ആ സ്കൂട്ടർ മോഹനന്റേതല്ല; 50 പവനുമായി മോഹനനെ കാണാതായിട്ട് അഞ്ചരക്കൊല്ലം
നെടുമങ്ങാട് ∙ കരകുളത്ത് കിള്ളിയാറിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സ്കൂട്ടർ, അഞ്ചര വർഷം മുൻപ് 50 പവനും അരലക്ഷം രൂപയുമായി കാണാതായ കുളപ്പട സ്വദേശി മോഹനന്റേതല്ല. മണ്ണിൽ പൂണ്ട ടയർ പുറത്തു കണ്ടതോടെ നാട്ടുകാർ സ്കൂട്ടർ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് വണ്ടി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കരകുളത്താണ് മോഹനനെ അവസാനമായി കണ്ടത് എന്നതാണ് സംശയത്തിന് ആക്കം കൂട്ടിയത്. മോഹനൻ ഉപയോഗിച്ചത് ആക്ടീവ സ്കൂട്ടർ ആണെന്നും കിള്ളിയാറിൽ ലഭിച്ചത് ‘ഡിയോ ’ സ്കൂട്ടർ ആണെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്.ഷാജി പറഞ്ഞു.
ഈ വാഹനം എങ്ങനെ പുഴയിൽ വന്നു എന്നതിൽ അന്വേഷണം ആരംഭിച്ചു. സ്കൂട്ടർ മോഹനന്റേത് അല്ലെന്ന് വ്യക്തമായെങ്കിലും സ്ഥലത്തു വീണ്ടും വിശദ പരിശോധന നടത്താനാണ് തിരോധാനം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. പേരൂർക്കട സഹകരണ ബാങ്കിൽ നിന്നെടുത്ത 50 പവനും അരലക്ഷം രൂപയുമായി പറണ്ടോട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്കു യാത്ര ചെയ്യും വഴിയാണ് കുളപ്പട സുവർണ നഗർ ഏദൻ നിവാസിൽ കെ.മോഹനനെ (62) 2020 മേയ് 8ന് കരകുളത്ത് കാണാതാവുന്നത്. മോഹനന്റെ ഭാര്യാസഹോദൻ പറണ്ടോട് ധനകാര്യ സ്ഥാപനം നടത്തിയിരുന്നു. ഇവിടെ നിന്നുള്ള സ്വർണം പേരൂർക്കട സർവീസ് സഹകരണ ബാങ്കിൽ പണയം വയ്ക്കുന്നതും തിരികെ എടുക്കുന്നതും മോഹനനായിരുന്നു. സംഭവ ദിവസം ഇരുചക്രവാഹനത്തിൽ പുറപ്പെട്ട മോഹനനെ പേരൂർക്കട– നെടുമങ്ങാട് റോഡിലെ യാത്രയ്ക്കിടയാണ് കാണാതായത്. സ്കൂട്ടറിൽ പോകുന്നത് കരകുളം പഞ്ചായത്ത് ഓഫിസിന് സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഇതിന് ശേഷം എന്തു സംഭവിച്ചു എന്നത് തീർത്തും ദുരൂഹം. ഈ ഭാഗത്ത് വ്യാപകമായി വൈദ്യുതി മുടങ്ങിയിരുന്നതിനാൽ പല കടകളുടെയും സിസിടിവി പ്രവർത്തിക്കാത്തതും അന്വേഷണത്തിന് തടസ്സമായി.
ലോക്ഡൗൺ മൂലം സഞ്ചാര നിയന്ത്രണമുണ്ടായിരുന്ന കാലത്താണ് മോഹനനെ കാണാതായത് . തട്ടിക്കൊണ്ടു പോയതായിരിക്കാൻ സാധ്യതയുണ്ടെന്ന സൂചനയെ തുടർന്ന് വിവിധ ഗുണ്ടാസംഘങ്ങളെ ചോദ്യം ചെയ്തു. ഏറെ തിരക്കുള്ള പേരൂർക്കട–നെടുമങ്ങാട് റോഡിൽ വാഹനവുമായി ഒരാളെ തട്ടിക്കൊണ്ടു പോകുന്നത് അസാധ്യമാണെന്നായിരുന്നു ഒടുവിലെത്തിയ നിഗമനം. മോഹനനെ കണ്ടെത്താൻ ഒരു ലക്ഷം രൂപ പാരിതോഷികം ബന്ധുക്കൾ പ്രഖ്യാപിച്ചിരുന്നു.
