പാൻ ഇനി ഈ ഇടപാടുകൾക്ക് മാത്രം: കർശന നീരീക്ഷണം ലക്ഷ്യം, പ്രധാന മാറ്റങ്ങൾ അറിയാം

Share our post

പുതിയ ആദായ നികുതി ബിൽ പ്രകാരം സാമ്പത്തിക ഇടപാടുകളിൽ പാൻ നൽകുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ കാര്യമായി മാറ്റങ്ങൾ വരുന്നു. ഏപ്രിൽ ഒന്നുമുതൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരും. ചെറുകിട ഇടപാടുകളേക്കാൾ ഉയർന്ന മൂല്യമുള്ളവയിൽ കൃത്യമായ നിരീക്ഷണം ഏർപ്പെടുത്തുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ബാങ്ക് നിക്ഷേപം, വാഹനം വാങ്ങൽ, റിയൽ എസ്റ്റേറ്റ്, ഇൻഷുറൻസ് തുടങ്ങി വിവിധ മേഖലകളെ ബാധിക്കുന്ന അഞ്ച് മാറ്റങ്ങളാണ് പ്രധാനം.

ബാങ്ക് ഇടപാടുകൾ

ഒരു സാമ്പത്തിക വർഷം ഒന്നോ അതിലധികമോ ബാങ്ക് അക്കൗണ്ടുകളിലായി 10 ലക്ഷം രൂപയോ അതിൽ കൂടുതലോ നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യുമ്പോൾ മാത്രമേ പാൻ വിവരങ്ങൾ നൽകേണ്ടതുള്ളൂ. ബാങ്കിലോ സഹകരണ ബാങ്കിലോ ഒരു ദിവസം 50,000 രൂപയിൽ കൂടുതൽ നിക്ഷേപിച്ചാൽ നിലവിൽ പാൻ വിവരങ്ങൾ നൽകേണ്ടതുണ്ടായിരുന്നു.

ചെറുകിട ഇടപാടുകൾ വിട്ട് വർഷത്തിൽ മൊത്തം നടത്തുന്നവയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാൽ സാധാരണക്കാരുടെ ബാങ്കിങ് നടപടിക്രമങ്ങൾ ലളിതമാകാൻ ഇത് സഹായിക്കും.

വാഹനങ്ങൾ വാങ്ങുമ്പോൾ

ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള മോട്ടോർ വാഹനങ്ങളുടെ മൂല്യം 5 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ മാത്രമേ ഇനി പാൻ വിവരങ്ങൾ ആവശ്യമുള്ളൂ. നിലവിൽ വാഹനത്തിന്റെ വില കണക്കിലെടുക്കാതെ എല്ലാ മോട്ടോർ വാഹന വാങ്ങലുകൾക്കും പാൻ കാർഡ് നൽകണം. കുറഞ്ഞ വിലയുള്ള വാഹനങ്ങൾ, പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നവർക്ക് ഇത് ആശ്വാസമാകും.

ഹോട്ടൽ, റെസ്റ്റോറന്റ്

ഹോട്ടൽ, റെസ്റ്റോറന്റ്, ബാങ്ക്വറ്റ് ഹാൾ, കൺവെൻഷൻ സെന്റർ, ഇവന്റ് മാനേജർമാർ എന്നിവർക്ക് നൽകുന്ന പേയ്‌മെന്റുകൾ ഒരു ലക്ഷം രൂപ കടന്നാൽ മാത്രമേ പാൻ നൽകേണ്ടതുള്ളൂ. നിലവിൽ 50,000 രൂപയ്ക്ക് മുകളിലുള്ള ഹോട്ടൽ അല്ലെങ്കിൽ റെസ്റ്റോറന്റ് ബില്ലുകൾക്ക് പാൻ നൽകണമായിരുന്നു.

റിയൽ എസ്റ്റേറ്റ്

വസ്തുവകകളുടെ മൂല്യവർധന കണക്കിലെടുത്ത് റിയൽ എസ്റ്റേറ്റ് മേഖലയിലെ പരിധി കൂട്ടി. സ്ഥാവര വസ്തു വാങ്ങൽ, വില്പന, ദാനം അല്ലെങ്കിൽ ജോയിന്റ് ഡെവലപ്മെന്റ് എന്നിവയിൽ പാൻ നൽകേണ്ട പരിധി 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയായി ഉയർത്തി. ഇടപാടുകൾ സുഗമമാക്കുന്നതിന് ഇത് സഹായിക്കും.

ഇൻഷുറൻസ്

ഏപ്രിൽ മുതൽ പോളിസി എടുക്കുമ്പോൾതന്നെ പാൻ നൽകേണ്ടിവരും. നിലവിൽ വാർഷിക ലൈഫ് ഇൻഷുറൻസ് പ്രീമിയം 50,000 രൂപ കടക്കുമ്പോൾ മാത്രമാണ് പാൻ ആവശ്യമുള്ളത്. ഇൻഷുറൻസ് സേവനങ്ങൾ ആരംഭിക്കുന്ന ഘട്ടത്തിൽ തന്നെ നികുതി വിവരങ്ങൾ ശേഖരിക്കപ്പെടുന്നതിലൂടെ നിരീക്ഷണം ശക്തമാക്കുകയാണ് ലക്ഷ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!