മുണ്ടക്കൈ തളിർക്കുന്നു പുതുജീവിതം; ടൗൺഷിപ്പിന്റെ ആദ്യഘട്ട വീടുകൾ കൈമാറി മുഖ്യമന്ത്രി
കൽപ്പറ്റ: ആർത്തലച്ച മഴയിൽ ഉരുളെടുത്ത മുണ്ടക്കൈയിൽ പുതുജീവിതം തളിർക്കുന്നു. കൽപ്പറ്റയിൽ സർക്കാർ ഒരുക്കിയ ടൗൺഷിപ്പിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. ഉരുൾപൊട്ടലിൽ വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലെ 178 കുടുംബങ്ങൾക്കാണ് വീട് കൈമാറിയത്. ആയിരം ചതുരശ്രയടിയാണ് വിസ്തീർണം. ഏഴ് സെന്റിന്റെ പട്ടയം നൽകും. നിർമാണം തുടങ്ങി 320–ാം ദിനമാണ് ആദ്യഘട്ടം പൂർത്തിയായത്.
2024 ജൂലൈ 29ന് രാത്രി പുഞ്ചിരിമട്ടം പൊട്ടി ഒരു ജനതയാണ് ഒലിച്ചുപോയത്. വീണ്ടും ഒരുമിച്ച് ജീവിക്കണം എന്നതായിരുന്നു സർവവും നഷ്ടപ്പെട്ടവരുടെ ആഗ്രഹം. അതിനൊപ്പം സർക്കാർ നിന്നു. അസാധ്യത്തെ സാധ്യമാക്കുന്ന ഇച്ഛാശക്തിയിലൂടെ അത് നേടി. ചുറ്റുമതിൽ, ഗേറ്റ്, 11.42 കിലോമീറ്റർ റോഡ്, ഭൂഗർഭ വൈദ്യുത, ജലവിതരണ ശൃംഖല, കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ, സോളാർ പാനൽ, ഗ്രീൻ സ്പെയ്സ്… എല്ലാം സജ്ജം.
64.47 ഹെക്ടറിൽ 410 വീടാണ് നിർമിക്കുന്നത്. 304 വീടിന്റെ വാർപ്പ് പൂർത്തിയായി. ഏപ്രിലോടെ എല്ലാ വീടും കൈമാറും. ആരോഗ്യകേന്ദ്രം, അങ്കണവാടി, കമ്യൂണിറ്റി സെന്റർ, പൊതുമാർക്കറ്റ്, ഉരുൾ സ്മാരകം, ഓപ്പൺ തിയറ്റർ, മൾട്ടിപർപ്പസ് ഹാൾ, ലൈബ്രറി, കളിയിടങ്ങൾ, വൈദ്യുതി സബ്സ്റ്റേഷൻ തുടങ്ങിയവയും നിർമിക്കും. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായുള്ള ഇപിസി (എൻജിനിയറിങ് പ്രൊക്യുയർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ) കരാറിലൂടെ 299 കോടി രൂപയാണ് വിനിയോഗിക്കുന്നത്.
