ഇനിയും പുറപ്പെടാം അണ്ടലൂരേക്ക്; യുദ്ധം കാണാം, അവിലും മലരും കഴിക്കാം
“ജീവിതത്തിലൊരിക്കലെങ്കിലും അണ്ടലൂരേക്ക് വരണം, ഉത്സവം കൂടണം. പിന്നീടൊരു കാന്തംപോലെ ഈ ദേശം നിങ്ങളെ ആകർഷിക്കും. അണ്ടലൂരിൽ ഉത്സവകാലത്തെത്തി പ്രദേശത്തെ വീടുകളിൽനിന്ന് അവിലും മലരും പഴവും കഴിക്കുമ്പോൾ ഏതൊരാളും സുഹൃത്തുക്കളോട് വിളിച്ചുപറയും ഈ ആഹ്ലാദനുഭവം. അണ്ടലൂർ ഉത്സവത്തിന് തെയ്യക്കോലങ്ങൾ കെട്ടിയാടാൻ തുടങ്ങിയതോടെ മറ്റു പ്രദേശങ്ങളിൽനിന്നെത്തുന്ന ആളുകളുടെ എണ്ണം കൂടി. ബുധനാഴ്ച മീത്തലെ പീടികയിലും ചിറക്കുനിയിലും പടന്നക്കരയിലും സമീപ പ്രദേശങ്ങളിലും ഗതാഗതക്കുരുക്കുണ്ടായി. ബാലി –സുഗ്രീവ യുദ്ധം കാണാൻ നൂറുകണക്കിന് ഭക്തരെത്തി. കത്തിയെരിയുന്ന ഉച്ചവെയിലിനെ അവഗണിച്ച് ജനം ക്ഷേത്ര തിരുമുറ്റത്ത് ബാലി-, സുഗ്രീവന്മാരെ കാത്തിരുന്നു. ഒരു മണിക്കൂറോളം നീണ്ട യുദ്ധത്തിൽ ബപ്പൂരൻ മധ്യസ്ഥം വഹിക്കുന്നതോടെ പോരാട്ടം അവസാനിക്കുന്നു. വ്യാഴാഴ്ച പകലും അണ്ടലൂർ കാവിൽ ബാലീ–- സുഗ്രീവയുദ്ധമുണ്ടാവും. ബുധൻ പകൽ ബാലി, സുഗ്രീവൻ, അതിരാളവും മക്കളും, മലക്കാരി, പൊൻമകൻ, പുതുചേകോൻ, നാഗകണ്ഠൻ, നാഗഭഗവതി, വേട്ടക്കൊരുമകൻ, തൂവക്കാലി കോലങ്ങൾ കെട്ടിയാടി. സന്ധ്യയോടെ ദൈവത്താറിന്റെ തിരുമുടിയുയർന്നു. ധർമടം ദേശവാസികളുടെ കരിമരുന്ന് പ്രയോഗവും നടന്നു. വെള്ളി രാവിലെ തിരുവാഭരണം അറയിൽ സൂക്ഷിക്കുന്ന ചടങ്ങോടെ ഉത്സവം സമാപിക്കും
