കൊട്ടാരം റോഡ് നവീകരണം ഇഴയുന്നു; പൊടിശല്യത്തിൽ പൊറുതിമുട്ടി നാട്ടുകാർ

Share our post

ഇരിട്ടി : ചാവശ്ശേരി-കൊട്ടാരം റോഡിന്റെ നവീകരണം രണ്ട് ഉദ്ഘാടനമായി നടത്തിയ ആവേശമൊന്നും ഇപ്പോൾ കാണാനില്ല. റോഡിന്റെ പിതൃത്വം അവകാശപ്പെടാൻ ആവേശം കാട്ടിയവർ ഇപ്പോൾ എവിടെയോ ഒളിച്ചപ്പോൾ പൊറുതിമുട്ടിയിരിക്കുന്നത് നാട്ടുകാരും. ജലസേചന വകുപ്പിന് കീഴിലുള്ള മൂന്ന് കിലോമീറ്റർ റോഡ് നവീകരിക്കാൻ 1.25 കോടി രൂപയാണ് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ നവകേരളസദസ്സിന്റെ ഭാഗമായി ഒരുമണ്ഡലത്തിൽ ഒരു റോഡ് നവീകരിക്കുന്നതിനുള്ള കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പണം അനുവദിച്ചത്. റോഡിന്റെ നവീകരണത്തിനായി സണ്ണി ജോസഫ് എം.എൽ.എ.യും നിവേദനം നൽകിയിരുന്നു. എന്നാൽ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം രാഷ്ട്രീയചടങ്ങായി മാറി. നിയോജക മണ്ഡലം എം.എൽ.എ.യെ ക്ഷണിക്കാതെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് ഉദ്ഘാടനവും നടത്തി.

എം.എൽ.എ.യുടെ നേതൃത്വത്തിൽ മറ്റൊരു ഉദ്ഘാടനവും അതേദിവസം ഉണ്ടായി. പൊടിശല്യം മൂലം പൊറുതിമുട്ടി കഴിയുകയാണ് റോഡിന് ഇരുവശത്തെ കുടുംബങ്ങളും കാൽനടയാത്രക്കാരും. നാലുമാസം മുമ്പ് തുടങ്ങിയ പ്രവൃത്തി തുടങ്ങിയിടത്ത് തന്നെയാണ്. റോഡിന്റെ 500 മീറ്റർ ദൂരം ടാറിങ്ങ് ഇളക്കിയിട്ടത് കാരണം ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്ന സ്ഥിതിയുണ്ട്. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾക്ക് ആശ്രയമായ റോഡിൽനിന്ന്‌ കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് കല്ലുകൾ തെറിച്ച് പരിക്കേൽക്കുന്നതും നിത്യസംഭവമാണ്. ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിന്റെ തകർച്ച കാരണം ഓട്ടം വരാൻ മടിക്കുകയാണ്. കുടിവെള്ള പദ്ധതിക്കുവേണ്ടി സ്ഥാപിക്കുന്ന പൈപ്പ് ലൈൻ റോഡിന്റെ ഓവുചാൽ പ്രവൃത്തിക്ക്് തടസ്സമാകുകയും ചെയ്യുന്നു. ശരിയായ രീതിയിലല്ല പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇവ പരിഹരിക്കുന്നതിനുള്ള നടപടികളും ഉണ്ടാകുന്നില്ല. കരാറുകാരൻ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച അവസ്ഥയിലാണ്.

നവീകരണം ഉടൻ പൂർത്തിയാക്കണം -സി.പി.ഐ.

വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിതീർന്ന ചാവശ്ശേരി-കൊട്ടാരം റോഡ് അടിയന്തരമായി ടാറിങ് പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കമെന്ന് സി.പി.ഐ. ചാവശ്ശേരി ബ്രഞ്ച് യോഗം ആവശ്യപ്പെട്ടു. നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് ടാറിങ് ഉടൻ പൂർത്തീയാക്കാൻ കരാറുകാരന് നിർദേശം നൽകണമെന്ന് സി.പി.ഐ. ചാവശ്ശേരി ബ്രാഞ്ച് യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. യോഗത്തിൽ ശ്രാവൺ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. ജി. ശിവരാമകൃഷ്ണൻ, പി. മോഹനൻ, എൻ.വി. രവീന്ദ്രൻ, മഹിജ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!