജ്ജമായി ഉപയോഗിക്കാനും പറ്റുന്നു. ഇത്തരം ബയോഗ്യാസ് പ്ലാൻറ്റുകൾ കൂടുതൽ പ്രചരിപ്പിക്കുക എന്നുള്ളത് വലിയ കാര്യമാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ.
ഗ്യാസ് അടുപ്പിൽ ഫ്ലെയിം കൂട്ടുന്നതും കുറയ്ക്കുന്നതും ഉപയോഗിക്കുന്ന പാത്രങ്ങളും പാചകവാതകം കാര്യക്ഷമമമായി വിനിയോഗിക്കുന്നതിന് സഹായകമാകുന്നുണ്ടോ ?
തീർച്ചയായും ഹൈ ഫ്ലെയിം ഉപയോഗിക്കുമ്പോൾ രണ്ട് പ്രശ്നങ്ങളുണ്ട്. ഒന്ന് ഭക്ഷണത്തിന്റെ പോഷകം നഷ്ടപ്പെടും എന്നുള്ളത്, രണ്ട് ഊർജ്ജ നഷ്ടം കൂടും. ഫ്ലെയിം വലുതാകുമ്പോൽ പുറത്തേക്കുള്ള പ്രസരണം കൂടുംതോറും വാതകത്തിന്റെ നഷ്ടം കൂടും. കഴിയുന്നതും ചെറിയ ബർണറുകൾ ഉപയോഗിക്കുക . ഞാൻ നേരത്തെ പറഞ്ഞപോലെ പ്രഷർ കുക്കറുകൾ ഉപയോഗിക്കുമ്പോൾ പ്രഷർ വരാവുന്ന സമയത്ത് തീ നാളം താഴ്ത്തി വെച്ചിട്ട് പാചകം ചെയ്യുക
സാധാരണ എൽപിജി സ്റ്റൗ എടുത്ത് നോക്കി കഴിഞ്ഞാൽ ഓരോ ബർണറിന്റെയും ഓരോ മിനിറ്റിൽ എത്ര ഗ്യാസ് ആണ് ഉപയോഗിക്കുക എന്നുള്ളതിന്റെ കണക്കുകൾ കാണാൻ പറ്റും. ചെറിയ ബർണർ പത്ത് മിനിറ്റ് ഉപയോഗിക്കുന്നതും വലിയ ബർണർ ഉപയോഗിച്ച് എട്ട് മിനിറ്റ് പാചകം ചെയ്യുന്നതും തമ്മിൽ വരുന്ന ഊർജനഷ്ടം കണക്ക് കൂട്ടി തന്നെയാണ് പിസിആർഎ പോലുള്ള സ്ഥാപനങ്ങൾ പറയുന്നത് കഴിയുന്നത്ര ലോ ഫ്ലെയിമിൽ ഉപയോഗിക്കാൻ പറയുന്നത്.
ഊർജ്ജ പ്രതിസന്ധിയിൽ ഇതാ ഒരു പരിഹാരം എന്ന് പറയുന്ന രീതിയിലേക്ക് നമ്മൾ അടുത്തകാലത്തൊന്നും എത്താൻ പോകുന്നില്ല.. 2000-ൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ ‘ഒരു ലൈറ്റ് അണയ്ക്കു പവർകട്ട് ഒഴിവാക്കൂ’ എന്ന മുദ്രാവാക്യവുമായി ഞങ്ങൾ ഒരു യാത്ര നടത്തിയിരുന്നു. അന്ന് പവർകട്ട് ഉള്ള സമയമായിരുന്നു. ഞാൻ ഒരു ലൈറ്റ് ഓഫ് ചെയ്താൽ എങ്ങനെ പവർകട്ട് ഒഴിവാകും എന്നായിരുന്നു ഞങ്ങൾ ആളുകളിൽനിന്ന് നേരിട്ട ചോദ്യം. അന്ന് 60 വാട്ടിന്റെ ഇൻകാൻഡിസൻറ് ബൾബുകളാണ് ഉപയോഗിച്ചിരുന്നത്. 60 ലക്ഷം ഉപഭോക്താക്കൾ ഉണ്ട്, ഇവർ 60 വാട്ട് സേവ് ചെയ്താൽ 360 ലക്ഷം മെഗാവാട്ട് ലാഭിക്കാനാവും. കേരളത്തിന് അന്ന് മുന്നൂറ് ലക്ഷം മെഗാവാട്ടേ ക്ഷാമം നേരിട്ടിരുന്നുള്ളൂ എന്നോർക്കണം. നമ്മുടെ രാജ്യത്ത് നൂറ്റിയറുപത് കോടി ജനങ്ങളുണ്ട്. ഓരോ വീടുകളിലും ഓരോ വ്യക്തികളുടെയും ജീവിത രീതികൾ മാറുമ്പോഴാണ് വലിയൊരു മാറ്റം സംഭവിക്കുക എന്നുള്ളതിലേക്ക് എത്തണം. പാചക വാതക പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ചയായിട്ട് ഇതിനെ മുന്നോട്ട് കൊണ്ടുവരാതെ ലോകത്തിൽ മുഴുവൻ വരുന്ന കാലാവസ്ഥ മാറ്റവുമായിട്ട് ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഒക്കെ എന്ത് ചെറിയ സംഭാവന നമുക്ക് ചെയ്യാൻ പറ്റും എന്നുള്ള ചിന്ത ആളുകളിലേക്ക് ഉണ്ടാക്കാൻ ഈ ചർച്ചകൾ എങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്നാണ് ചിന്തിക്കേണ്ടത്. പരിഹാരം എളുപ്പമല്ല, എന്നാലും സാധ്യതയുണ്ട്.
