അതിജീവനത്തിന്റെ പുതിയവിലാസത്തിലേക്ക് ഉരുള്ദുരന്തബാധിതര്
കല്പറ്റ: ഒച്ചയും ആളനക്കവുമില്ലാതെ മൂകമായി കിടക്കുകയാണ് പുന്നപ്പുഴയോരത്ത് ചൂരൽമല അങ്ങാടി, പൊടിപടലത്തിൽ കുളിച്ച് ആരുംതിരിഞ്ഞുനോക്കാനില്ലാതെ അങ്ങാടിയിലെ കടകൾ, വിരലിലെണ്ണാവുന്ന കടകൾ തുറന്നുവെച്ചിട്ടുണ്ട്. ബെയ്ലി പാലത്തിനപ്പുറം റോഡുനിർമാണത്തിനായി മണ്ണുമാന്തിയന്ത്രത്തിന്റെ ശബ്ദംമാത്രം അന്തരീക്ഷത്തിൽ കേൾക്കാം.
അടിസ്ഥാനസൗകര്യവികസനം സാധ്യമാകണം
ചൂരൽമല അങ്ങാടിയെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം ചൂരൽമലയിൽ അവശേഷിക്കുന്ന ആളുകൾക്കായി അടിസ്ഥാനസൗകര്യവികസനം സാധ്യമാക്കണം. ദുരന്തത്തിൽ തകർന്ന റോഡുകൾ, പാലം എന്നിവയുടെ പുനർനിർമാണമാണ് ആദ്യംനടക്കേണ്ടത്. നിലവിൽ ബെയ്ലിപ്പാലത്തെയാണ് പുന്നപ്പുഴ കടക്കുന്നതിനായി സന്ദർശകരും വാഹനങ്ങളും ചൂരൽമലയിൽ അവശേഷിക്കുന്നവരും ഉപയോഗിക്കുന്നത്. ഇവിടെ പകരംപാലം വരും. പുന്നപ്പുഴയുടെയും ചൂരൽമലയുടെയും വീണ്ടെടുപ്പിനായി പദ്ധതികൾ പ്രഖ്യാപിച്ചുകഴിഞ്ഞതാണ്. എന്നാൽ, പ്രാഥമികമായി ടൗൺഷിപ്പിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചതുകൊണ്ട് മറ്റു പ്രവൃത്തികൾ മന്ദഗതിയിലായതാണെന്ന് അധികൃതർതന്നെ വിശദീകരിക്കുന്നു. ഇതിന്റെ പുനർനിർമാണച്ചുമതലയും യു.എൽ.സി.സി.ക്കുതന്നെയാണ്. എൻ.ഐ.ടി.യാണ് സാങ്കേതികസഹായം നൽകുന്നത്. പുഴയുടെ വീണ്ടെടുപ്പും അരികുകെട്ടലുമാണ് പദ്ധതിയിലുള്ളത്. ഉത്തരാഖണ്ഡ് മാതൃകയാണ് ഇതിനായി പിന്തുടരുന്നത്.
പുന്നപ്പുഴയുടെ വീണ്ടെടുപ്പും ചൂരൽമലയുടെ നവീകരണം ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കായി 590 കോടിയുടെ സാസ്കി ഫണ്ടിനാണ് അനുമതിലഭിച്ചത്. ഇതിന്റെ ടെൻഡർനടപടികൾ പൂർത്തിയായി. ചൂരൽമല പാലം, വനറാണി, പുഞ്ചിരിമട്ടം ഭാഗത്തുള്ള രണ്ടുപാലങ്ങൾ എന്നിവയെല്ലാം ഈ നിർമാണപദ്ധതിയിൽ ഉൾപ്പെടും. പാലംനിർമാണത്തിനുള്ള സർവേ തുടങ്ങി. ചൂരൽമല-അട്ടമലറോഡ് വീതികൂട്ടി നിർമാണംതുടങ്ങി. ചൂരൽമലയിൽത്തന്നെ ഇപ്പോഴും താമസിക്കുന്നവരുണ്ട്. ദുരന്തം ജീവൻ കൊണ്ടുപോയില്ലെങ്കിലും ജീവിതം കൊണ്ടുപോയവർ. മേപ്പാടി പഞ്ചായത്ത് പഴയ 10, 11, 12 വാർഡുകളിലെ താമസക്കാരാണിവർ. ഇവർക്കും വായ്പാ ആശ്വാസം അനുവദിക്കണമെന്നാണ് ചൂരൽമലയുടെ ആവശ്യം. ചൂരൽമലയിൽ അവശേഷിക്കുന്നവർക്കായി ഈ സാധ്യതകളെ ഉപയോഗിക്കണമെന്ന് ജനകീയ ആക്ഷൻ കമ്മിറ്റി ഭാരവാഹി ജെ.എം.ജെ. മനോജ് അഭിപ്രായപ്പെട്ടു.
