കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? കേന്ദ്രത്തിനെതിരെ ഹൈക്കോടതി
കൊച്ചി: കേരളത്തിൽ എയിംസ് അനുവദിക്കുന്നതിലെ കാലതാമസത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഹൈക്കോടതി. എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാത്തതെന്ന് കോടതി ചോദിച്ചു. രാജ്യത്ത് പുതിയതായി അനുവദിച്ച 22 എയിംസുകളിൽ 18 എണ്ണവും ഇതിനോടകം പ്രവർത്തനക്ഷമമാവുകയും നാലെണ്ണം നിർമ്മാണ ഘട്ടത്തിലാവുകയും ചെയ്തിട്ടും കേരളത്തെ മാത്രം പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. മറ്റ് സംസ്ഥാനങ്ങൾക്ക് എയിംസ് അനുവദിച്ചതിലെ മാനദണ്ഡം എന്താണെന്നും കേരളം ഇതിന് അനുയോജ്യമല്ലേ എന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു.
എയിംസ് കാസർകോട് കൂട്ടായ്മ സമർപ്പിച്ച ഹർജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ വിമർശനം. എയിംസിനായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് ഭൂമി കണ്ടെത്തി സജ്ജമാക്കിയിട്ടും കേന്ദ്രം നടപടികളുമായി മുന്നോട്ട് പോകാത്തതിനെ കോടതി ശക്തമായി വിമർശിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രമന്ത്രിസഭയാണ് നയപരമായ തീരുമാനം എടുക്കേണ്ടതെന്ന് ജോയിന്റ് സെക്രട്ടറി കോടതിയെ അറിയിച്ചു.
