ഇ എൻ മോഹൻദാസ്‌ അന്തരിച്ചു

Share our post

മലപ്പുറം: സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ദേശാഭിമാനി മലപ്പുറം യൂണിറ്റ്‌ മുൻ മാനേജരുമായ ഇ എൻ മോഹൻദാസ്‌ (74) അന്തരിച്ചു. രണ്ട്‌ തവണ പാർടി മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. പക്ഷാഘാതത്തെ തുടർന്ന്‌ പെരിന്തൽമണ്ണ ഇ എം എസ്‌ ആശുപത്രിയിൽ പ്രവേശിച്ച ഇ എൻ അതീവഗുരുതരാവസ്ഥയിലായിരുന്നു.

1951 സെപ്‌തംബർ 15ന്‌ ഇന്ത്യനൂർ എടയാട്ട്‌ നെടുമ്പുറം പരേതാരായ വേലുനായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനായി ജനനം. വിദ്യാർഥി-യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത്‌ സജീവമായി. എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറിയും ഏറനാട്‌ താലൂക്ക്‌ സെക്രട്ടറിയുമായിരുന്നു. കെഎസ്‌വൈഎഫ്‌ ജില്ലാ പ്രസിഡന്റും ഡിവൈഎഫ്‌ഐ പ്രഥമ ജില്ലാ പ്രസിഡന്റുമായി. സിപിഎം ഇന്ത്യനൂർ ബ്രാഞ്ച്‌ സെക്രട്ടറി, കോട്ടക്കൽ ലോക്കൽ സെക്രട്ടറി, മലപ്പുറം ഏരിയാ സെക്രട്ടറി, ഏറനാട്‌ താലൂക്ക്‌ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 2018ൽ പെരിന്തൽമണ്ണ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായി. 2021 ഡിസംബറിൽ തിരൂർ സമ്മേളനത്തിൽ തുടർന്നു.

2024ൽ താനൂർ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തും നിന്നും മാറി. കെഎസ്‌കെടിയു,- സിഐടിയു ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. മലപ്പുറം ഇ എം എസ്‌ പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്‌. ദേശാഭിമാനി മലപ്പുറം യൂണിറ്റിന്റെ പ്രഥമ മാനേജറായിരുന്നു. റെയ്‌ഡ്‌കോ വൈസ്‌ ചെയർമാനായും പ്രവർത്തിച്ചു.

2007ൽ മണ്ണഴി എയുപി സ്‌കൂൾ പ്രധാനാധ്യാപകനായിരിക്കെ വിരമിച്ചു. ദീർഘകാലം കോഡൂർ സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റായിരുന്നു. കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാരുടെ സംഘടനയായ ആര്യവൈദ്യശാല വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) പ്രസിഡന്റും ജില്ലാ ബാങ്ക്‌ ഡയറക്ടറുമായിരുന്നു. ജില്ലാ ആസൂത്രണ സമിതി അംഗമാണ്‌.

ഭാര്യ: കെ ഗീത (റിട്ട. അധ്യാപിക). മക്കൾ: ഡോ. ദിവ്യ (കോട്ടക്കൽ ആര്യവൈദ്യശാല), ധ്യാൻ മോഹൻ (ഐടി എൻജീനിയർ). മരുമക്കൾ: ഡോ. പി പി ജയപ്രകാശൻ (അസി. പ്രൊഫസർ, ടിഎംജി ഗവ. കോളേജ്‌, തിരൂർ), ശ്രീജിഷ (ഐടി എൻജിനിയർ).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!