കെ.കെ. ശൈലജയെ പരിഗണിച്ചേക്കില്ല, ഇളവ് പിണറായിക്ക് മാത്രം; തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ പേരും

Share our post

കണ്ണൂർ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ സിപിഎമ്മിൽ നിന്നും വിജയിച്ചുകയറിയ കെ.കെ ശൈലജയെ ഇത്തവണ എവിടെയും പരിഗണിക്കാനിടയില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് മത്സരിക്കാനുള്ളവരുടെ പേരുകൾ പരിഗണിച്ചത്. ടു ടേം വ്യവസ്ഥ മറികടന്ന് ധർമടത്ത് പിണറായി വിജയന് മാത്രമാണ് ഇളവ് നൽകാൻ സാധ്യത. ഇതോടെയാണ് കെ.കെ ശൈലജ ലിസ്റ്റിൽ ഇടംപിടിക്കാതെവന്നത്. കെ.കെ ശൈലജയുടെ കാര്യത്തിൽകൂടി ടേം വ്യവസ്ഥ മറികടന്ന് തീരുമാനം വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കെ.കെ ശൈലജ ഇപ്പോൾ സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായതിനാൽ തീരുമാനം അവിടെനിന്നാണ് വരേണ്ടത്.

കെ.കെ ശൈലജയ്ക്ക് പകരം മട്ടന്നൂരിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെ പേരാണ് പരിഗണിച്ചത്. നേരത്തെ പേരാവൂരടക്കം കെ.കെ ശൈലജയുടെ പേര് ഉയർന്ന് കേട്ടിരുന്നുവെങ്കിലും ഇവിടെ കഴിഞ്ഞ തവണ മത്സരിച്ച സക്കീർ ഹുസൈനിന്റെ പേര് തന്നെയാണ് ജില്ലാ സെക്രട്ടേറിയറ്റ് പരിഗണിച്ചത്. 3172 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് കഴിഞ്ഞതവണ സണ്ണിജോസഫ് ഇവിടെനിന്ന് വിജയിച്ചത്.

രക്തസാക്ഷി ഫണ്ട് വിവാദത്തിൽ ആരോപണവിധേയനായ ടി.ഐ മധുസൂദനനെത്തന്നെയാണ് പയ്യന്നൂരിൽ ഇത്തവണ ജില്ലാ സെക്രട്ടേറിയറ്റ് പരിഗണിച്ചത്. മധുസൂദനനെ മാറ്റിയാൽ ഫണ്ട് വിവാദം സിപിഎം അംഗീകരിക്കുന്നതിന് തുല്യമാകുമെന്ന വിലയിരുത്തിൽ വന്നതോടെയാണ് അദ്ദേഹത്തേത്തന്നെ പരിഗണിക്കാൻ തീരുമാനിച്ചത്.

സംസ്ഥാന സെക്രട്ടറി ആയതോടെ മത്സര രംഗത്തുനിന്ന് മാറിനിൽക്കുന്ന എം.വി ഗോവിന്ദന് പകരം തളിപ്പറമ്പിൽ എൻ. സുകന്യ, എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമള എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. അഴീക്കോട് മണ്ഡലത്തിൽ എം.വി. നികേഷ് കുമാറിന്റെ പേര് ഉയർന്നുകേട്ടിരുന്നുവെങ്കിലും കെ.വി സുമേഷിന്റെ പേരുതന്നെയാണ് യോഗം മുന്നോട്ടുവെച്ചത്. തലശ്ശേരിയിൽ എ.എൻ ഷംസീറിന് പകരം കാരായി രാജൻ, കല്യാശ്ശേരിയിൽ വി. വിജിൻ എന്നിവരുടെ പേരുകളും മുന്നോട്ട് വെച്ചിട്ടുണ്ട്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!