മിസൈലുകളും ഡ്രോണുകളും വര്‍ഷിച്ച് ഇറാന്, പ്രതിരോധിച്ച് ഖത്തര്‍; ജാഗ്രതാനിര്‍ദേശം
ദോഹ: രാജ്യതലസ്ഥാനത്ത് വിവിധ ഇടങ്ങളിൽ സ്ഫോടകശബ്ദങ്ങൾ കേട്ടതിന് പിന്നാലെ അടിയന്തരജാഗ്രതാ നിർദേശം പുറത്തിറക്കി ഖത്തർ. ജനങ്ങളോട് താമസസ്ഥലങ്ങളിൽ തന്നെ തുടരാൻ ഭരണകൂടം ആവശ്യപ്പെട്ടു. അടിയന്തരസാഹചര്യങ്ങളിൽ ഒഴികെ സമാധാനം പുനഃസ്ഥാപിക്കുന്നതുവരെ പുറത്തിറങ്ങരുതെന്നും അധികൃതർ നിർദേശിച്ചു.
ഖത്തറിലേക്ക് 65 മിസൈലുകളും 12 ഡ്രോണുകളുമാണ് ഇറാൻ ഞായറാഴ്ച വർഷിച്ചത്. വിവിധ ആക്രമണങ്ങളിൽ എട്ടുപേർക്ക് പരിക്കേറ്റു. ദോഹയിലെ വിവിധ ഭാഗങ്ങളിൽ സ്ഫോടനശബ്ദങ്ങൾ കേട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇറാൻ മിസൈൽ ആകാശത്തുവെച്ചുതന്നെ തകർത്തതായി ഖത്തർ അറിയിച്ചു. ദോഹയിലെ ഇറാൻ ആക്രമണശ്രമത്തിനിടെ വ്യാവസായിക മേഖലയിൽ ചെറിയ തീപ്പിടിത്തമുണ്ടായി. ആളപായമില്ലെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ഖത്തർ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇറാൻ മിസൈലുകളെ ഫലപ്രദമായി പ്രതിരോധിച്ചു. പരിക്കുകളും തീപ്പിടിത്തങ്ങളുമേറേയും ഇതിന്റെ അവശിഷ്ടങ്ങൾ താഴെ വീണതിനെത്തുടർന്നുണ്ടായതാണ്. അതേസമയം, ഖത്തറിലേക്ക് ഇറാൻ ഏത് മാർഗമുപയോഗിച്ചാണ് മിസൈലുകൾ വർഷിക്കുന്നതെന്ന് വ്യക്തമല്ലന്ന് അൽജസീറയുടെ റിപ്പോർട്ടിൽ പറയുന്നു.
പശ്ചിമേഷ്യയിൽ 27 യുഎസ് വ്യോമതാവളങ്ങൾ തകർത്തതായി ഇറാന്റെ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നേരത്തേ അവകാശപ്പെട്ടിരുന്നു. പ്രത്യാക്രമണത്തിന്റെ ആറാംഘട്ടമാണിപ്പോഴെന്നും ഐആർജിസി പറഞ്ഞു. ടെൽനോഫിലും ടെൽ അവീവിലും ഇസ്രയേലിന്റെ പ്രതിരോധസംവിധാനങ്ങൾക്കെതിരേ ആക്രമണം നടത്തിയെന്നും അവർ അവകാശപ്പെട്ടു.
