ശബരി റെയിൽ: പാതിച്ചെലവ് വഹിക്കാൻ കേരളം
തിരുവനന്തപുരം: ദശാബ്ദങ്ങളായി മുടങ്ങിക്കിടക്കുന്ന ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കാൻ നിർണ്ണായക നീക്കവുമായി കേരള സർക്കാർ. പദ്ധതിയുടെ ആകെ ചെലവിന്റെ 50 ശതമാനം സംസ്ഥാന സർക്കാർ വഹിക്കുമെന്ന് കാണിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് ഔദ്യോഗികമായി കത്തു നൽകി. പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചതോടെയെങ്കിലും പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അംഗമാലി – എരുമേലി ശബരി റെയിൽ പദ്ധതിയുടെ നിർമ്മാണ ചെലവിന്റെ പകുതി കിഫ്‌ബി വഴി നൽകാനാണ് സംസ്ഥാന മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നത്.
ഇത് സംബന്ധിച്ച ഉറപ്പ് കേന്ദ്രത്തിന് നൽകിയതോടെ സാമ്പത്തിക പ്രതിസന്ധി മൂലം നിർത്തിവെച്ച നടപടികൾ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ. ശബരിമല തീർത്ഥാടകർക്കും മധ്യതിരുവിതാംകൂറിലെ യാത്രാക്ലേശത്തിനും വലിയ പരിഹാരമാകുന്നതാണ് ഈ റെയിൽ പാത.കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലൂടെ കടന്നുപോകുന്ന പാത വികസന രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. സംസ്ഥാനം പകുതി ചെലവ് വഹിക്കാമെന്ന കരാറിൽ ഒപ്പിടുന്നതോടെ റെയിൽവേ ബോർഡ് പദ്ധതിക്ക് അന്തിമ അനുമതി നൽകും.
നിലവിൽ നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവ് അനുസരിച്ച് പുതുക്കിയ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാനും റെയിൽവേയുമായി ചേർന്ന് സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കാനുമാണ് സംസ്ഥാനത്തിന്റെ നീക്കം. ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമായി പദ്ധതിയെ പരിഗണിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
