2023ല്‍ നഷ്ടം നാല് കോടി, ഇത്തവണ ജയലക്ഷ്മിയിൽ കത്തിയമര്‍ന്നത് എത്ര? ഉടമകൾ എത്തും

Share our post

കോഴിക്കോട് : ജയലക്ഷ്മി ടെക്‌സ്‌റ്റൈൽസിൽ തീപിടിച്ച സംഭവത്തിൽ കോടികളുടെ നഷ്ടമുണ്ടായതായി കണക്കുകൂട്ടലുകൾ. വിവാഹ സീസൺ കൂടി ആയതിനാൽ വലിയ സ്‌റ്റോക്കാണ് ഷോറൂമിൽ ഉണ്ടായിരുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. റംസാൻ, ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങളുടെ വരവ് കൂടി കണക്കാക്കിയുള്ള സ്‌റ്റോക്കും സ്ഥാപനത്തിലുണ്ടായിരുന്നു.

ഇന്നലെ രാത്രി പടർന്നുതുടങ്ങിയ തീ ഇന്ന് രാവിലെ പുലർച്ചയോടെയാണ് പൂർണമായും അണയ്ക്കാനായത്. സംഭവത്തിൽ ഫയർ ഓഫീസർ പ്രാഥമിക റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. തീപിടിത്ത കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കും. ജയലക്ഷ്മി ടെക്‌സ്റ്റൈൽസിന്റെ ഉടമകളായ സഞ്ജയ് കമ്മത്ത്, ഗോവിന്ദ് കമ്മത്ത് എന്നിവർ കോഴിക്കോട്ടേക്ക് ഇന്ന് എത്തും. അതിനുശേഷമാകും തീപിടിത്തത്തിലുണ്ടായ നഷ്ടം മാനേജ്‌മെന്റ് ഔദ്യോഗികമായി അറിയിക്കുക.

2023ൽ ഇതേ സ്ഥാപനത്തിൽ തീപിടിത്തമുണ്ടായിരുന്നു. അന്ന് നാല് കോടിയുടെ നഷ്ടം സംഭവിച്ചു എന്നായിരുന്നു മാനേജ്‌മെന്റ് അറിയിച്ചത്. ഇത്തവണ നഷ്ടം ഇതിനേക്കാൾ കൂടുതലായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. മുൻപ് തീപിടിത്തത്തിന് കാരണമായത് ഷോർട്ട് സർക്യൂട്ടായിരുന്നു. ഇത്തവണത്തെ കാരണം വിശദ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ. വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങൾ സൂക്ഷിച്ച ഗോഡൗണിന്റെ ഭാഗത്ത് നിന്നുമാണ് തീ ആദ്യം ആളിപ്പടർന്നതെന്നാണ് ഇതുവരെയുള്ള വിവരം.

2023ൽ സ്ഥാപനം നവീകരിച്ചതിന് ശേഷം ഫയർ അലാറവും ഫയർ ഫൈറ്റിംഗ് സംവിധാനവും സജ്ജീകരിച്ചിരുന്നു എന്നാണ് ജീവനക്കാരുടെ വാക്കുകൾ. അലറാം മുഴങ്ങിയിരുന്നെങ്കിലും മറ്റുള്ള സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചോ എന്ന് അന്വേഷണത്തിലൂടെയെ കണ്ടെത്താനാകൂ. തീപിടിത്തത്തിൽ ആളപായമുണ്ടാകാത്തത് ആശ്വാസമായി.

ഇന്നലെ രാത്രിയോടെയാണ് കോഴിക്കോട് പാളയം റെയിൽവെ സ്റ്റേഷന് സമീപമുള്ള ജയലക്ഷ്മി ടെക്‌സ്‌റ്റൈൽസിൽ തീപിടിത്തമുണ്ടായത്. ടെക്‌സ്‌റ്റൈൽസിന്റെ രണ്ടും മൂന്നും നിലകളിൽ തീ ആളിപ്പടരുകയായിരുന്നു. തീപടർന്ന ഉടനെ ജീവനക്കാരെയും ഉപഭോക്താക്കളെയും പുറത്തിറക്കി. കെട്ടിടത്തിന്റെ പിൻഭാഗത്ത് നിന്നാണ് തീപടർന്നത്. തുടർന്ന് മുകളിലത്തെ നിലയിലേക്ക് ആളിപ്പടരുകയായിരുന്നു. പതിനായിരം ചതുരശ്ര അടിയിലുള്ള കെട്ടിടത്തിന്റെ മൂന്ന് നിലകളിലായാണ് തീപിടിച്ചത്.

തീ അണച്ച് പരിശോധന നടത്തിയതിനുശേഷം മാത്രമേ അപകട കാരണം കണ്ടെത്താൻ കഴിയൂ എന്നാണ് മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചത്. അടിക്കടി തീപിടിത്തം ഉണ്ടാകുമ്പോൾ സംശയമുണ്ടാവുക സ്വാഭാവികമാണ്. തീപിടിത്തിന്റെ കാരണം എന്തെന്ന് പരിശോധിക്കും. ഇക്കാര്യത്തിൽ വിദഗ്ധരാണ് അഭിപ്രായം പറയേണ്ടത്. അടിയന്തര സാഹചര്യം നേരിടാൻ ആർആർടികളെ സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!