അന്ന് ആ തൊപ്പിതൊട്ടു, ഇന്ന് ആ തൊപ്പിവെച്ചു; അച്ഛനെപ്പോലെ കാക്കിയണിഞ്ഞ് മകനും, ആദ്യ സല്യൂട്ട് അച്ഛന്

Share our post

കൊല്ലങ്കോട്: അച്ഛനെ പോലെ കാക്കിയണിഞ്ഞ് മകനും. പോലീസ് സേനയിൽ ചേരണമെന്ന കുട്ടിക്കാലം മുതലുള്ള ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് എലവഞ്ചേരി കൊട്ടയങ്കാട്ടിലെ അദ്വൈത്.

ചൊവ്വാഴ്ച തൃശ്ശൂരിൽ നടന്ന പോലീസ് കോൺസ്റ്റബിൾമാരുടെ പാസിങ് ഔട്ട് പരേഡിലൂടെ കേരള പോലീസിന്റെ ഭാഗമായി അദ്വൈത് മാറിയപ്പോൾ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥനായ അച്ഛൻ അശോകനും കുടുംബത്തിനും അത് അഭിമാനനിമിഷമായിമാറി. കൊച്ചി സിറ്റി ട്രാഫിക് പോലീസ് അസിസ്റ്റന്റ് കമ്മിഷണറായ എലവഞ്ചേരി കോട്ടയങ്കാട് സ്വദേശി ആർ. അശോകന്റെയും പനങ്ങാട്ടിരി എ.യു.പി. സ്‌കൂൾ അധ്യാപികയായ ഷാജിമോളുടെയും മകനാണ് അദ്വൈത്. ചൊവ്വാഴ്ചത്തെ പാസിങ് ഔട്ട് പരേഡിനുശേഷം യൂണിഫോമിൽ അച്ഛന് മുൻപിൽ സല്യൂട്ടുമായി അദ്വൈത് എത്തിയപ്പോൾ സേനയിലെ മറ്റുദ്യോഗസ്ഥർക്കും കൗതുകമായി.

2004-ൽ അശോകൻ സബ് ഇൻസ്പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്ത വേളയിൽ കുട്ടിയായിരുന്ന അദ്വൈത് കൗതുകത്തോടെ അച്ഛന്റെ തൊപ്പി തൊട്ടുനോക്കുന്ന ചിത്രം അന്നത്തെ പത്രങ്ങളിൽ ഇടംപിടിച്ചിരുന്നു. സ്‌കൂൾ പഠനകാലം മുതൽ തന്നെ ടെക്നിക്കൽ വിഷയങ്ങളിൽ ഏറെ തല്പരനായ അദ്വൈത് മെക്കാനിക് പോലീസ് കോൺസ്റ്റബിൾ തസ്തികയിലാണ് ജോലിയിൽ പ്രവേശിച്ചിട്ടുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!