രോഗികളെ എത്തിച്ചാൽ സ്വകാര്യ ആശുപത്രികൾ പണം നൽകുന്നു, ആംബുലൻസ് ഡ്രൈവർമാർ ഇടനിലക്കാർ- ആരോഗ്യമന്ത്രി
തിരുവനന്തപുരം: ചില സ്വകാര്യ ആശുപത്രികളിൽ രാത്രിയിൽ രോഗികളെ എത്തിച്ചാൽ ആംബുലൻസ് ഡ്രൈവർമാർക്ക് പണം നൽകുന്നുണ്ടെന്ന ആരോപണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കൊച്ചിയിലെ ചില ആശുപത്രികളിൽ 10,000 രൂപവരെ നൽകും. ചിലർക്ക് വൗച്ചർ നൽകും.
തിരുവനന്തപുരത്ത് 5000 രൂപ വരെ സ്വകാര്യ ആശുപത്രികൾ നൽകുന്നു. കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനവും നവീകരിച്ച സോഫ്റ്റ്‌വേർ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
സർക്കാർ ആശുപത്രികളിൽ സൗകര്യങ്ങളുണ്ടാകുന്നത് സ്വകാര്യ മേഖലയ്ക്ക് നഷ്ടവും ജനങ്ങൾക്ക് നേട്ടവുമാണ്. സർക്കാർ ആശുപത്രികളെ ആക്രമിക്കുന്നതിന്റെ ലക്ഷ്യമിതാണെന്നും മന്ത്രി പറഞ്ഞു.
അടുത്തകാലത്ത് സർക്കാർ ആശുപത്രികളെ സംബന്ധിച്ച് 47 പരാതികൾ ലഭിച്ചപ്പോൾ സ്വകാര്യ ആശുപത്രികളെ സംബന്ധിച്ച് 600-ൽ അധികം പരാതികളാണ് ലഭിച്ചത്. അതിൽ ഒന്നിലും നടപടിയെടുക്കാതെ ഒത്തുതീർപ്പുണ്ടാക്കുകയാണവർ -മന്ത്രി പറഞ്ഞു.
