കളഞ്ഞുകിട്ടിയ ആഭരണത്തെ ചൊല്ലി തർക്കം; ചായക്കട ജീവനക്കാരന് പരിക്ക്
കോഴിക്കോട്: താമരശ്ശേരിയില്‍ കളഞ്ഞുകിട്ടിയ ആഭരണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ക്ക് പരിക്ക്. താമരശ്ശേരിയിലെ ചായക്കട ജീവനക്കാരനാണ് പരിക്കേറ്റത്. ഉടമയെ തിരിച്ചേല്‍പ്പിക്കണം എന്ന് പറഞ്ഞ് ചായക്കടയില്‍ ഏല്‍പ്പിച്ച സ്വര്‍ണാഭരണം ജീവനക്കാരന്‍ സ്വന്തമാക്കി എന്നാരോപിച്ചായിരുന്നു തര്‍ക്കം. ഹോട്ടല്‍ ജീവനക്കാരന്‍ ബിനേഷിനാണ് സംഭവത്തില്‍ പരിക്കേറ്റത്.
താമരശ്ശേരി കല്ലുവെട്ട് കുഴി നാസറിന് കളഞ്ഞുകിട്ടിയ സ്വര്‍ണം ബിനേഷിനെ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു. സ്വര്‍ണം കയ്യില്‍ സൂക്ഷിക്കണമെന്നും ഉടമ വരുമ്പോള്‍ തിരികെ നല്‍കണമെന്നും ചട്ടംകെട്ടിയായിരുന്നു നാസര്‍ ബിനേഷിനെ സ്വര്‍ണം ഏല്‍പ്പിച്ചത്. നാസര്‍ ഇടയ്ക്ക് വന്ന് അന്വേഷിക്കുമ്പോള്‍ ഉടമ വന്നിട്ടില്ലെന്ന് ബിനേഷ് പറയുമായിരുന്നു. എന്നാല്‍ ഒരു ദിവസം സ്വര്‍ണം അന്വേഷിച്ച് നാസര്‍ എത്തിയപ്പോള്‍ അത് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു എന്നായിരുന്നു നാസര്‍ നല്‍കിയ മറുപടി. എന്നാല്‍ ബിനേഷ് പൊലീസ് സ്റ്റേഷിനില്‍ പോയി അന്വേഷിച്ചപ്പോള്‍ അത്തരത്തില്‍ ഒന്ന് അവിടെ കിട്ടിയിട്ടില്ല എന്നായിരുന്നു അവരുടെ മറുപടി.
പൊലീസ് സ്റ്റേഷനില്‍ ആഭരണം എത്തിയിട്ടില്ല എന്ന് മനസിലാക്കിയ നാസര്‍ വീണ്ടും ബിനേഷിനെ കാണാനെത്തി. അത് മുക്കുപണ്ടമായതിനാല്‍ കളഞ്ഞു എന്നായിരുന്നു പിന്നീട് ബിനേഷ് നല്‍കിയ മറുപടി. ഇതിന് പിന്നാലെ ഇന്നലെ രാത്രിയോടെ ബിനേഷും നാസറും വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. സംഘര്‍ഷത്തില്‍ ബിനേഷിന് പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സ്വര്‍ണാഭരണം സ്ഥലത്ത് നിന്നും കണ്ടെടുത്തെങ്കിലും ഇത് മുക്കുപണ്ടമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
