നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെവിട്ടതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടതിനെതിരെ സർക്കാർ അപ്പീൽ. ദിലീപിനെതിരെ ശക്തമായ തെളിവുണ്ട് എന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. ഗൂഢാലോചനയ്ക്കും ആക്രമണ കാരണത്തിനും വ്യക്തമായ തെളിവുണ്ട് എന്ന് സർക്കാർ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സാക്ഷിമൊഴികളെ നിസാരമായി തള്ളിക്കളഞ്ഞുവെന്നും തെളിവുകളെ തെറ്റായി പരിഗണിച്ചു എന്നുമാണ് അപ്പീലിൽ പറയുന്നത്.
അപ്പീൽ നൽകാനുള്ള സമയപരിധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സർക്കാരിന്റെ അപ്പീൽ ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട മതിയായ തെളിവുകൾ ഉണ്ടായിട്ടും അത് വിചാരണ കോടതി കൃത്യമായി പരിഗണിച്ചിട്ടില്ല എന്നതാണ് പ്രോസിക്യൂഷന്റെ ഏറ്റവും വലിയ പരാതിയായി അപ്പീലിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കേസിൽ ഗൂഢാലോചനയും ആക്രമണ കാരണവും കാണിക്കുന്ന എല്ലാ തെളിവുകളും കോടതിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. എന്നാൽ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തിട്ടുള്ള പ്രതികളുടെ ഗൂഢാലോചന മാത്രമാണ് കോടതി നിരീക്ഷിച്ചിട്ടുള്ളത്. അല്ലാതെ, കൃത്യത്തിലേക്ക് നയിച്ച ഗൂഢാലോചനയെക്കുറിച്ച് കോടതി ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു ഗൂഢാലോചനയേ നടന്നിട്ടില്ല എന്ന തരത്തിലാണ് കോടതി നിരീക്ഷണം.
ഇത് തെറ്റായ കണ്ടെത്തലാണ് എന്നാണ് പ്രോസിക്യൂഷൻ അപ്പീലിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേസിൽ എട്ടാം പ്രതിയായ ദിലീപിനെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും അപ്പീലിൽ ചോദ്യംചെയ്തിരിക്കുന്നത്. ദിലീപിനെതിരായ ചില സാക്ഷിമൊഴികളെ നിസാരമായ കാരണങ്ങളുടെ പേരിൽ അവഗണിച്ചുവെന്നും പറയുന്നു. 400 പേജുകളുള്ള വിശദമായ അപ്പീലാണ് സർക്കാർ സമർപ്പിച്ചിരിക്കുന്നത്.
1000 പേജിലധികമുള്ള വിധിന്യായത്തിലെ പാകപ്പിഴകൾ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള അപ്പീലാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. കേസിൽ ശിക്ഷിക്കപ്പെട്ട പൾസർ സുനി അടക്കമുള്ള പ്രതികൾക്ക് നൽകിയത് ഏറ്റവും കുറഞ്ഞ ശിക്ഷയാണ് എന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ക്വട്ടേഷൻ സംഘാംഗങ്ങൾ ചെയ്ത കുറ്റത്തിന് കിട്ടാവുന്നതിൽ ഏറ്റവും കുറഞ്ഞ ശിക്ഷയാണ് അവർക്ക് കോടതി നൽകിയതെന്നും അപ്പീലിൽ ആക്ഷേപമുണ്ട്.
കുറ്റം ചെയ്തതായി തെളിഞ്ഞ സ്ഥിതിക്ക് അവർക്ക് പരമാധവി ശിക്ഷ നൽകണമായിരുന്നു എന്നും അപ്പീലിൽ പറയുന്നു. ദിലീപിനെക്കൂടാതെ, കേസിൽ വിട്ടയച്ച ചാർളി, ദിലീപിന്റെ സുഹൃത്ത് ശരത് എന്നിവരേയും കേസിൽ ശിക്ഷിക്കണം എന്ന ആവശ്യമാണ് അപ്പീലിന്റെ ഭാഗമായി പ്രോസിക്യൂഷൻ മുന്നോട്ടുവെച്ചിരിക്കുന്നത്.
