ഇനി മുതൽ എട്ടല്ല, പന്ത്രണ്ട് കോച്ചുകള്‍; തിങ്ങി നിറഞ്ഞ മെമു യാത്രകൾക്ക് ഇന്ന് മുതൽ ആശ്വാസം

Share our post

തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കും നിവേദനങ്ങൾക്കും ഒടുവിൽ കേരളത്തില്‍ സർവീസ് നടത്തുന്ന മെമു ട്രെയിനുകൾ ഇന്ന് മുതൽ 12 കോച്ചുകളുമായി സർവീസ് നടത്തും. പാലക്കാട് – എറണാകുളം മെമു ഉള്‍പ്പെടെ കൊല്ലം – എറണാകുളം, കൊല്ലം – കോട്ടയം മെമു ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം ഇന്ന് മുതൽ 12 ആക്കുമെന്ന് റെയിൽവേ അറിയിച്ചിരുന്നു. മൂവായിരത്തിലധികം യാത്രക്കാരാണ് 610 സീറ്റുള്ള പാലക്കാട് – എറണാകുളം മെമുവിൽ തിങ്ങിനിറഞ്ഞ് ദിവസേന യാത്ര ചെയ്തിരുന്നത്. ഇതിൽ കോച്ചുകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരടക്കം ഡിആർഎമ്മിന് പല തവണ കത്തുനൽകിയെങ്കിലും കോച്ചുകളുടെ കുറവ് പറഞ്ഞ് റെയിൽവേ നടപടി എടുത്തിരുന്നില്ല. ആ സാഹചര്യത്തിനാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്.

അതേസമയം ഇന്ത്യയിൽ റെയിൽവേയുടെ മുഖച്ഛായ മാറ്റുന്ന നിർണായകമായ രണ്ട് പരിഷ്‌കാരങ്ങൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ട്രെയിനുകളിൽ ശുചിത്വം ഉറപ്പാക്കുക, ചരക്കുനീക്കം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൻറെ ഭാഗമായി 80 ട്രെയിനുകളിൽ അടുത്ത ആറുമാസത്തിനുള്ളിൽ സമഗ്രമായ ശുചിത്വ പരിഷ്‌കാരങ്ങൾ നടപ്പിലാക്കും. ജനറൽ കോച്ചുകൾ ഉൾപ്പെടെ എല്ലാ കമ്പാർട്ട്‌മെന്റുകളിലെയും ശുചിമുറികൾ ഓരോ രണ്ട് മണിക്കൂർ ഇടവിട്ട് ശുചീകരണം ഉറപ്പാക്കും. പ്രൊഫഷണൽ കമ്പനികൾക്കാണ് ഇതിന്റെ ചുമതല. മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ട്രെയിനുകളിലും ഈ പുതിയ സംവിധാനം നിലവിൽ വരും. യാത്രക്കാർ ഇതിനായി അധിക തുക നൽകേണ്ടി വരില്ലെന്നും മന്ത്രി പറഞ്ഞു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!