സൈനിക ക്യാമ്പിൽനിന്ന് രണ്ടു കോടി രൂപ വിലവരുന്ന ആനക്കൊമ്പ് മോഷണംപോയി
തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് ആനക്കൊമ്പ് മോഷണം പോയി. രണ്ടു കോടി രൂപ വിലവരുന്ന ആനക്കൊമ്പാണ് കാണാതായത്. ക്യാമ്പിൽ പാർട്ടി നടത്തിയതിന് പിന്നാലെയാണ് ആനക്കൊമ്പ് കാണാതായത്. ഡിജെ പാർട്ടി നടത്താനെത്തിയവരാണ് മോഷണം നടത്തിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം ക്യാമ്പിൽ ഒരു ഡിജെ പാർട്ടി നടന്നിരുന്നു. മോഷണത്തിനു പിന്നിൽ ഇവരായിരിക്കാം എന്നാണ് പോലീസ് നിഗമനം. പതിനേഴ് പേരോളം പോലീസ് വിളിച്ചു ചോദ്യം ചെയ്തു. മറ്റു തലത്തിലുള്ള അന്വേഷണവും നടക്കുന്നുണ്ട്. ആനക്കൊമ്പ് സൂക്ഷിച്ചിരിക്കുന്ന വിവരം നേരത്തെ അറിവുള്ള ആരെങ്കിലും ആയിരിക്കാം മോഷണത്തിന് പിന്നിലെന്നും സംശയിക്കപ്പെടുന്നുണ്ട്.