വേണം ആരോഗ്യകേന്ദ്രങ്ങൾ
”അവശേഷിക്കുന്നവർക്കായി ചൂരൽമലയിൽ ആരോഗ്യകേന്ദ്രങ്ങളും അങ്ങാടിയിൽ ഫാർമസിഷോപ്പുകളും ആരംഭിക്കണം” ജനശബ്ദം ഭാരവാഹി ഉസ്മാൻ ബാപ്പു പറയുന്നു. മുണ്ടക്കൈയിൽ മുൻപ് ഡിസ്പെൻസറി ഉണ്ടായിരുന്നു. നീലിക്കാപ്പിൽ നിലവിൽ ഒരു പ്രാഥമികാരോഗ്യകേന്ദ്രമുണ്ട്. ഇവിടെ നഴ്സ് മാത്രമാണ് മിക്കപ്പോഴുമുള്ളത്. ഇവിടെ ഡോക്ടറുടെ നിയമനം സ്ഥിരപ്പെടുത്തിയാൽ ചൂരൽമലക്കാർക്ക് ഉപകാരമാകും.
ഉയരണം സ്കൂളുകൾ
ദുരന്തത്തിൽ തകർന്ന സ്കൂളുകൾക്ക് പകരം കുഞ്ഞുങ്ങൾക്ക് പുതിയ സ്കൂൾക്കെട്ടിടങ്ങൾ അനുവദിക്കണമെന്നത് ചൂരൽമലയുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമാണ്. ദുരന്തത്തിൽ വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, മുണ്ടക്കൈ എൽ.പി. സ്കൂൾ എന്നിവ തകർന്നിരുന്നു. രണ്ടുസ്കൂളുകളിൽനിന്നുമായി 43 വിദ്യാർഥികളെയും ഉരുളെടുത്തിരുന്നു.
സ്കൂളുകൾക്കായി നീലിക്കാപ്പിൽ സ്ഥലംകണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 2.5 ഏക്കർഭൂമിയിൽ ഏഴുമുതൽ 12-ാംക്ലാസ് വരെയുള്ള കെട്ടിടം വെള്ളാർമല ജി.വി.എച്ച്.എസ്.എസിനായും മുണ്ടക്കൈ എൽ.പി. സ്കൂളിനായും ഒരുങ്ങും.
ടൗൺഷിപ്പ് യാഥാർഥ്യമാകുന്നതോടെ ദുരന്തബാധിതമേഖലയിലെ മിക്ക കുട്ടികൾക്കും ആദ്യം കല്പറ്റയിലെ സ്കൂളുകളിലും പിന്നീട് ടൗൺഷിപ്പിൽ തയ്യാറാവുന്ന സ്കൂളിലേക്കുമായി പഠനം സാധ്യമാകുമെന്നാണ് പ്രതീക്ഷ. നിലവിൽ വെള്ളാർമല സ്കൂളിൽ 546 വിദ്യാർഥികളും മുണ്ടക്കൈയിൽ 61 വിദ്യാർഥികളുമാണുള്ളത്.
വീടായെങ്കിലും ജീവിക്കാൻ തൊഴിലെന്തെങ്കിലും വേണമല്ലോ
ചൂരൽമലയിലും മുണ്ടക്കൈയിലുമെല്ലാം പലതരം ജോലികളിൽ ഏർപ്പെട്ടിരുന്നവർക്ക് വരുമാനമാർഗങ്ങൾകൂടിയാണ് ദുരന്തത്തിൽ നഷ്ടപ്പെട്ടത്. ഏക്കറുകണക്കിനുണ്ടായിരുന്ന കൃഷിഭൂമി നഷ്ടപ്പെട്ടവർ, ചൂരൽമല അങ്ങാടിയിലെ കച്ചവടക്കാർ, ഹോംസ്റ്റേകൾ നടത്തിയിരുന്നവർ… എന്നിങ്ങനെ മുഖങ്ങൾ പലതാണെങ്കിലും ആവശ്യം ഒന്നുതന്നെയാണ്, ഉപജീവനം.
