കടക്ക് പുറത്ത്; രാഹുൽ ഗാന്ധിയുടെ മുഖാമുഖം സദസ്സിൽ മാധ്യമങ്ങൾക്ക് വിലക്ക്
പേരാവൂർ: വ്യാഴാഴ്ച പേരാവൂർ സെയ്ന്റ് ജോസഫ്‌സ് പാരിഷ് ഹാളിൽ ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി കർഷക നേതാക്കളുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ മാധ്യമ വിലക്ക്. ഹാളിലേക്ക് മാധ്യമപ്രവർത്തകരാരെയും കടത്തിവിടാൻ സംഘാടകർ തയ്യാറായില്ല. എ.ഐ.സി.സി വാർത്താ വിഭാഗത്തിന് മാത്രമായിരുന്നു പ്രവേശനം. ഇവർ നല്കിയ വീഡിയോയിൽ നിന്നാണ് മാധ്യമങ്ങൾ വാർത്ത ശേഖരിച്ചത്.
നാട്ടിലെ കർഷകരെയും കർഷക നേതാക്കളേയും മാത്രമാണ് ഹാളിൽ പ്രവേശിപ്പിക്കുന്നതെന്നായിരുന്നു സംഘാടകർ വിശദീകരിച്ചിരുന്നത്. എന്നാൽ, കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും യു.ഡി.എഫിന്റെയും ജില്ല മുതൽ പ്രാദേശികം വരെയുള്ള നേതാക്കൾക്ക് ഹാളിൽ പ്രവേശനം നല്കിയെങ്കിലും മാധ്യമപ്രവർത്തകരെ മാത്രം ചടങ്ങിൽ നിന്ന് മാറ്റിനിർത്തുകയായിരുന്നു. മീഡിയ പാസ് സംഘാടകർ അച്ചടിച്ചിരുന്നെങ്കിലും അവസാന നിമിഷമാണ് മാധ്യമപ്രവർത്തകരെ ഒഴിവാക്കാൻ തീരുമാനിച്ചത്.
