ആന അടിച്ചിരുത്തി; രഞ്ജിനിയെ വനംവകുപ്പും തോൽപിച്ചു: പ്ലസ്ടു പരീക്ഷ എഴുതാനാകുമോയെന്ന ആശങ്കയിൽ വിദ്യാർഥിനി
ആറളം (കണ്ണൂർ) ∙ തനിച്ചൊന്നു നിൽക്കാനോ നടക്കാനോ ആവുന്നില്ല പ്ലസ്ടു വിദ്യാർഥിനി രഞ്ജിനിക്ക്. രണ്ടാഴ്ച കഴിഞ്ഞാൽ പ്ലസ്ടു പരീക്ഷയാണ്. പരീക്ഷയെഴുതാൻ എങ്ങനെ പോകുമെന്ന ആശങ്ക വേറെ. ആറളം ഫാം ബ്ലോക്ക് 13ലെ കെ.കെ.രതീഷ്–ശാന്തിനി ദമ്പതികളുടെ മകൾ രഞ്ജിനിയെ കഴിഞ്ഞവർഷം ജനുവരി 7ന് ആണു കാട്ടാന ആക്രമിച്ചത്. ബന്ധുക്കൾക്കൊപ്പം കുളിക്കാൻ പോകുമ്പോൾ ഓടന്തോട് പുഴയോരത്തുവച്ചായിരുന്നു ആക്രമണം. പുഴയിൽചാടി നീന്തിരക്ഷപ്പെടുകയായിരുന്നു.
ഇതിനിടെ പക്ഷേ, ആനയുടെ തുമ്പിക്കൈകൊണ്ടുള്ള അടി തുടയിൽ കൊണ്ടു. ഉടനെയെത്തിയ വനം അധികൃതർ കാട്ടാനയെ തുരത്തി. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ജില്ലാ ആശുപത്രിയിൽ 5 ദിവസത്തെ ചികിത്സയ്ക്കുശേഷം വീട്ടിലെത്തിയ രഞ്ജിനിക്കു പരസഹായമില്ലാതെ നടക്കാൻപോലും സാധിച്ചിട്ടില്ല. തുടയിൽ രക്തം കട്ടപിടിച്ചുണ്ടായ മുഴ ശസ്ത്രക്രിയ ചെയ്തു നീക്കാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും സാമ്പത്തികബുദ്ധിമുട്ടു കാരണം സാധിച്ചില്ല.
വന്യജീവി ആക്രമണത്തിൽ പരുക്കേറ്റാൽ സാമ്പത്തികസഹായം നൽകാൻ വകുപ്പുണ്ടായിരിക്കെ രതീഷിന്റെ പരാതി സ്വീകരിക്കാൻപോലും വനംവകുപ്പുകാർ തയാറായില്ല. സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭിച്ചതിനാൽ നഷ്ടപരിഹാരത്തിനു സാധ്യതയില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതിനാൽ അപേക്ഷിച്ചതുമില്ല. ആനയെക്കണ്ട് ഓടുമ്പോൾ പരുക്കേറ്റതാണെന്നു വരുത്തിതീർക്കാനാണു വനംവകുപ്പുകാർ ശ്രമിച്ചതെന്ന് രതീഷ് പറഞ്ഞു. ആറളം ഫാം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹ്യുമാനിറ്റീസ് വിദ്യാർഥിനിയായ രഞ്ജിനി ചികിത്സയ്ക്കിടെ പ്ലസ് വൺ പരീക്ഷയെഴുതി. പ്ലസ്ടുവിന് സ്കൂളിൽപോയതു വിരലിലെണ്ണാവുന്ന ദിവസം മാത്രം.
