ഗ്യാസ് ക്ഷാമത്തിനിടെ സിലിണ്ടർ മോഷണം; ഫ്യൂസ് ഊരിയിട്ടും കള്ളനെ കുടുക്കി ഇൻവെർട്ടറും സിസിടിവിയും
തിരുവനന്തപുരം: ചാല ആര്യശാലയിൽ എൽപിജി സിലിണ്ടർ മോഷണംപോയി. ആര്യശാലയിലെ വിഎസ് ഹോട്ടലിൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെയാണ് കവർച്ച നടന്നത്. സംസ്ഥാനത്ത് ഗ്യാസ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയിലാണ് ഹോട്ടലിന്റെ അടുക്കളഭാഗത്ത് സൂക്ഷിച്ചിരുന്ന നിറച്ച സിലിണ്ടറുമായി കള്ളൻ കടന്നുകളഞ്ഞത്. ഗ്യാസിന് ക്ഷാമം നേരിട്ടതോടെ സിലിണ്ടറുകൾ മോഷ്ടിക്കപ്പെടുന്നത് വ്യാപാരികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
അതിവിദഗ്ധമായ ആസൂത്രണത്തോടെയാണ് കള്ളൻ മോഷണം നടത്തിയത്. ഹോട്ടലിന്റെ അടുക്കളഭാഗത്തെത്തിയ പ്രതി കള്ളത്താക്കോൽ ഉപയോഗിച്ച് പൂട്ടഴിച്ചാണ് അകത്തുകടന്നത്. സിസിടിവി ക്യാമറകൾ പ്രവർത്തിക്കാതിരിക്കാൻ ഹോട്ടലിന്റെ മെയിൻ സ്വിച്ച് ബോർഡിൽനിന്ന് ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാൽ, ഹോട്ടലിൽ ഇൻവെർട്ടർ സൗകര്യം ഉണ്ടായിരുന്നതുകൊണ്ട് വൈദ്യുതി പോയിട്ടും സിസിടിവി ക്യാമറകൾ പ്രവർത്തിച്ചു. ഇതോടെ, കള്ളൻ ഹോട്ടലിലേക്ക് വരുന്നതും നിറച്ച ഗ്യാസ് കുറ്റിയുമായി മടങ്ങുന്നതും സിസിടിവിയിൽ പതിഞ്ഞു.
ഹോട്ടൽ പരിസരത്തെക്കുറിച്ച് കൃത്യമായി അറിയാവുന്ന ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് ഉടമ സംശയിക്കുന്നുണ്ട്. കള്ളൻ മറ്റു സാധനങ്ങൾ ഒന്നും മോഷ്ടിക്കാതെ കൃത്യമായി ഗ്യാസ് കുറ്റി മാത്രം എടുത്തുകൊണ്ടുപോയതും വൈദ്യുതി ഫ്യൂസ് എവിടെയാണെന്ന് മുൻകൂട്ടി അറിഞ്ഞതും ഇതുക്കൊണ്ടാവാമെന്ന് അദ്ദേഹം പറഞ്ഞു.
ഫോർട്ട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹോട്ടൽ ഉടമ പോലീസിന് കൈമാറിയിട്ടുണ്ട്. സിസിടിവിയിൽ പതിഞ്ഞ ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ഇത് ഗ്യാസ് ക്ഷാമം മുതലെടുത്ത് നടത്തിയ ഒരു സാധാരണ മോഷണമാണോ അതോ വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ ആസൂത്രണം ചെയ്തതാണോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തതവരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
