പകര്‍ച്ച പനിയോ, ജലദോഷമോ, തളര്‍ച്ചയോ; അസ്വസ്ഥത എന്തിന്റേതെന്ന് എങ്ങനെ തിരിച്ചറിയാം?
രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ തലയ്ക്കൊക്കെ ഒരേ ഭാരം. ശരീരത്തിന് എന്തോ ഒരു മന്ദത. ആകെ മൊത്തത്തില്‍ ഒരു സുഖമില്ലായ്മ. ഇത് പനിയോ ജലദോഷമോ അതോ തളര്‍ച്ചയാണോ എന്നൊന്നും അറിയാന്‍ പറ്റാത്ത ഒരു സ്ഥിതിവിശേഷം. നമ്മളില്‍ പലരും ഈയൊരു സാഹചര്യത്തെ നിത്യജീവിതത്തില്‍ അഭിമുഖീകരിച്ചിട്ടുണ്ടാകാം. ഇവയില്‍ മൂന്നിന്റെയും ലക്ഷണങ്ങള്‍ ഏറെക്കുറേ സമാനമാണെന്നതാണ് ഈ ആശയക്കുഴപ്പത്തിന്റെ കാരണം.
ജലദോഷത്തിന് മൂക്കൊലിപ്പ്, മൂക്കടപ്പ്, തുമ്മല്‍, ചെറിയ തൊണ്ട വേദന, ചെറിയ ചുമ, നേരിയ ശരീരവേദന, മിതമായ ക്ഷീണം എന്നിവയാണ് ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ മിതമായ തോതിലും വളരെ പതിയെ പുരോഗമിക്കുന്നതുമാണ്. ഊര്‍ജ്ജക്കുറവ് തോന്നിയാലും ജലദോഷമാണെങ്കില്‍ നിങ്ങള്‍ക്ക് ദൈനംദിന പ്രവര്‍ത്തങ്ങള്‍ സാധാരണ പോലെ തുടരാന്‍ സാധിക്കും.
2. പകര്‍ച്ചപനി
പെട്ടെന്ന് വരുന്ന ഉയര്‍ന്ന ശരീരതാപനില, കടുത്ത ശരീരവേദനയും സന്ധിവേദനയും, കുളിര്, ശരീരം വിയര്‍ക്കല്‍, തലവേദന, വരണ്ട ചുമ, അത്യധികമായ ക്ഷീണം എന്നിവയെല്ലാമാണ് പനിയുടെ ലക്ഷണങ്ങള്‍. പനി വളരെ വേഗത്തില്‍ പിടിപെടും. ഇവയുടെ ലക്ഷണങ്ങള്‍ തീവ്രമായതിനാല്‍ പലര്‍ക്കും പൂര്‍ണ്ണമായ വിശ്രമം വേണ്ടി വരും. ഊര്‍ജ്ജം മൊത്തത്തില്‍ ചോര്‍ന്നു പോയത് പോലെയും അനുഭവപ്പെടാം.
3. തളര്‍ച്ച
നിരന്തരമായ ക്ഷീണം, ആവശ്യത്തിന് വിശ്രമിച്ചിട്ടും ഒരു ഊര്‍ജ്ജമില്ലായ്മ, ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥ എന്നിവയാണ് തളര്‍ച്ചയുടെ ലക്ഷണങ്ങള്‍. ഇതില്‍ ശരീര താപനിലയോ, ചുമയോ, ജലദോഷമോ ശരീരവേദനയോ ഉണ്ടാകില്ല. പനി മൂന്ന് നാളില്‍ കൂടുതല്‍ നീണ്ടാല്‍ നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. ശ്വാസം മുട്ടല്‍, നെഞ്ച് വേദന പോലുള്ള ലക്ഷണങ്ങളും അവഗണിക്കരുത്. ലക്ഷണങ്ങള്‍ ഒന്നോ രണ്ടോ ദിവസം കുറഞ്ഞിരുന്നിട്ട് വീണ്ടും വഷളാകുന്നതും ഭയക്കേണ്ട കാര്യമാണ്.
പുറത്ത് കാണുന്നതിലും കാര്യമായ എന്തോ ശരീരത്തെ അലട്ടുന്നു എന്നതിന്റെ ലക്ഷണമാണ് ഏറിയും കുറഞ്ഞുമുള്ള ഈ ലക്ഷണങ്ങള്‍. ആവശ്യത്തിന് വിശ്രമം ലഭിച്ചിട്ടും തുടര്‍ച്ചയായി രണ്ടും മൂന്നും ആഴ്ചയൊക്കെ തളര്‍ച്ച അനുഭവപ്പെടുന്ന പക്ഷവും ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടതാണ്. അതേ പോലെ കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, പ്രമേഹം, ഹൃദ്രോഗം, ആസ്മ പോലുള്ള രോഗങ്ങളുള്ളവര്‍ എന്നിവരും രോഗങ്ങള്‍ വന്നാല്‍ ഉടനെ ഡോക്ടറെ കാണേണ്ടതാണ്. ഈ വിഭാഗങ്ങളില്‍പ്പെട്ടവരെ സംബന്ധിച്ച് മിതമായ ലക്ഷണങ്ങള്‍ കൂടി വളരെ വേഗം ഗുരുതരമായി തീരാം.
