പായം കോണ്ടമ്പ്രയിലും കാക്കകൾ ചത്തനിലയിൽ; പക്ഷിപ്പനി ആശങ്കയിൽ പ്രദേശവാസികൾ
ഇരിട്ടി ∙ പായം പഞ്ചായത്തിലെ കോണ്ടമ്പ്രയിൽ കാക്കകൾ ചത്ത നിലയിൽ കണ്ടെത്തി. ഇതോടെ പ്രദേശവാസികൾ പക്ഷിപ്പനി ആശങ്കയിലായി. കഴിഞ്ഞ 2 ദിവസങ്ങൾക്കിടയിൽ രണ്ടിടത്താണു കാക്കകളുടെ ജഡം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മേഖലയിൽ പക്ഷിപ്പനി മുൻകരുതൽ എടുക്കാൻ അധികൃതർ നിർദേശം നൽകി. 2 മാസം മുൻപ് എടക്കാനത്ത് കാക്കകൾ കൂട്ടത്തോടെ ചത്തിരുന്നു. ബെംഗളൂരുവിലെ ലാബിൽ നടത്തിയ പരിശോധനയിൽ പക്ഷിപ്പനിയാണെന്നും സ്ഥിരീകരിച്ചിരുന്നു. എടക്കാനം ഗ്രാമത്തിന്റെ സമീപമേഖലയിൽപെട്ട പ്രദേശമാണ് കോണ്ടമ്പ്ര. 2 ആഴ്ച മുൻപ് മാടത്തിൽ മേഖലയിലും കാക്കകൾ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
എടക്കാനത്ത് കാക്കകൾ കൂട്ടത്തോടെ ചത്തുവീഴുന്നതു നാട്ടുകാർ അറിയിച്ചിട്ടും ബന്ധപ്പെട്ട വകുപ്പുകൾ സമയബന്ധിതമായി മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെന്നു വിമർശനം ഉയർന്നിരുന്നു. മാധ്യമങ്ങളിൽ വാർത്തകൾ വന്നതിനു പിന്നാലെ ആരോഗ്യ വകുപ്പ് പരിശോധന നടത്തി ജനങ്ങൾക്ക് ബോധവൽക്കരണം നടത്തിയെങ്കിലും ചത്ത കാക്കകളുടെ ശരീരാവശിഷ്ടങ്ങൾ പരിശോധനയ്ക്കെടുക്കേണ്ട മൃഗസംരക്ഷണ വകുപ്പ് എത്താൻ വൈകിയെന്നാണു പരാതി ഉണ്ടായത്.
ആഴ്ചകൾക്ക് ശേഷം ബെംഗളൂരുവിലെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധന ഫലം എത്തിയപ്പോൾ പക്ഷിപ്പനിയാണെന്നു സ്ഥിരീകരണമുണ്ടായി. ഈ സാഹചര്യത്തിൽ കോണ്ടമ്പ്രയിൽ ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും പരിശോധന നടത്തി ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ഥലത്ത് പ്രാഥമികമായി ബോധവൽക്കരണം നടത്തിയിട്ടുണ്ടെന്നും വിശദമായി ബോധവൽക്കരണം നടത്തുമെന്നും മൃഗസംരക്ഷണ വകുപ്പിനു വിവരം കൈമാറിയിട്ടുണ്ടെന്നും വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് സി.കുറ്റ്യാനി അറിയിച്ചു.
