തൃക്കുന്നപ്പുഴയിൽ കൂട്ടത്തല്ല്; തോക്കുചൂണ്ടി, കാഞ്ചിവലിച്ചപ്പോൾ ശബ്ദവും തീയുംമാത്രം, പിന്നെ തല്ലുമാല

Share our post

ഹരിപ്പാട്: ബിയർ പാർലറിലെ തർക്കത്തെത്തുടർന്ന് ആക്രമിക്കാനെത്തിയവർക്കു നേരേ യുവാവ് തോക്കുചൂണ്ടി. വെടിയുതിർത്തപ്പോൾ വലിയ ശബ്ദവും തീയും ഉണ്ടായെങ്കിലും ഉണ്ട വന്നില്ല. കളിത്തോക്കാണെന്നു തിരിച്ചറിഞ്ഞ എതിർസംഘം അതോടെ വടിയും മറ്റുമായി ആക്രമണം തുടങ്ങി. തോക്കുചൂണ്ടിയ യുവാവിനും ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്കും പരിക്കേറ്റു.

കാർത്തികപ്പള്ളി പുളിക്കീഴിനു സമീപം വലിയകുളങ്ങര ക്ഷേത്രത്തിലെ കെട്ടുകാഴ്ചയുടെ ഒരുക്കം നടക്കുന്നതിനടുത്ത് ശനിയാഴ്ച രാത്രി 12 മണിക്കു ശേഷമാണ് സംഭവം. 10 പേരെ പ്രതികളാക്കി തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു. ഹരിപ്പാട് സ്വദേശി വിഷ്ണു, സജിൻ, വീയപുരം സ്വദേശി അപ്പൂസ് എന്നിവർക്കാണ് മർദനത്തിൽ പരിക്കേറ്റത്. ഇവരും പല്ലന സ്വദേശി വിഷ്ണുവും തമ്മിൽ രാത്രി 11 മണിയോടെ പുളിക്കീഴ് ജങ്ഷനു പടിഞ്ഞാറുള്ള ബിയർ പാർലറിൽവെച്ചു തർക്കമുണ്ടായതായി പോലീസ് പറഞ്ഞു. ഇവർ പല്ലന സ്വദേശിയെ ആക്രമിച്ചതായും പറയുന്നു.

അതിനുശേഷം വിഷ്ണുവും സജിനും അപ്പൂസും ബൈക്കിൽ പുളിക്കീഴിൽ കെട്ടുകാഴ്ചയൊരുക്കം നടക്കുന്നതിനടുത്തെത്തി. ആ സമയം പല്ലന സ്വദേശി, സുഹൃത്തുക്കളുമായെത്തി ആക്രമിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. തോക്കുചൂണ്ടിയത് അപ്പൂസാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.പരിക്കേറ്റ സജിൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിഷ്ണു പരുമലയിലെ സ്വകാര്യ ആശുപത്രിയിലും. ഹരിപ്പാട് ഗവ. ആശുപത്രിയിൽ ചികിത്സതേടിയ അപ്പൂസിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും അവിടെയെത്തിയില്ലെന്ന് പോലീസ് പറയുന്നു.

പ്രതികളിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഒളിവിലാണ്. അക്രമികളിൽ ചിലർ ഒട്ടേറെ കേസുകളിൽ പ്രതികളാണ്. സംഭവത്തിൽ ഉൾപ്പെട്ടവരിൽ ഭൂരിപക്ഷവും ക്വട്ടേഷൻ സംഘാംഗങ്ങളാണെന്ന് പോലീസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!