പേരാവൂരിൽ രാഹുൽ ഗാന്ധിയുടെ മുഖാമുഖം; ഒരുക്കങ്ങൾ പൂർത്തിയായി
പേരാവൂർ: ജില്ലയിലെ കർഷക സംഘടന നേതാക്കളുമായും കർഷക പ്രതിനിധികളുമായും രാഹുൽ ഗാന്ധി നടത്തുന്ന സംവാദ സദസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് പേരാവൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വ്യാഴാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന രാഹുൽ ഗാന്ധി 11 മണിയോടെപേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഫൊറോന പള്ളി പാരിഷ് ഹാളിലെത്തും. സംവാദ ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ, വർക്കിങ്ങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി, കെ.സുധാകരൻ എം.പി, എം.എൽ.എമാർ, എം.പിമാർ തുടങ്ങിയവർ സംബന്ധിക്കും. ഏകദേശം രണ്ട് മണിക്കൂറോളം സംവാദം നടക്കും.
ഹാളിൽ തിരഞ്ഞെടുക്കപ്പെടുന്ന 700 ഓളം കർഷകർക്കും കർഷക സംഘടന പ്രതിനിധികൾക്കും പ്രവേശനമുണ്ടാവും. ഹാളിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ഏകദേശം മൂവായിരത്തോളം പേരെയും പ്രതീക്ഷിക്കുന്നു.തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി.സ്‌കൂൾ ഗ്രൗണ്ട്, തൊണ്ടിയിൽ പാലത്തിന് സമീപമുള്ള ഗ്രൗണ്ട്, മേലെ തൊണ്ടിയിൽ, ടൗൺ സ്‌ക്വയർ എന്നിവിടങ്ങളിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബൈജു വർഗീസ്, സുരേഷ് ചാലാറത്ത്, ബെന്നി തോമസ്, പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ, ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എ.നസീർ എന്നിവരും പങ്കെടുത്തു.
