സ്ത്രീ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായവരുടെ വിവരവും ചോർത്തി; കൂടുതൽ രേഖകളുമായി ചെന്നിത്തല
തിരുവനന്തപുരം: ഡാറ്റാ ചോർച്ചയുമായുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡാറ്റാ ചോർച്ചയുടെ പിന്നിൽ പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്. മുഖ്യമന്ത്രി നേരിട്ട് ഒരു കോടിയിലേറെ പേരുടെ വിവരങ്ങൾ അവരുടെ സമ്മതമില്ലാതെ ശേഖരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആ വിവരങ്ങൾ സ്വകാര്യ ഏജൻസിക്ക് കൈമാറിയെന്നും അദ്ദേഹം ആരോപിച്ചു. സാധാരണക്കാരായ സ്ത്രീകളുടെ അടക്കം വിവരങ്ങൾ കൈമാറി. ഇത് ഗുരുതര സാമൂഹിക വിഷയമാണെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി ഓഫീസ് വിവരങ്ങൾ ആവശ്യപ്പെട്ട് അയച്ച രണ്ട് കത്തുകളും ചെന്നിത്തല പുറത്തുവിട്ടു
സ്ത്രീ സുരക്ഷാ പദ്ധതിയിൽ ചേർത്തവരുടെ പേരുവവിരങ്ങളും സർക്കാർ ചോർത്തി. ലക്ഷക്കണക്കിന് സാധാരണക്കാരായ സ്ത്രീകളുടെ വിവരങ്ങളാണ് സർക്കാർ ചോർത്തിയത്. ഇതിന് പിന്നിലും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ്. ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കേരളത്തിലെ 35 നു മുകളിൽ പ്രായമുള്ള ലക്ഷക്കണക്കിന് സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി നൽകിയ കത്ത് പ്രകാരം ചോർത്തിയെടുത്തതെന്ന് ചെന്നിത്തല ആരോപിച്ചു. ഇതിനുതെളിവായി മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യുട്ടി സീറാം സാംബശിവറാവു ഫെബ്രുവരി ഏഴിന് അയച്ച കത്തും അദ്ദേഹം പുറത്തുവിട്ടു.
പാവപ്പെട്ട സ്ത്രീകളുൾപ്പെടെയുള്ള ലക്ഷക്കണക്കിനാളുകളുടെ വ്യക്തിവിവരങ്ങൾ ചോർത്തി യാതൊരു മുൻകരുതലുമില്ലാതെ സ്വകാര്യ ഏജൻസികൾക്കു കൈമാറി തെരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഈ ഡാറ്റ ലഭിച്ച സ്വകാര്യ ഏജൻസികൾ ഇവ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എട്ട് ലക്ഷത്തോളം സംസ്ഥാന സർക്കാർ ജീവനക്കാർ, 72 ലക്ഷം ക്ഷേമ പെൻഷൻകാർ, മൂന്ന് ലക്ഷം ചെറുകിട സംരംഭകർ, സ്ത്രിസുരക്ഷാ പദ്ധതിയിൽ പേരു ചേർത്തവർ തുടങ്ങി ഒരുകോടിയിൽപരം വ്യക്തികളുടെ ഫോൺ നമ്പർ, പേര്, പ്രായം, ലിംഗം, ജില്ല, താലൂക്ക്, വാർഡ്, തദ്ദേശസ്ഥാപനം എന്നിങ്ങനെയുള്ള കോടിക്കണക്കിന് രൂപയുടെ വാണിജ്യമൂല്യമുള്ള ഗവൺമെന്റ് വെരിഫൈഡ് വ്യക്തിഗത വിവരങ്ങൾ സ്വകാര്യ കമ്പനികൾക്കു കൈമാറാൻ നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത് ക്രിമിനൽ കുറ്റമാണ്. ഗുരുതരമായ ക്രിമിനൽ കുറ്റം ചെയ്ത മുഖ്യമന്ത്രി രാജി വെച്ച് ഒഴിയണം. ഈ വിഷയത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഡാറ്റകൾ പുറത്തുപോയാൽ സൈബർ തട്ടിപ്പടക്കമുള്ള വൻ കുറ്റകൃത്യങ്ങൾക്ക് വഴിവെക്കുമെന്നും സൈബർ തട്ടിപ്പ് സംഘങ്ങളുടെ കയ്യിൽ ഈ പാവപ്പെട്ട സ്ത്രീകളുടെ വ്യക്തിവിവരങ്ങൾ എത്തിയാൽ ഗുരുതരമായ പ്രത്യഘാതമാണുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
