മണ്ഡലകാലത്ത് ശാന്തിക്കാരും കീഴ്ശാന്തികളും എസ്.ബി.ഐ ശബരിമല ശാഖയില്‍ നടത്തിയത് കോടികളുടെ ഇടപാടുകള്‍

Share our post

കൊച്ചി: ഇക്കഴിഞ്ഞ മണ്ഡലകാലത്ത് ഹോട്ടലുകാരും ശാന്തിക്കാരും കീഴ്ശാന്തികളുംചേർന്ന് എസ്.ബി.ഐ.യുടെ ശബരിമല സന്നിധാനം ശാഖയിൽമാത്രം നടത്തിയത് 8.08 കോടി രൂപയുടെ ഇടപാടുകൾ. ആകെ 1667 ഇടപാടുകളാണ് ഇക്കാലയളവിൽ നടന്നത്.

ധനലക്ഷ്മി ബാങ്കിൽ 941 ഇടപാടുകളിലായി 11.45 കോടി രൂപ നിക്ഷേപിച്ചു. മേൽശാന്തി, ശാന്തികൾ, ദിവസക്കൂലിക്കാർ, കുത്തകപ്പാട്ടക്കാർ തുടങ്ങി 18 അക്കൗണ്ടുകളിലാണിത്. ഇതിൽ ചിലർ ആടിയശിഷ്ടം നെയ്യ് വിൽപ്പന ക്രമക്കേടിൽ പ്രതികളാണെന്നും റിപ്പോർട്ടിലുണ്ട്.

പോസ്റ്റ് ഓഫീസ് ശാഖയിലൂടെ 14.08 ലക്ഷം രൂപയുടെ മണി ഓർഡറുകളാണ് അയച്ചത്. തീർഥാടകർ കൊണ്ടുവരുന്ന പൂജാ സാമഗ്രികൾക്കൊപ്പമുള്ള നോട്ടുകളും നാണയങ്ങളും സുരക്ഷാ ഉദ്യോഗസ്ഥർ അറിയാതെ ജീവനക്കാർ കൈക്കലാക്കുന്നുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. നെയ്യഭിഷേകത്തിനും മറ്റും ഭക്തരെ സഹായിക്കുന്ന വകയിലും പണം വാങ്ങുന്നു. ഭണ്ഡാരങ്ങൾ തുറക്കുമ്പോൾ താഴെവീഴുന്ന പണവും കൈക്കലാക്കിയിട്ടുണ്ട്. ചിലർ സന്നിധാനത്തെ ജോലിക്കൊപ്പം ഭാഗ്യക്കുറി വിൽപ്പന നടത്തിയെന്നും പറയുന്നു.

ദിവസക്കൂലിക്ക് ആവശ്യത്തിലധികം ആളുകളെ നിയമിക്കുന്നത് പ്രശ്‌നമാണെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. ഭണ്ഡാരത്തിൽ മാസപൂജാസമയത്തും പോലീസിനെ വിന്യസിക്കണമെന്നും ശുപാർശചെയ്തു. ദേവസ്വം ബെഞ്ച് ഇതിൽ ദേവസ്വം ബോർഡിനോട് നിലപാടാരാഞ്ഞു.ശബരിമല മണ്ഡല, മകരവിളക്ക് കാലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ നടത്തിയ സംശയാസ്പദമായ പണമിടപാടുകളിൽ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!