പുനരധിവാസപ്രക്രിയയുടെ ഭാഗമായി കുടുംബശ്രീ തയ്യാറാക്കിയ മൈക്രോപ്ളാൻ പ്രകാരമാണ് ആദ്യഘട്ടംമുതൽ അതിജീവിതർക്ക് പ്രതീക്ഷ. ആരോഗ്യം, പോഷകാഹാരം, ഉപജീവനം, നൈപുണി വികസനം, വിദ്യാഭ്യാസം, മാനസിക-സാമൂഹിക സുരക്ഷ എന്നീ മേഖലകളിലായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് മൈക്രോപ്ലാൻ തയ്യാറാക്കിയത്. ൈമക്രോപ്ലാൻ അടിസ്ഥാനത്തിൽ 1084 ദുരന്തബാധിതകുടുംബങ്ങളെയാണ് കണ്ടെത്തിയത്. ഇതിൽ ദുരന്തം നേരിട്ടുബാധിച്ചവർ എന്ന മാനദണ്ഡപ്രകാരം 402 കുടുംബങ്ങളെ ആദ്യഘട്ടത്തിൽ സർക്കാർ മൈക്രോപ്ളാനിന്റെ ഭാഗമാക്കി.
മേപ്പാടി പഞ്ചായത്തിലെ പഴയ 10, 11, 12 വാർഡുകളിലെ ഓരോ കുടുംബത്തിന്റെയും പ്രതിസന്ധികളും ആവശ്യങ്ങളും മൈക്രോപ്ലാൻ രൂപവത്കരിക്കുന്നതിനായി പഠനവിധേയമാക്കിയിരുന്നു.
കല്പറ്റയിൽ ടൗൺഷിപ്പിലേക്ക് മാറുമ്പോൾ ഒട്ടേറെപ്പേർ അനുഭവിക്കാനിടയുള്ള ബുദ്ധിമുട്ടാണ് തൊഴിലുകൾ എങ്ങനെ കണ്ടെത്തുെമന്നത്. തൊഴിലുകൾ കണ്ടെത്തുന്നതിന് സംഘടനകളും തൊഴിൽദാതാക്കളും സഹായിക്കണമെന്ന് അതിജീവിതർ പറയുന്നു.
”ഞങ്ങളുടെ വിദ്യാഭ്യാസയോഗ്യത പരിശോധിച്ച് അതിനുതകുന്ന എന്ത് ജോലിയാണെങ്കിലും സ്വീകരിക്കാം, അർഹത അനുസരിച്ചുള്ളത് തന്നാൽ മതി” -ലാൻഡ്സ്ലൈഡ് അസോസിയേഷൻ ഫേസ് വൺ ഭാരവാഹി മഹേഷ് നിവാസിലെ ബ്രഷ്നോകുമാർ പറഞ്ഞു.
തൊഴിൽപരിശീലനവും തൊഴിൽമേളകളും ഒരുങ്ങുന്നു
മൈക്രോപ്ളാനിൽ നേരത്തേ ഉൾപ്പെടുത്തിയ 402 കുടുംബങ്ങളോടൊപ്പം നിലവിൽ 48 കുടുംബങ്ങളെക്കൂടി ചേർത്ത് മൈക്രോപ്ളാൻ വിപുലീകരിച്ചിട്ടുണ്ട്. വിജ്ഞാനകേരളവുമായി സഹകരിച്ച് മാർച്ചിൽ അതിജീവിതർക്കായി തൊഴിൽമേള നടത്താൻ ഒരുങ്ങുകയാണ് കുടുംബശ്രീ ജില്ലാമിഷനെന്ന് കോഡിനേറ്റർ കെ.പി. ജയചന്ദ്രൻ പറഞ്ഞു.
കേന്ദ്രസർക്കാർ പദ്ധതിയായ ദീൻദയാൽ ഉപാധ്യായ് ഗ്രാമീൺ കൗശൽയോജനപ്രകാരം ഹ്രസ്വകാല കോഴ്സുകളിൽ തൊഴിൽ പരിശീലനവും നൈപുണിവികസനവും നിയമനവും സാധ്യമാക്കും.
