പൊന്ന്യത്ത് കളരിവിളക്കണഞ്ഞു, തീമഴ പെയ്തൊഴിഞ്ഞു

Share our post

പൊന്ന്യം: മധ്യ കേരളത്തിലെ അമ്പത്തീരടി കളരികളുടെ കേന്ദ്രമായ ചെങ്ങന്നൂർ പണിക്കേർസ് കളരിയാണ് ഇന്നലെ ആദ്യമായി പൊന്ന്യത്തങ്കത്തട്ടിലെത്തിയത്. ചെങ്ങന്നൂർ ആദിയെ സ്മരിച്ച് രണ്ട് കളരി ഗുരുക്കമാർ വാളും പരിചയുമേന്തി നടത്തിയ ആദ്യ പോരാട്ടം തന്നെ കാണികളെ ഉദ്വേഗത്തിന്റെ വാൾമുനയിൽ നിർത്തി.
ആശയങ്ങളെ സന്നിവേശിച്ചുള്ള കളരിയഭ്യാസ പ്രകടനങ്ങൾ നൂതനമായ ദൃശ്യ വിരുന്നായി. നാല് യോദ്ധാക്കൾ ചേർന്നുള്ള ഗദയുദ്ധം നടക്കവെ, അശ്വാരൂഢനായെത്തിയ ഒരു യോദ്ധാവ് അങ്കത്തട്ടിലേക്ക് ചാടിയിറങ്ങി ഉറുമി വീശി നടത്തിയ പോരാട്ടം കാണികളെ ആവേശഭരിതരാക്കി.

അഗ്നി ചിതറുന്ന വാൾത്തലപ്പുകളും ഉറുമികളുടെ ശീൽക്കാരങ്ങളും ഗദകളുടെ ഇടി മുഴക്കങ്ങളും പോരാളിളുടെ ഗർജ്ജനങ്ങളും മണിക്കൂറുകളോളം കടലിരമ്പം പോലെ ആർത്തലച്ച് നിന്ന ഏഴരക്കണ്ടത്തിന് ഉയിരും ഉശിരുമേകി തിരുവനന്തപുരം അഗസ്ത്യ കളരി സംഘം അവതരിപ്പിച്ച പ്രകടനങ്ങൾ, തച്ചോളി ഒതേനനും കതിരൂർ ഗുരിക്കളും പൊരുതിമരിച്ച ഇന്നലെയെ ഒരുവട്ടം കൂട്ടി വീരാരാധനയോടെ ഓർമ്മപ്പെടുത്തി. ഗോപികയുടെ അമാനുഷിക പ്രകടനം കാണികളെ അതിശയിപ്പിച്ചു. കോഴിക്കോട് ഭാർഗ്ഗവകളരി സംഘത്തിന്റെ രാജേഷ് ഗുരിക്കളും സംഘവും പടനയിച്ചപ്പോൾ, പതിനെട്ടടവുകളും പയറ്റ് മുറകളും മിന്നി മറഞ്ഞു. നേരത്തെ ഒപ്പന, ദഫ് മുട്ട് എന്നിവയും മണിപ്പൂർ കലാസംഘത്തിന്റെ താംഗ് മച്ചാ യനാബയും അരങ്ങേറി. സമാപന സമ്മേളനം ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി ഉദ്ഘാടനം ചെയ്തു. സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ വിശിഷ്ടാതിഥിയായി. നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ മുഖ്യഭാഷണം നടത്തി. തുടർന്ന് ഗൗരിലക്ഷ്മിയുടെ ലൈവ് ഷോയുമുണ്ടായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!