യുദ്ധം: ആടിയുലഞ്ഞ് കയറ്റുമതി; തോട്ടംമേഖല ആശങ്കയിൽ, റബ്ബർ വിലയിലും അനിശ്ചിതത്വം

Share our post

തിരുവനന്തപുരം: യു.എസ്. -ഇസ്രയേൽ- ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തോട്ടംമേഖലയിൽ ആശങ്ക. തേയില, കാപ്പി, ഏലം കയറ്റുമതിയെ ബാധിക്കും. റബ്ബറിന്റെ അന്താരാഷ്ട്രവിലയിലുണ്ടാകുന്ന വ്യതിയാനം ആഭ്യന്തരവിപണിയിലും നിഴലിക്കും.

ഹോർമുസ് കടലിടുക്കുവഴിയുള്ള തേയില വ്യാപാരത്തെയാകും പ്രശ്നം കൂടുതൽ ബാധിക്കുക. രാജ്യത്തുനിന്നുള്ള തേയില കയറ്റുമതിയുടെ 45-50 ശതമാനം വരെ മധ്യ-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കാണ്. 2025 ൽ ഇറാഖിലേക്ക് 52.59 ദശലക്ഷം കിലോഗ്രാം കയറ്റി അയച്ചിരുന്നു. യു.എ.ഇ. (52.71 ദശലക്ഷം കിലോ), ഇറാൻ (11.25), സൗദി (7.94) എന്നീരാജ്യങ്ങളും ഇന്ത്യൻ തേയില വാങ്ങിയിരുന്നു.

അമേരിക്ക, റഷ്യ, ഇറാൻ എന്നിവിടങ്ങളിലും ഇന്ത്യൻ തേയിലയ്ക്ക് പ്രിയമേറെയാണ്. 56,030 ടൺ തേയിലയാണ് 2023 ൽ മാത്രം റഷ്യ വാങ്ങിയിരുന്നത്. അമേരിക്ക 12,260 ടണ്ണും ഇറാൻ 22,210 ടണ്ണും ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്തിരുന്നു.

2015-നുശേഷം ഈ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ ഇടിവുണ്ടായിട്ടുണ്ടെങ്കിലും യുദ്ധസാഹചര്യം ഇതിന് ആക്കം കൂട്ടുമെന്നാണ് ആശങ്ക. കപ്പലുകൾ വഴിതിരിച്ചുവിട്ടാൽ 3,500 നോട്ടിക്കൽ മൈൽവരെ അധികം സഞ്ചരിക്കേണ്ടിവരുമെന്നും കയറ്റുമതിച്ചെലവിൽ 40 ശതമാനം വരെ വർധനയുണ്ടാകുമെന്നുമാണ് കണക്കാക്കുന്നത്. ഉയർന്ന ഉത്‌പാദനച്ചെലവും യൂറോപ്പ്‌, മധ്യ കിഴക്കൻ വിപണികളിലെ സാമ്പത്തികമാന്ദ്യവും ഇതിനോടകം തോട്ടം മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. യുദ്ധസാഹചര്യം തുടരുകയാണെങ്കിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന് അസോസിയേഷൻ ഓഫ് പ്ലാന്റേഴ്സ് ഓഫ് കേരള ചെയർമാൻ ടി.ആർ. രാധാകൃഷ്ണൻ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!