പതിനായിരം പേർ പങ്കെടുക്കും -കളക്ടർ
ടൗൺഷിപ്പിന്റെ ഉദ്ഘാടനച്ചടങ്ങിന് മോടിയേകാൻ ജില്ല സജ്ജമാണെന്നും പതിനായിരങ്ങൾ പങ്കെടുക്കുന്ന ഉദ്ഘാടനപരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതംചെയ്യുന്നതായും കളക്ടർ ഡി.ആർ. മേഘശ്രീ. ടൗൺഷിപ്പിന്റെ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ എല്ലാവരുടെയും മികച്ച പിന്തുണയാണ് ലഭിച്ചത്. ദുരന്തത്തിൽ നഷ്ടമായ മുണ്ടക്കൈ ഗവ. എൽ.പി. സ്കൂൾ, വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വെള്ളാർമല വില്ലേജ്, വെറ്ററിനറി പോളിക്ലിനിക്, അങ്കണവാടി എന്നിവ മേപ്പാടി ഗ്രാമപ്പഞ്ചായത്തിൽത്തന്നെ നിർമിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുകയാണ്.
ടൗൺഷിപ്പിൽ വീട്, സാമ്പത്തികസഹായം എന്നിവ വേണ്ടെന്നുപറഞ്ഞവരും സാമ്പത്തികസഹായം മാത്രം മതിയെന്നുപറഞ്ഞവരും നിലവിൽ ടൗൺഷിപ്പിലേക്ക് വരാൻ സന്നദ്ധതയറിയിച്ചതായും കളക്ടർ പത്രസമ്മേളനത്തിൽ അറിയിച്ചു. എ.ഡി.എം. കെ.എസ്. അനിൽകുമാർ, ഡെപ്യൂട്ടി കളക്ടർ കെ. മനോജ് കുമാർ, ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.എസ്. നസിയ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഗ്രാമത്തിൽനിന്ന് ടൗൺഷിപ്പിലേക്ക്…
പുഴകൾ, വെള്ളച്ചാട്ടങ്ങൾ, കാടുകൾ പൂക്കുന്ന മലഞ്ചെരിവുകൾ, കളങ്കമില്ലാത്ത സൗഹൃദങ്ങൾ, കന്നുകാലികൾ മേയുന്ന പുൽമേടുകൾ, നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങൾ… കല്പറ്റയിലെ ടൗൺഷിപ്പിലെത്തുമ്പോൾ ദുരന്തബാധിതർക്ക് ഇതെല്ലാം ഓർമ്മകളാകും. മുണ്ടക്കൈയിലെ സീതമ്മക്കുണ്ടിലാണ് നാട്ടുകാർ നീന്തൽ പഠിച്ചിരുന്നത്. നീന്തലറിയാത്തവർ ഇവിടെ വിരളമാണ്.
പൊള്ളുന്ന യാഥാർഥ്യങ്ങൾ ഉൾക്കൊള്ളാനാവാതെയാണ് ഗ്രാമങ്ങളുടെ നിഷ്കളങ്കതയിൽനിന്ന് ദുരന്തബാധിതർ കല്പറ്റ ടൗൺഷിപ്പിന്റെ പുതിയ വിലാസത്തിലേക്ക് എത്തുന്നത്.
ദുരന്തത്തിനുമുൻപ് 350-ഓളം കുടുംബങ്ങളാണ് മുണ്ടക്കൈയിൽ ഉണ്ടായിരുന്നത്. ദുരന്തം നടന്ന് ഒന്നരവർഷത്തിനിപ്പുറം ഇവിടം വിജനമാണ്. മതിൽക്കെട്ടുകളില്ലാത്ത ജീവിതമായിരുന്നു അവരുടേത്. വിവാഹങ്ങളിലും മരണാനന്തരച്ചടങ്ങുകളിലും ഉത്സവങ്ങളിലും നബിദിനാഘോഷങ്ങളിലും ഈ ഒരുമ പ്രകടമായിരുന്നു.
വിവാഹത്തിന് സദ്യയൊരുക്കുന്നതുമുതൽ പന്തൽ കെട്ടുന്നതുവരെ നാട്ടുകാർ ഏറ്റെടുക്കുമായിരുന്നു. പാത്രങ്ങൾ കഴുകി, മുറ്റമടിച്ച് വൃത്തിയാക്കിയിട്ടാണ് നാട്ടുകാർ വിവാഹവീട്ടിൽനിന്ന് തിരിച്ചുപോയിരുന്നതെന്ന് കോനാടൻ റസാഖും പെയ്തിനിപ്പാറ ഷമീറും പറഞ്ഞു. കുന്നും മലകളും താണ്ടിയുള്ള ഈ പറിച്ചുനടലിൽ പ്രിയപ്പെട്ടവരിൽ പലരും കൂടെയില്ലല്ലോ എന്ന തിരിച്ചറിവും അവർക്ക് താങ്ങാവുന്നതിലധികമാണ്.
