ആറന്മുളയിലെ വിവാദ ഐടി പദ്ധതിയില്നിന്നും സര്ക്കാര് പിന്മാറുന്നു
പത്തനംതിട്ട: ആറന്മുളയിലെ വിവാദ ഐടി പദ്ധതിയിൽനിന്നും സർക്കാർ പിന്മാറുന്നു. പത്തനംതിട്ട ജില്ലാ കളക്ടറുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് തീരുമാനം. ആറന്മുളയിലെ മെഗാ ഇലക്ട്രോണിക്സ് ക്ലസ്റ്റർ പദ്ധതിയാണ് വിവാദമായത്. ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയിലാണ് ഐടി പാർക്കും ഇന്റഗ്രേറ്റഡ് ബിസിനസ് ടൗൺഷിപ്പും നിർമിക്കാനായിരുന്നു നീക്കം.
ഐടി പാർക്ക് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ കെജിഎസ് ഗ്രൂപ്പ് കമ്പനിയാണ് ഈ ഭൂമി തരംമാറ്റി തരണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചത്. ഇതിനുമാത്രമായി അവർ ഒരു പ്രത്യേക കമ്പനിയും തുടങ്ങിയിരുന്നു. സർക്കാരുമായി ചേർന്നുള്ള സംയുക്ത സംരംഭം എന്ന നിലയിൽ ടിഒഎഫ്എൽ പത്തനംതിട്ട ഇൻഫ്രാലിമിറ്റഡ് എന്ന കമ്പനി മുഖേനയാണ് അവർ ഐടി വകുപ്പിന് അപേക്ഷ നൽകിയത്.
എഴുപതിനായിരം കോടി രൂപ നിക്ഷേപമുണ്ടാകുമെന്നും പതിനായിരം പേർക്ക് ജോലി ലഭിക്കുമെന്നും പദ്ധതിയുടെ മുഖ്യ ആകർഷണമായി കമ്പനി മുന്നോട്ടുവെച്ചത്. ഐടി വകുപ്പ് ഇതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിന്റെയും കൃഷി വകുപ്പിന്റെയും അനുമതി തേടി. ഐടി വകുപ്പിനും വ്യവസായ വകുപ്പിനും പദ്ധതിയോട് താൽപര്യമുണ്ടായിരുന്നു. എന്നാൽ സിപിഐ മന്ത്രിമാർ, പ്രത്യേകിച്ച് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഈ പദ്ധതിക്കെതിരെ പരസ്യമായി രംഗത്ത് വന്നു.
2018-ലെ വെള്ളപ്പൊക്ക സമയത്ത് ഈ സ്ഥലം പൂർണമായും വെള്ളം കയറിയ നിലയിലായിരുന്നു എന്നും അത്തരം ഒരു സ്ഥലം ഇത്തരമൊരു പദ്ധതിക്കുവേണ്ടി നൽകുന്ന പല പാരിസ്ഥിതിക പ്രശ്നങ്ങൾക്കും വഴിവെക്കുമെന്നും കൃഷിവകുപ്പ് ചൂണ്ടിക്കാണിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിൽ ഭിന്നാഭിപ്രായമാണ് ഈ പദ്ധതിയെ സംബന്ധിച്ച് ഉയർന്നുവന്നത്.
എന്നാൽ ഐടി വകുപ്പും വ്യവസായ വകുപ്പും ഈ പദ്ധതിയുമായി മുന്നോട്ടുപോകാൻ തന്നെയായിരുന്നു തീരുമാനിച്ചിരുന്നത്. അതിനെതിരെ വലിയ തോതിൽ പരാതികൾ ഉയർന്നുവന്നിരുന്നു. പിന്നാലെയാണ് കളക്ടർ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. കളക്ടറുടെ റിപ്പോർട്ടിനെ മറികടന്ന് ഏകപക്ഷീയമായി തീരുമാനമെടുക്കാനാവാത്ത സ്ഥിതിയിലാണ് സർക്കാർ.
കളക്ടറുടെ റിപ്പോർട്ട് പ്രകാരം, പദ്ധതിക്കായി കമ്പനി കണ്ടെത്തിയ 139 ഹെക്ടർ സ്ഥലത്ത് 16 ഹെക്ടർ മാത്രമാണ് കരഭൂമി. ബാക്കി മുഴുവൻ നെൽവയൽ തണ്ണീർത്തടമാണ്. അതുകൊണ്ടുതന്നെ ഈ സ്ഥലം മണ്ണിട്ട് നികത്താനാവില്ല. ഈ റിപ്പോർട്ട് വന്നതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ പദ്ധതിയിൽനിന്നും പിന്മാറുന്നത്.
ഇത്തരം ഒരു കാര്യത്തിനുവേണ്ടി തണ്ണീർത്തടം നൽകാൻ കഴിയില്ല എന്ന നിലപാടിലാണ് സർക്കാർ. കൃഷി വകുപ്പിന്റെ ഭാഗത്തുനിന്നാണ് ഇതുസംബന്ധിച്ച അറിയിപ്പുണ്ടായത്. 2008-ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ ബില്ലിന്റെ അടിസ്ഥാനത്തിൽ ഭൂമി വിട്ടുനൽകാൻ കഴിയില്ല എന്നാണ് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്.
