ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയോ? പേടിക്കേണ്ട, നിങ്ങൾക്കുമുണ്ട് അവകാശങ്ങൾ!
ദൂരയാത്രകൾക്കും ഹ്രസ്വയാത്രകൾക്കും ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട ആശ്രയമാണ് ഇന്ത്യൻ റെയിൽവേ. എന്നാൽ തിരക്കിനിടയിൽ ടിക്കറ്റ് എടുക്കാൻ മറന്നുപോകുന്നതോ, വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റ് കൺഫേം ആകാതെ വരുന്നതോ ആയ സാഹചര്യങ്ങൾ പലപ്പോഴും യാത്രക്കാരെ വെട്ടിലാക്കാറുണ്ട്. ടിക്കറ്റ് പരിശോധകർക്ക് മുന്നിൽ പകച്ചുനിൽക്കുന്ന ഇത്തരം സന്ദർഭങ്ങളിൽ പരിഭ്രാന്തരാകാതെ നിയമപരമായി എങ്ങനെ മുന്നോട്ട് പോകാം എന്നതിനെക്കുറിച്ച് റെയിൽവേയ്ക്ക് വ്യക്തമായ ചട്ടങ്ങളുണ്ട്. ടിക്കറ്റില്ലാത്ത വ്യക്തിയാണെങ്കിൽപോലും അടിസ്ഥാനപരമായി യാത്രക്കാരന് ചില അവകാശങ്ങളുണ്ട്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുമ്പോഴുള്ള നിങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് അമിതമായ പിഴയിൽ നിന്നുള്ള സുരക്ഷയും മറ്റ് നിയമനടപടികളിലേക്ക് നീങ്ങാനുള്ള സഹായവുമായിരിക്കും.
ടിക്കറ്റ് എടുക്കാൻ സാധിക്കാതെ വരുന്ന അടിയന്തര സാഹചര്യങ്ങളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്ത് ട്രെയിനിൽ കയറുന്നത് സുരക്ഷിതമായ ഒരു മാർഗമാണ്. പ്ലാറ്റ്ഫോം ടിക്കറ്റ് കൈവശമുണ്ടെങ്കിൽ, ട്രെയിനിൽ കയറിയ ഉടൻ തന്നെ ടിക്കറ്റ് പരിശോധകനെ (TTE) കണ്ട് വിവരം അറിയിക്കാം. നിങ്ങൾ എവിടെ നിന്നാണ് യാത്ര ആരംഭിച്ചതെന്ന് തെളിയിക്കാൻ ഈ പ്ലാറ്റ്ഫോം ടിക്കറ്റ് സഹായിക്കും. ടിക്കറ്റ് ഇല്ലാത്ത സാഹചര്യത്തിൽ യാത്ര ചെയ്യുന്ന ക്ലാസിന്റെ നിരക്കിനൊപ്പം നിശ്ചിത പിഴ തുക കൂടി നൽകി നിങ്ങൾക്ക് ലക്ഷ്യസ്ഥാനത്തേക്കുള്ള ടിക്കറ്റ് ട്രെയിനിൽ വെച്ച് തന്നെ സ്വന്തമാക്കാം. എന്നാൽ ഇത് സീറ്റ് ലഭ്യതയ്ക്ക് അനുസൃതമായിരിക്കും എന്ന കാര്യം ഓർക്കുക.
ടിക്കറ്റില്ലാത്ത യാത്രക്കാരെ പിടികൂടുമ്പോൾ റെയിൽവേ ഉദ്യോഗസ്ഥർ പാലിക്കേണ്ട ചില നിയമങ്ങളുണ്ട്. ഒരു യാത്രക്കാരനെ ട്രെയിനിൽ നിന്ന് ഇറക്കിവിടാനോ അപമര്യാദയായി പെരുമാറാനോ ടിടിഇക്ക് അവകാശമില്ല. നിയമപരമായ പിഴ ഈടാക്കുക എന്നതാണ് ഉദ്യോഗസ്ഥന്റെ പ്രാഥമിക ചുമതല. യാത്രക്കാരൻ പിഴ അടയ്ക്കാൻ തയ്യാറാണെങ്കിൽ അയാൾക്ക് യാത്ര തുടരാവുന്നതാണ്. എന്നാൽ പണമടയ്ക്കാൻ വിസമ്മതിക്കുകയോ ബോധപൂർവ്വം നിയമം ലംഘിക്കുകയോ ചെയ്താൽ മാത്രമേ ആർപിഎഫിന്റെ സഹായത്തോടെ യാത്രക്കാരനെ കൈമാറാൻ ഉദ്യോഗസ്ഥർക്ക് സാധിക്കൂ.
സ്ത്രീകൾക്കും കുട്ടികൾക്കും റെയിൽവേ നിയമങ്ങളിൽ പ്രത്യേക പരിഗണന നൽകുന്നുണ്ട്. രാത്രികാലങ്ങളിൽ ടിക്കറ്റില്ലാത്തതിന്റെ പേരിൽ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളെയോ കുട്ടികളെയോ ട്രെയിനിൽ നിന്ന് ഇറക്കിവിടാൻ പാടില്ലെന്ന് നിയമമുണ്ട്. സുരക്ഷിതമായ ഒരു റെയിൽവേ സ്റ്റേഷനിൽ എത്തുന്നതുവരെ അവർക്ക് യാത്ര തുടരാം. കൂടാതെ, കൈവശം ലോവർ ബർത്ത് ടിക്കറ്റ് ഉള്ള പ്രായമായവർക്കും ഗർഭിണികൾക്കും ഭിന്നശേഷിക്കാർക്കും യാത്രയ്ക്കിടയിൽ അത്തരം സീറ്റുകൾ ലഭ്യമല്ലെങ്കിൽ, പരിശോധകനോട് ആവശ്യപ്പെട്ടാൽ മുൻഗണനാക്രമത്തിൽ സൗകര്യപ്രദമായ സീറ്റുകൾ അനുവദിച്ചു നൽകേണ്ടതാണ്.
ഡിജിറ്റൽ യുഗത്തിൽ ടിക്കറ്റുകൾ മൊബൈലിൽ കാണിക്കുന്നതും നിയമപരമായി സാധുതയുള്ളതാണ്. ഫോണിലെ ബാറ്ററി തീർന്നുപോകുന്ന സാഹചര്യത്തിൽ പിഴ നൽകേണ്ടി വന്നാൽ, പിന്നീട് ഒറിജിനൽ ടിക്കറ്റ് ഹാജരാക്കി നിശ്ചിത സമയത്തിനുള്ളിൽ പിഴത്തുക റീഫണ്ട് വാങ്ങാനുള്ള വ്യവസ്ഥയും റെയിൽവേയിലുണ്ട്. നിയമങ്ങൾ കൃത്യമായി മനസ്സിലാക്കി യാത്ര ചെയ്യുന്നത് അനാവശ്യ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഓരോ യാത്രക്കാരനെയും സഹായിക്കും.
