ലൈഫിൽ ഒരുങ്ങി അഞ്ച് ലക്ഷം വീടുകൾ; അഭിമാന പ്രഖ്യാപനം നാളെ

Share our post

തിരുവനന്തപുരം : ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ നിർമാണം പൂർത്തീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് 24ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2026 ഫെബ്രുവരി വരെ ഏകദേശം 20,831.60 കോടി രൂപയാണ് ലൈഫ് പദ്ധതിക്കായി ചെലവഴിച്ചിട്ടുള്ളത്. കാര്യക്ഷമതയുടെയും സമഗ്രതയുടെയും കാര്യത്തിൽ രാജ്യത്തിന് മാതൃകയായ പദ്ധതിയാണ് ലൈഫ്. ഇതുവഴി ഭവനനിർമ്മാണത്തിനായി ഓരോ സാധാരണ കുടുംബത്തിനും നാല്  ലക്ഷം രൂപയുടെയും പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപയുടെയും സാമ്പത്തിക സഹായമാണ് സർക്കാർ ഉറപ്പാക്കുന്നത്. മാതൃകാപരമായ ഇടപെടലുകളിലൂടെ ഭവനരഹിതർക്ക് അടച്ചുറപ്പുള്ള വീടുകൾ നിർമ്മിച്ചു നൽകുന്ന ലൈഫ് പദ്ധതി എൽഡിഎഫ് സർക്കാരിന്റെ ജനകീയ വികസന കാഴ്ചപ്പാടിന്റെ ഭാഗമാണ്. എല്ലാവരും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കുന്ന നവകേരളം സൃഷ്ടിക്കാനായി നമുക്ക് ഒത്തൊരുമിച്ച് മുന്നേറാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനുവരി 31 വരെയുള്ള കണക്കുപ്രകാരം 4,82,736 വീടുകളുടെ നിർമാണം പൂർത്തിയാകുകയും 1,17,874 എണ്ണം നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുമായിരുന്നു. ലൈഫ്‌ മിഷന്‌ അനുവദിച്ച ഹഡ്‌കോ വായ്‌പയിൽ ആദ്യ ഗഡുവായി 400 കോടി ലഭിച്ചതോടെ ഫെബ്രുവരിയിൽ കൂടുതൽ വീടുകൾ നിർമാണം പൂർത്തിയാക്കാനായി. പദ്ധതിക്കായി ഇതുവരെ 20,638.16 കോടി രൂപയാണ്‌ ചെലവഴിച്ചത്‌. ഇതിൽ 18,149.26 കോടിയും സംസ്ഥാന വിഹിതം. ജനുവരി 31 വരെയുള്ള കണക്കനുസരിച്ച്‌ ഒരു ദിവസം ലൈഫ്‌ പദ്ധതിയിൽ 152 വീടുകളാണ്‌ നിർമിക്കുന്നത്‌. മണിക്കൂറിൽ ആറ്‌ വീട്‌. ഓരോ പത്ത്‌ മിനിറ്റിലും ഒരു വീട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!