വയനാട് ടൗൺഷിപ്പ്: പ്രധാന റോഡുകളുടെ ടാറിങ് തുടങ്ങി; വീടുകളുടെ മിനുക്കുപണി അന്തിമഘട്ടത്തിൽ

Share our post

കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിൽ റോഡുകളുടെ ടാറിങ് തുടങ്ങി. ബൈപ്പാസിൽനിന്ന് ടൗൺഷിപ്പിലേക്ക് പ്രവേശിക്കുന്ന പ്രധാന റോഡിന്റെയും രണ്ട് ഉപറോഡുകളിൽ ഒന്നിന്റെയും ടാറിങ്ങാണ് തുടങ്ങിയത്. സിമന്റ് ട്രീറ്റഡ് ബെയ്‌സ്(സി.പി.ടി.) സാങ്കേതികവിദ്യയിൽ അത്യാധുനിക നിലവാരത്തിലാണ് റോഡുകൾ നിർമിക്കുന്നത്. പ്രധാന കവാടത്തിലൂടെ 12.65 മീറ്റർ വീതിയുള്ള റോഡും രണ്ട് ഉപകവാടങ്ങളിലൂടെ 9.5 മീറ്റർ വീതിയുള്ള റോഡുകളുമാണ് നിർമിക്കുന്നത്. നാലുപാളികളായാണ് റോഡുകൾ നിർമിക്കുന്നത്. ആദ്യം റോളർ ഉപയോഗിച്ച് മണ്ണ് ഉറപ്പിച്ച് ആദ്യപാളി തയ്യാറാക്കി. ഉറപ്പിച്ച മണ്ണിൽ ജി.എസ്.ബി. നിരത്തി ഫുൾ ഡെപ്ത് റിക്ലമേഷൻ (എഫ്.ഡി.ആർ.) യന്ത്രം ഉപയോഗിച്ച് മണ്ണും സിമന്റും കെമിക്കലും ചേർത്ത് 25 സെന്റിമീറ്റർ കനത്തിൽ രണ്ടാംപാളി കോൺക്രീറ്റ് ചെയ്തു. രണ്ടാം പാളിക്കുമുകളിൽ കല്ലുനിരത്തി മൂന്നാംപാളിയൊരുക്കി. നാലാംപാളിയിൽ ബിറ്റുമിനസ് കോൺക്രീറ്റ് (ബി.സി.) ടാറിങ്ങാണ് നടത്തുന്നത്. അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോെടയാണ് റോഡുകളുടെയും പ്രവൃത്തി.

ആകെ 11.423 കിലോമീറ്റർ റോഡാണ് ടൗൺഷിപ്പിൽ നിർമിക്കുന്നത്. ഇട റോഡുകളായി കണക്കാക്കുന്ന റോഡിന് 5.8 മീറ്ററാണ് വീതി.7.533 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഈ റോഡുകൾ നിർമിക്കുന്നത്. ടൗൺഷിപ്പുകൾക്കിടയിൽ വീടുകളെത്തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾ ഇന്റർലോക്ക് ചെയ്യും. ഇടറോഡുകളുടെ പ്രവൃത്തിയും പുരോഗമിക്കുകയാണ്. മണ്ണുനിരത്തി വൈബ്രേറ്റർ റോളർ ഉപയോഗിച്ചാണ് റോഡൊരുക്കുന്നത്.

വീടുകളുടെ മിനുക്കുപണി അന്തിമഘട്ടത്തിൽ

ടൗൺഷിപ്പിൽ ആദ്യഘട്ടഗുണഭോക്താക്കൾക്ക് കൈമാറുന്ന 178 വീടുകളുടെ പ്രവൃത്തികൾ ഭൂരിഭാഗവും പൂർത്തിയായി. ചുറ്റുമതിലിന്റെ തേപ്പും അവസാനഘട്ട മിനുക്കുപണികളും വൈദ്യുതിബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികളുമാണ് ഇപ്പോൾ പ്രധാനമായും നടക്കുന്നത്. മൂന്നാംസോണിലെ എ, ബി. ക്ലസ്റ്ററുകളിൽ വീടിന്റെ പ്രവൃത്തികൾ പൂർത്തിയാക്കി ചുറ്റുപാടുകൾ വൃത്തിയാക്കുന്ന പ്രവൃത്തിയിലേക്ക് കടന്നു.

എ ക്ലസ്റ്ററിൽ വീടുകൾക്കുമുൻപിൽ ഒഴിഞ്ഞ ഭാഗത്ത് നടപ്പാതയൊരുക്കി സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ചുറ്റിലും പുല്ലുപാകിത്തുടങ്ങി. ക്ലസ്റ്റർ ബിയിൽ വീടുകൾക്കുമുൻപിലായി പുല്ലുപാകുന്നതിനുള്ള സ്ഥലമൊരുക്കി. നടപ്പാതയ്ക്കായി ബാംഗ്ലൂർ സ്റ്റോൺ പതിപ്പിക്കുന്ന പ്രവൃത്തി തുടങ്ങി. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി അലങ്കാരച്ചെടികളും സ്ഥാപിക്കും.

ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട ഫേസ് ഒന്നിൽ ഉൾപ്പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ വീടുകൾ കൈമാറുന്നത്. മാർച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറും. അഞ്ചുസോണിലായി 410 വീടുകളാണ് നിർമിക്കുന്നത്. ഏഴുസെന്റിൽ 1000 ചതുരശ്രയടിയിലാണ് വീടുകൾ ഒരുങ്ങുന്നത്. 1662-ലധികം ആളുകൾക്കാണ് ടൗൺഷിപ്പ് തണലാവുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!