സംഗീത വിദ്യാർത്ഥിയായിരിക്കുമ്പോൾ യേശുദാസ് താമസിച്ചിരുന്ന കെട്ടിടം, ഇനി ഡിജിറ്റൽ ലൈബ്രറി
തിരുവനന്തപുരം: ‘പരിചിതമേതോ ഗാനം പാടി അരികത്തായി ഞാൻ നിന്നല്ലോ…’ ഗ്രാമഫോണിലൂടെ ഒഴുകിയെത്തിയ പാട്ടിലൂടെ ഗാനഗന്ധർവൻ ശ്രോതാക്കളോടു സംവദിച്ചപോലെ… അദ്ദേഹത്തിന്റെ സാന്നിധ്യമില്ലെങ്കിലും ഡോ. കെ.ജെ. യേശുദാസ് തൊട്ടരികിൽ നിൽക്കുന്ന സംതൃപ്തിയായിരുന്നു തൈക്കാട് ഭാരത് ഭവനിലെത്തിയ ഓരോരുത്തരുടെയുമുള്ളിൽ.
സ്വാതി തിരുനാൾ സംഗീത കോളേജ് വിദ്യാർഥിയായിരുന്ന കാലത്ത് കെ.ജെ. യേശുദാസ് താമസിച്ചിരുന്ന ചെറിയ കെട്ടിടത്തെയാണ് ‘യേശുദാസ് ഡിജിറ്റൽ ലൈബ്രറി’യാക്കി മാറ്റിയത്.
ഡോ. കെ.ജെ. യേശുദാസിന്റെ അപൂർവചിത്രങ്ങൾ, പാട്ടുകൾ, അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. ദേശീയ, സംസ്ഥാന പുരസ്‌കാരം ലഭിച്ച സമയത്തെ ചിത്രങ്ങൾ, അദ്ദേഹത്തിന്റെ ചെറുപ്പകാലംമുതലുള്ള ചിത്രങ്ങൾ, ഒപ്പം പ്രവർത്തിച്ച സംഗീതസംവിധായകർ തുടങ്ങിയവർക്കൊപ്പമുള്ള അപൂർവചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. ഗാനഗന്ധർവന്റെ ജീവിതത്തിലെ അപൂർവ സുന്ദരയാത്രയാണ് ഈ ചിത്രപ്രദർശനം.
കൂടാതെ മറ്റൊരു മുറിയിലായി ഒരു ഗ്രാമഫോണും സജ്ജമാക്കിയിട്ടുണ്ട്. ഡോ. കെ.ജെ. യേശുദാസിന്റെ ഗാനങ്ങളാണ് ഇതിലൂടെ ശ്രോതാക്കളെ തേടിയെത്തുക. ഡോ. കെ.ജെ. യേശുദാസിന്റെ ചലച്ചിത്രഗാനങ്ങൾ, ലളിതഗാനങ്ങൾ, ശാസ്ത്രീയ സംഗീതക്കച്ചേരികൾ, ഭക്തിഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ, അന്യഭാഷാഗാനങ്ങൾ തുടങ്ങിയവയുടെ ശേഖരവും ലൈബ്രറിയിൽ സജ്ജമാക്കിയിട്ടുണ്ട്.
