പേരാവൂരും തളിപ്പറമ്പും പിടിക്കുമോ?; അനൗദ്യോഗിക പ്രചാരണം ആരംഭിച്ച് കെ കെ ശൈലജയും പി കെ ശ്യാമളയും
തളിപ്പറമ്പ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അനൗദ്യോഗിക പ്രചാരണം ആരംഭിച്ച് കെ കെ ശൈലജയും പി കെ ശ്യാമളയും. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി തീരുമാനിച്ചതിന് പിന്നാലെയാണ് പ്രചാരണം ആരംഭിച്ചത്. കെ കെ ശൈലജ പേരാവൂരില്‍ വിവിധ പരിപാടികളില്‍ സജീവമായി. മഹിളാ അസോസിയേഷന് നിശ്ചയിച്ച വനിതാദിന പരിപാടിയില്‍ പങ്കെടുത്തു. പി കെ ശ്യാമള തളിപ്പറമ്പില്‍ മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങളെ നേരില്‍ കണ്ടു. പ്രധാന വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുകയാണ്.
മട്ടന്നൂർ മണ്ഡലത്തിൽ നിന്നാണ് കെ കെ ശൈലജ പേരാവൂരിലേക്ക് മാറിയത്. 2006 മുതൽ 2011 വരെ പേരാവൂർ എംഎൽഎയായിരുന്നു ശൈലജ. പിന്നീട് നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പേരാവൂരിൽ നിന്ന് മൂന്ന് തവണ എംഎൽഎയായി. കെ കെ ശൈലജയിലൂടെ ഇത്തവണ പേരാവൂർ പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് പ്രവർത്തകർ.
ജില്ലാ സെക്രട്ടറിയേറ്റിലും മറ്റും ഉയർന്ന കടുത്ത എതിർപ്പിനെയും മറികടന്നാണ് തളിപ്പറമ്പിൽ പി കെ ശ്യാമളയെ സിപിഐഎം രംഗത്തിറക്കുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ പി കെ ശ്യാമള സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യയാണ്. തളിപ്പറമ്പിൽ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പുമായി ഒരു വിഭാഗം സിപിഐഎം പ്രവർത്തകർ സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തിയിരുന്നു.
