പൊലീസ് വകുപ്പിൽ 51 അധിക തസ്തിക: കണ്ണൂരിൽ ഫിംഗർപ്രിൻറ് ബ്യൂറോ
തിരുവനന്തപുരം: പൊലീസ് വകുപ്പിൽ 51 അധിക തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊലീസ് വകുപ്പിലെ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർമാരുടെ തുല്യ എണ്ണം തസ്തികകൾ അപ്ഗ്രേഡ് ചെയ്ത് നാല് സബ് ഇൻസ്പെക്ടർ ഡ്രൈവർ, 12 അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഡ്രൈവർ, 35 ഹെഡ് കോൺസ്റ്റബിൾ ഡ്രൈവർ എന്നിങ്ങനെ 51 അധിക തസ്തികകൾ സൃഷ്ടിക്കാനാണ് തീരുമാനിച്ചത്. പ്രമോഷൻ തസ്തികകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഫീഡർ തസ്തികകളുടെ എണ്ണത്തിലെ അപര്യാപ്തതയും ജീവനക്കാരുടെ പ്രമോഷനിലെ സ്തംഭനാവസ്ഥയും കണക്കിലെടുത്താണിത്.
ഫിംഗർപ്രിന്റ് ബ്യൂറോ
ജില്ലാ ഫിംഗർപ്രിന്റ് ബ്യൂറോ ഇല്ലാത്ത ഏക ജില്ലയായ കണ്ണൂർ പൊലീസ് റൂറൽ ജില്ലയിൽ നാല് തസ്തികകളോട് കൂടി പുതിയ ഫിംഗർപ്രിന്റ് ബ്യൂറോ സ്ഥാപിക്കാൻ തീരുമാനിച്ചു. ടെസ്റ്റർ ഇൻസ്പെക്ടർ- 1, ഫിംഗർപ്രിന്റ് എക്സ്പേർട്ട്- 2, ഫിംഗർപ്രിന്റ് സെർച്ചർ- 1 എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിക്കുക.
സംസ്ഥാന പൊലീസ് മേധാവിയുടെ കാലാവധി നീട്ടി
സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിൻറെ ഡിജിപി സ്ഥാനത്തുള്ള നിയമനം ഒരു വർഷത്തേക്കു കൂടി നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രകാശ് സിങ്ങ് കേസിലെ സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിൻറെ ഭാഗമായിട്ടാണ് കാലാവധി നീട്ടിയത്. 2026 ജൂൺ 30ന് വിരമിക്കേണ്ടിയിരുന്ന റവാഡ ചന്ദ്രശേഖറിന് 2027 ജൂൺ 30 വരെ നിയമനം നീട്ടി നൽകും.
