അനശ്വരയായി ആലിന്‍ ഷെറിന്‍; വൃക്കകളും കരളും മാറ്റിവച്ചു, രണ്ടു പേര്‍ക്ക് പുതുജീവന്‍
തിരുവനന്തപുരം∙ വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ മരിച്ച 9 മാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിന്‍ ഏബ്രഹാമിന്റെ വൃക്കകള്‍ ശ്രേയ എന്ന പത്തുവയസുകാരിക്ക് വിജയകരമായി മാറ്റിവച്ചു. കുഞ്ഞുങ്ങളുടെ വൃക്കയ്ക്കു വലുപ്പം കുറവായതിനാലാണ് ഇരുവൃക്കകളും ഒരാളിനു തന്നെ നൽകിയത്. കരള്‍ ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് നൽകിയത്. സംസ്ഥാനത്തു കരൾ സ്വീകരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളാകും ഈ കുഞ്ഞ്. നേത്രപടലങ്ങൾ അമൃത ആശുപത്രിയിലെ നേത്ര ബാങ്കിനും ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനും കൈമാറി. ഹൃദയ വാൽവ് സ്വീകരിക്കുന്നയാളിനെ പിന്നീടു മാത്രമേ തീരുമാനിക്കൂ.
വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മെഡിക്കല്‍ കോളജ് ആശുപത്രിയിലും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കിംസിലും രാത്രി തന്നെ ആരംഭിച്ച് വിജയകരമായി പൂര്‍ത്തിയായെന്ന് കെ-സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് പറഞ്ഞു. രണ്ടു കുട്ടികളും ഐസിയുവില്‍ ആണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍ പറഞ്ഞു.
