വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച കെഎസ്യു പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം
കോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്യു പ്രവര്‍ത്തകന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതായി പരാതി. കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്റെ വീടിന് തിരുവള്ളൂരിലെ നേരെയാണ് സ്ഫോടക വസ്തു എറിഞ്ഞത്. വടകര പൊലീസ് കേസെടുത്തു. ബോംബേറ് ആണ് വീടിന് നേരെ ഉണ്ടായതെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
പുലർച്ചെ 2.30ഓടെയാണ് സംഭവം. വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. മന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുകയും പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേൽക്കുകയും ചെയ്തെന്ന കേസിൽ റിമാൻഡിലാണ് ബിതുൽ. ബിതുലിന് പുറമെ എം സി അതുൽ, സി എച് മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂൽ എന്നിവരും റിമാൻഡിലാണ്.
കെഎസ്യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് അക്രമിച്ചെന്നാണ് എഫ്ഐആറിൽ ഉള്ളത്. ‘കൊല്ലെടാ’ എന്ന് അക്രോശിച്ചാണ് പ്രവർത്തകർ എത്തിയതെന്നും മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് അക്രമിക്കുകയായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. മന്ത്രിയെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഗൺമാനെയും അക്രമിച്ചതായി എഫ്ഐആറിൽ ഉണ്ട്. മന്ത്രിയുടെ ഗൺമാൻ എം എസ് അഭിലാഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെലീസ് കേസെടുത്തത്.
അതേസമയം വീണാ ജോർജ് ആശുപത്രി വിട്ടു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽനിന്നും മന്ത്രിയെ ഡിസ്ചാർജ് ചെയ്തത്. കണ്ണൂരിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ റോഡ് മാർഗം മന്ത്രി തലസ്ഥാനത്തേക്ക് തിരിക്കുകയായിരുന്നു. തുടർ ചികിത്സകൾ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ നടക്കും.
